മഴത്തുള്ളിയെ തപസ്സുചെയ്ത വേഴാമ്പൽ പോലെ, ഉദയകിരണങ്ങൾ സ്വപ്നം കണ്ട താമരച്ചെടിപോലെ, ഗുരുവിന്റെ വിളിക്കായി കാതോർത്ത ബെർത്തിമിയൂസിനോട് അവർ പറയുന്നു “ഗുരു നിന്നെ വിളിക്കുന്നു”. കേൾക്കാനുള്ളതിൽ വച്ച് ഏറ്റവും സന്തോഷകരമായ കാര്യമാണ് ബർതിമേയൂസ് കേൾക്കുന്നത്. ഉടൻതന്നെ “അവന് പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി യേശുവിന്‍െറ അടുത്തെത്തി”(മര്‍ക്കോ. 10 : 50).
ഒരു ഭിക്ഷക്കാരനെ സംബന്ധിച്ചിടത്തോളം ആ പുറങ്കുപ്പായം വളരെയധികം പ്രധാനപ്പെട്ടതാണ്. ഒന്ന് വിരിച്ചു കിടക്കാനോ, പുതച്ചുറങ്ങാനോ ഇനി ഒന്നും അവന്റെ കയ്യിലില്ല. അന്ധനായ അവന്റെ എല്ലാ വൈരൂപ്യവും അവൻ ഒളിപ്പിച്ചിരുന്നത് ആ പുറങ്കുപ്പായത്തിനടിയിൽ ആയിരുന്നു. അവന്റെ ബാക്കിയുള്ള നാണയത്തുട്ടുകളും സൂക്ഷിച്ചിരുന്നത് ആ പുറങ്കുപ്പായത്തിലാണ്. അവനു സ്വന്തമായുള്ള അവന്റെ ഏക സമ്പാദ്യമാണ് അവൻ ഉപേക്ഷിക്കുന്നത്.
നമ്മൾ പുതച്ചിരിക്കുന്ന പുറങ്കുപ്പായത്തിലേക്ക് ഒന്ന് നോക്കൂ. നമ്മെക്കുറിച്ചുള്ള എല്ലാ സത്യങ്ങളും ആ പുറങ്കുപ്പായത്തിനടിയിലുണ്ട്. എത്രയൊക്കെ മുഖംമൂടികൾ അണിഞ്ഞാലും സത്യത്തെ മറച്ചു പിടിക്കാൻ ആകുമോ? നമ്മുടെ ധിക്കാരവും, അഹന്തയും, വിദ്വേഷവും, നിരാശയും, കോപവും, നിസ്സഹായതയുമെല്ലാം ആ പുറങ്കുപ്പായത്തിനടിയിൽ ഒളിപ്പിച്ചു വച്ചിരിക്കുകകയല്ലേ? നമുക്ക് അഴിച്ചു വയ്ക്കാം. ഇനി വേണ്ട ഈ പുറങ്കുപ്പായങ്ങൾ. ഏച്ചുക്കെട്ടുകൾ ഇല്ലാതെ, അഭിനയമില്ലാതെ, കർത്താവിന്റെ മുൻപിലേക്ക് നടക്കാം.
ഇന്നെല്ലാവരും തിളങ്ങുന്ന പട്ടുകുപ്പായങ്ങളിൽ മതിമറക്കുന്നവരാകുന്നുണ്ടോ? പുറങ്കുപ്പായം ക്രിസ്തുവിനെ തേടുന്നവർക്ക് ഒരു ഭാരമാണെന്നു സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നു. അഹങ്കാരത്തിന്റെ, പ്രൗഢിയുടെ, തൊങ്ങലുകളുള്ള ആ പുറങ്കുപ്പായം ഇനി നമുക്ക് വേണ്ട. എന്നെ സൃഷ്ടിച്ചവനിൽ നിന്ന്, എന്റെ ഇന്നും ഇന്നലെയും നാളെയും അറിയുന്നവനിൽ നിന്ന് എനിക്കെന്ത് മറച്ചുപിടിക്കാനാകും??
നഗ്നനായി എന്നെ സൃഷ്ടിച്ചവന്റെ മുൻപിൽ ഞാൻ നിൽക്കേണ്ടതും നഗ്നനായിത്തന്നെ. 800 വർഷങ്ങൾക്ക് മുൻപ്, സ്വന്തം പിതാവിന് ഉടുതുണി ഉരിഞ്ഞുകൊടുത്ത്, ഇനി നീയെനിക്ക് പിതാവല്ലെന്നു പറഞ്ഞ ഫ്രാൻസീസിനെ ഓർക്കാതിരിക്കാൻ വയ്യ. ഒന്നോർക്കാം, പുറങ്കുപ്പായം എന്റെ ആവശ്യമില്ല, അത്യാവശ്യവുമല്ല. അതെനിക്ക് ഒരു അലങ്കാരം മാത്രം.
അലങ്കാരങ്ങളില്ലാത്ത ഒരു ജീവിതം ജീവിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്
ശുഭരാത്രി നേര്‍ന്ന്..
Fr. Sijo Kannampuzha OM