എത്ര വര്‍ഷങ്ങളായി നാം ക്രിസ്ത്യാനികളായി ജീവിക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ട് ഒരിക്കലെങ്കിലും നാം നമുക്ക് ലഭിച്ച ഭാഗ്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇത്രയും നാളത്തെ ആയുസിനിടയില്‍ അതിനെക്കുറിച്ച് എനിക്കൊരു ചിന്ത ലഭിച്ചത് അടുത്തയിടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോഴാണ്.
എല്ലാ മതവിശ്വാസികള്‍ക്കും ഓരോ ദൈവമുണ്ട്.. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. എന്നാല്‍ ക്രിസ്ത്യാനികളുടെ ദൈവം മറ്റ് ദൈവങ്ങളില്‍ നിന്ന് വ്യത്യസ്തനാണ്. സത്യദൈവവും ഏകദൈവവും അവനായതുകൊണ്ട് മാത്രമല്ല ഒരു പിതാവിന്റെ ഹൃദയവും സ്നേഹിതന്റെ തുറവിയും നമ്മുടെ ദൈവത്തിന് ഉണ്ട് എന്നതാണ് അവിടുത്തെ മാറ്റിനിര്‍ത്തുന്നതും ശ്രദ്ധേയനാക്കുന്നതും.
നമ്മുക്ക് സ്വാതന്ത്ര്യം തോന്നിക്കുന്ന, അടുപ്പം തോന്നിക്കുന്ന ഒരു ദൈവം. അതാണ് നമ്മുടെ ദൈവം. ആ ദൈവത്തിന് നമ്മള് അടിമകളല്ല.. ഉടമയുടെ അധീശത്വമനോഭാവമോ ജന്മിമാരുടെ അടിച്ചമര്‍ത്തല്‍ മനോഭാവമോ ദൈവം നമ്മോട് പ്രകടിപ്പിക്കുന്നില്ല. ചിലപ്പോള്‍ ദൈവത്തിന് നമ്മോടുള്ളത് മക്കളോടുള്ള സ്നേഹം.. മറ്റുചിലപ്പോഴാവട്ടെ തോളത്ത് കൈയിട്ട് നടക്കുന്ന സ്നേഹിതന്റെ മട്ട്..
മക്കളായതുകൊണ്ടും സ്നേഹിതരായതുകൊണ്ടും ദൈവത്തിന് നമ്മുടെ പേരു കൃത്യമായറിയാം.. നിന്നെ ഞാന്‍ പേരു ചൊല്ലി വിളിച്ചിരിക്കുന്നു..
ഒരു വ്യക്തിയുടെ പേര് നാം ഓര്‍ത്തിരിക്കുന്നത് ആ ആള് നമ്മുക്കേറെ ഹൃദിസ്ഥനായതുകൊണ്ടാണ്.. എത്ര വര്‍ഷങ്ങള്‍ക്കുശേഷവും ഏതിരുട്ടിലും വച്ച് കണ്ടുമുട്ടുമ്പോഴും നമ്മള് ആളെ പേരു ചൊല്ലിയാണ് വിളിക്കുന്നത്. സ്വന്തം അമ്മയുടെ, ഇണയുടെ, മക്കളുടെ ഒന്നും പേരുകള്‍ നാം സ്വഭാവികമായി മറന്നുപോകുന്നില്ല, സ്മൃതിഭ്രംശം സംഭവിച്ചാലല്ലാതെ..
നമ്മുടെ ദൈവത്തിന് വേര്‍തിരിവുകളില്ല. ഒരാളുടെ പദവി, സൗന്ദര്യം, സ്വഭാവം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളുടെ പേരിലാണ് നാം ഒരാളെ സ്നേഹിതനോ സഹപ്രവര്‍ത്തകനോ അയല്‍ക്കാരനോ ഒക്കെ ആയി തിരഞ്ഞെടുക്കുന്നതെങ്കില്‍ ദൈവം അത്തരം കണക്കുക്കൂട്ടലുകളെ തിരസ്ക്കരിക്കുന്നു. ആര്‍ക്കും അവിടുന്ന് പ്രാപ്യനാണ്.. ഏതൊന്നിനെയും അവിടുന്ന് സ്വീകരിക്കുന്നു.
കടല്‍ത്തീരം പോലെയുള്ള മനസ്സാണ് ദൈവത്തിന്റേത് . തീരത്ത് വന്നുനില്ക്കുന്ന ഏതിനെയും അത് ഉള്‍ക്കൊള്ളുന്നു. ചിലപ്പോഴത് വാറുപൊട്ടിയ ചെരിപ്പാകാം.. മറ്റുചിലപ്പോള്‍ ഉടഞ്ഞ പ്രതിമകളാകാം.. ഒഴിഞ്ഞ മദ്യക്കുപ്പികളാകാം..കളിവീടാകാം.. പാരാവാരത്തിന്റെ ഹൃദയത്തിലേക്കാണ് അവയോരോന്നും എത്തിച്ചേരുന്നത്. കുതറിയോടുന്നതിനെയും കൈവിരലുകള്‍ക്കിടയിലൂടെ ചോര്ന്നുപോകുന്നതിനെയും ദൈവം ചിലപ്പോള്‍ തീരത്ത് ഉപേക്ഷിച്ചേക്കാമെന്ന് മാത്രം.
