പരീക്ഷക്കാലം മാതാപിതാക്കളുടെ പരീക്ഷണകാലമോ?

0

“പരീക്ഷ പേടി പഴയതുപോലെ നമ്മുടെ കുട്ടികളിൽ അത്ര ഭീകരമല്ല. പക്ഷെ, പരീക്ഷ നിസംഗത എന്നൊരു പ്രശ്നം വളർന്ന് വരുന്നുണ്ടെന്ന് നിസംശയം പറയാം. നല്ല മാർക്കിന് വേണ്ടി അദ്ധ്വാനിക്കുകയാന്നും വേണ്ട, എങ്ങനെയെങ്കിലും ഒക്കെ പാസായാൽ മതി. അഡ്മിഷനും മറ്റ് കാര്യങ്ങളുമൊക്കെ മാതാപിതാക്കൾ നോക്കി കൊള്ളും എന്ന് ചിന്തിക്കുന്ന കുട്ടികളുടെ ശതമാനം വർദ്ധിച്ച് വരുന്നു” സുഹൃത്തും പരിശീലകനുമായ അരുൺ ജോസ്  തന്റെ ഫേസ്ബുക് വാളിൽ കുറിച്ച ഈ വാക്കുകളോട്  കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ആർക്കും തന്നെ വിയോജിപ്പുണ്ടാകാൻ സാധ്യതയില്ല.

കാരണം മക്കളെക്കാള്‍ മാതാപിതാക്കള്‍ക്കാണ് ഇന്ന് പരീക്ഷ ഓര്‍ത്തുള്ള ടെന്‍ഷനും സമ്മര്‍ദ്ദങ്ങളും കൂടുതല്‍. പഴയ തലമുറയിലെ മാതാപിതാക്കളില്‍ നിന്ന് എത്രയോ വ്യത്യസ്തരാണ് പുതിയ കാലത്തെ മാതാപിതാക്കള്‍. മക്കളെ ഒരു പരിധിയില്‍കൂടുതല്‍ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നവരായിരുന്നില്ല പഴയകാല മാതാപിതാക്കള്‍. പക്ഷേ ഇന്ന് അവസ്ഥ മാറി. മക്കളുടെ പരീക്ഷക്ക് ഒരു മാസത്തെ ലീവിടുത്തു കൂട്ടിരിക്കുന്ന കോളേജ് അധ്യാപികയായ ‘അമ്മ മാര്‍ പോലുമുണ്ട്. അമ്മ അടുത്തിരുന്നില്ലെങ്കില്‍ പുസ്തകം തുറക്കാത്ത മുതിര്‍ന്ന മക്കളും. അതുപോലെ ഓരോ ദിവസവും മകൻ പരീക്ഷക്കുപോകുമ്പോൾ ജലപാനം പോലും ഉപേക്ഷിച്ചു പൂജാമുറിയിൽ പ്രാർത്ഥനാ നിരതയായിരിക്കുന്ന അമ്മയും മകളുടെ എസ് എസ് എൽ സി പരീക്ഷയ്ക്കായി ഒരു മാസത്തെ ലീവിന് അപേക്ഷിച്ചിട്ടു 10  ദിവസം മാത്രം ലീവ് അനുവദിക്കപ്പെട്ടതിന്റെ സങ്കടവുമായി കഴിയുന്ന അമ്മയും പുതിയ കാഴ്ചയൊന്നുമല്ല. ഇതെല്ലാം വ്യക്തമാക്കുന്നത് പരീക്ഷ ഒരു പരീക്ഷണമായി മാറുന്നത് മാതാപിതാക്കന്മാർക്കാണെന്നതാണ് .


സമകാലിക സമൂഹത്തിൽ കുട്ടികളിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ നിസ്സംഗതയുടെ കാര്യകാരണങ്ങൾ എന്തായിരിക്കും.? അടിസ്ഥാനപരമായി ജീവിതയാഥാർഥ്യങ്ങളുടെ ചൂടും ചൂരും അറിയിക്കാതെ, ചോദിക്കും മുൻപ് വേണ്ടതിലേറെ  നൽകി  പുതിയ തലമുറയെ നിസ്സംഗരാക്കി മാറ്റുന്നതുകൊണ്ട് സംഭവിക്കുന്നതല്ലേ ഇത്?

ഓരോ മാതാവും പിതാവും ഈ ‘പരീക്ഷണകാലത്തു’ ആത്മ പരിശോധനക്ക് തയാറായിരുന്നെങ്കിൽ…

സെമിച്ചൻ ജോസഫ്

(MSW, MPhil, PhD Research Scholar in School Counseling.)