എങ്കിലും വീണ്ടുംവരില്ലെന്ന് തീരുമാനമെടുത്തിട്ടൊന്നുമല്ല അപ്രകാരം ചെയ്യുന്നത്, മനസ്സ് മാറി അടുത്തതവണ അത് തന്റെ കൂടെ പോരുമെന്ന് ദൈവം വെറുതെ പ്രതീക്ഷിക്കുന്നുണ്ട്.
കാത്തിരിക്കാന്‍ സന്നദ്ധതയുള്ളവനാണ് ദൈവം. ആ കാത്തിരിപ്പിന് ഒരിക്കലും നിരാശയില്ല. വളമിട്ടും വെള്ളമൊഴിച്ചും പിന്നെയും ദൈവം കാത്തിരിക്കുന്നു.. സഹിഷ്ണുതയോടെയും അനുകമ്പയോടെയും…എത്തിച്ചേരാന്‍ വൈകുന്നവനെ പ്രാതലൊരുക്കിയും ചൂടുഭക്ഷണമൊരുക്കിയും അവിടുന്ന് കാത്തിരിക്കുന്നു. ഏതുനേരത്തും എങ്ങനെയും അവന് വരുമെന്ന് ദൈവത്തിന് ഉറപ്പുണ്ട്. ദൈവത്തിന്റെ അടുക്കലെത്താത്ത ഏതൊരുവനാണുള്ളത്? എങ്ങനെപ്പോയാലും എവിടെചെന്നാലും ദൈവമുണ്ട്. പാതാളത്തില്‍ ചെന്നൊളിച്ചാലും ആഴിക്കടിയിലും അതറിഞ്ഞതിന്റെ സന്തോഷം സങ്കീര്‍ത്തകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മടങ്ങിവരുന്നവന്റെ വിശപ്പകറ്റുകയാണ് മുഖ്യമെന്ന് ദൈവത്തിനറിയാം. കാരണം ഒരമ്മ മനസ്സ് ദൈവത്തിനുണ്ട്. കുഞ്ഞിന്റെ ആവശ്യം അറിയുന്നത് അമ്മയാണ്. അവനെന്താണ് വേണ്ടതെന്ന്.. അവന്റെ വിശപ്പ് അടങ്ങിയോ എന്ന്.. എന്താണതിന് കാരണം.. അവളും കുഞ്ഞും ഒന്നാണ്.. അവളുടെ ജീവന്റെയും ശരീരത്തിന്റെയും ഭാഗമാണത്.ദൈവത്തിന്റെ ഹൃദയത്തില്‍ പിറവിയെടുക്കുന്ന മനുഷ്യന്റെ ആവശ്യങ്ങള്‍ അവിടുത്തേക്ക് നന്നായറിയാം.
ഒരുവനെ ജീവിതത്തിന്റെ ഒരുഭാഗമായി തിരഞ്ഞെടുക്കുമ്പോള്‍ ചിലപ്പോഴെങ്കിലും നാം സ്വാര്‍ത്ഥരാകാറുണ്ട്. അവരെ നമ്മുക്കെങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും പ്രയോജനപ്പെടുത്താമെന്നും..പക്ഷേ ദൈവം അങ്ങനെയൊന്നും കരുതിയിട്ടല്ല ഓരോ തിരഞ്ഞെടുപ്പുകളും നടത്തുന്നത്. കൃത്യമായി ദൈവത്തിന് നമ്മുടെ ഉള്ളങ്ങളറിയാം.. മനോഭാവങ്ങളറിയാം..യോഗ്യതകള്‍ക്കപ്പുറം മനസ്സിന്റെ സത്യസന്ധതയെ അവിടുന്ന് മുഖവിലയ്ക്കെടുക്കുന്നുണ്ട്.
അതുകൊണ്ടാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടും അതില്‍ വീഴ്ചകള്‍ സംഭവിക്കുകയും ഇടറിപ്പോവുകയും ചെയ്തിട്ടും ദൈവം അക്ഷോഭ്യനാകുന്നത്. അവിടുത്തേക്കറിയാം നടക്കുമ്പോള്‍ കാലുകള്‍ പതറിപ്പോകുന്ന ഒരു കുഞ്ഞാണ് എത്ര മുതിര്‍ന്നവരെന്നും.
എത്ര അകലെനിന്ന് പറയുമ്പോഴും കേള്‍ക്കാന്‍ കഴിയുന്നത്ര ശ്രവണശക്തി കൂടുതലുള്ള കാതുകളാണ് ദൈവത്തിന്റേത്. വിളിക്കും മുമ്പേ അവിടുന്ന് വിളികേള്‍ക്കുന്നത് അതുകൊണ്ടാണ്. സഹായിക്കാന്‍ കഴിവുള്ള കേവലം മനുഷ്യനോട് സഹായാഭ്യര്‍ത്ഥന നടത്തിയിട്ടും എത്രയാണ് അവരത് കേട്ടില്ലെന്ന് നടിക്കുന്നത്!
ദൈവം ഒരിക്കലും കരങ്ങള്‍ കെട്ടാറില്ല. കാരണം നമ്മുടെ കണ്ണീരു തുടയ്ക്കാന്‍, ദു:ഖങ്ങളില്‍ ആശ്വസിപ്പിക്കാന്‍, ജീവിതഭാരങ്ങള്‍ ഇറക്കിവയ്ക്കാന്‍,അനുഗ്രഹിക്കാന്‍, അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ അങ്ങനെ നിരവധി സാധ്യതകളുമായി ദൈവം നമുക്ക് നേരെ എല്ലായ്പ്പോഴും കരമുയര്ത്തിയാണ് നില്‍ക്കുന്നത്.
നമ്മുടെ ദൈവത്തിന്റെ ഹൃദയം ശരീരത്തിന് വെളിയിലാണ്. കാരണം ആ ഹൃദയവും അതിലെ സ്നേഹവും കരുണയും എല്ലാവരും അറിയാന്‍ തന്നെ. കാപട്യങ്ങളില്ലാത്തതും ശുദ്ധമായതുമാണ് ആ വിചാരങ്ങളെന്ന് വ്യക്തമാക്കാന്‍ തന്നെ.
നമ്മുടെ ദൈവം ഒരു മാന്ത്രികനാണ്. കടുംചെമപ്പായ പാപനിറങ്ങള് പോലും അവിടുത്തെ കരുണയുടെ അത്ഭുതദണ്ഡ് വീശുമ്പോള്‍ അത് തൂമഞ്ഞ് പോലെ വെളുത്തതായിത്തീരുന്നു. ചെയ്തുപോയ പാപങ്ങളെ പ്രതിപോലും അവിടുന്ന് ഒരാളെയും ക്രൂശിലേറ്റുന്നില്ല. പാപികള്‍ക്ക് ആത്മനിന്ദയോ അപകര്‍ഷതയോ ഉണ്ടാകാതിരിക്കുന്നതിനായി ദൈവം അവരുടെ മുഖത്തേയ്ക്കുപോലും നോക്കുന്നില്ല. എന്നാല്‍ മറ്റൊരാളെ പാപിയാക്കിയും സ്വയം പുണ്യവാനായും ചമഞ്ഞ് പ്രത്യക്ഷപ്പെടുന്നവരുടെ പാപങ്ങളുടെ ക്രമങ്ങള്‍ കാട്ടി അവിടുന്ന് അവരെ നിരായുധരാക്കാനും മടിക്കാറില്ല.
കാഴ്ചവസ്തുക്കളിലും ബലിമൃഗങ്ങളിലും നമ്മുടെ ദൈവത്തിന് പ്രീതിയില്ല. അത്തരം ബലികളിലോ നേര്ച്ചകാഴ്ചകളിലോ അവിടുന്ന് പ്രസാദിക്കാറുമില്ല. പ്രീണിപ്പിക്കാനായി നാം നല്കുന്ന ഇവയെല്ലാം വൃഥാവിലാകുകയേയുള്ളൂ. സ്നേഹത്താലും കരുണയാലും പശ്ചാത്താപത്താലും ഉരുകിയ മനസ്സാണ് അവിടുത്തേയ്ക്ക് സ്വീകാര്യമായ ബലി.
നമ്മുടെ ദൈവം നമുക്ക് അപ്രാപ്യനല്ല. അവിടുന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ട്. ഇടത്തേക്ക് തിരിയുമ്പോള്‍ അതാണ് വഴിയെന്നും വലത്തേക്ക് തിരിയുമ്പോള്‍ അതാണ് വഴിയെന്നും പറഞ്ഞ് അവിടുന്ന് നമ്മുടെകൂടെ എത്തുന്നുണ്ട് എപ്പോഴും. എല്ലായ്പ്പോഴുമുള്ള ആ സഹവാസത്തെ കുറെക്കൂടി ഓര്‍മ്മയില്‍ കൊണ്ടുവരുവാനും ഓര്‍മ്മ നിലനിര്ത്തുവാനുമായാണ് നിത്യമായ സ്മാരകമായ ദിവ്യകാരുണ്യമായി അവിടുന്ന് മാറിയത്. അതിലൂടെ ദൈവം നമ്മുടെ അപ്പമായി മാറി. ദൈവത്തെ ഭക്ഷിക്കാന്‍ അവസരം കിട്ടിയ എത്രപേരുണ്ടിവിടെ? രുചിക്കുവാനും ഭക്ഷിക്കുവാനുമായി അപ്പമായി മാറിയ ദൈവം എളിമയുള്ളവനുമാണ്.
ഇനി പറയൂ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നന്മകള് നിറഞ്ഞവനായ ഒരു ദൈവത്തെ സ്വന്തമായി കിട്ടിയ നാം ഭാഗ്യവാന്മാരല്ലേ..എന്നിട്ടും ഈ ദൈവത്തെ സ്നേഹിക്കാന്‍, മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?
വിനായക് നിര്‍മ്മല്‍