ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര് യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!(യോഹ 20 : 19)
എന്തൊക്കെ ഉണ്ടെങ്കിലും മനസ്സിന് സമാധാനം ഇല്ലെങ്കിൽ ജീവിതം വല്ലാതെ രുചി കെട്ടതാകും. സമാധാനം എന്നത് “യുദ്ധം ഇല്ലാതിരിക്കുന്ന അവസ്ഥ മാത്രമല്ല” എന്ന് ആൽബർട്ട് ഐൻസ്റ്റീൻ.
ക്രിസ്തു തന്നെയാണ് സമാധാനം എന്ന് നിർവചിക്കുകയാണ് ഇന്നത്തെ തിരുവചനം. ലളിതമായി പറഞ്ഞാൽ ദൈവം പടിയിറങ്ങുന്നിടത്ത് ജീവിതത്തിന്റെ രുചിയും നിറവും കെട്ടുതുടങ്ങും.. നേരെ തിരിച്ചും, ഒന്നോർത്തുനോക്കിയാൽ തമ്പുരാൻ ഉള്ളിടത്ത് ഏത് ഇല്ലായ്മയിലും ഒരു തൃപ്തിയാണെന്ന് അല്ലേ നമ്മുടെയൊക്കെ ജീവിതപാഠങ്ങൾ .. എഫേ. 2,14 ഉം കൂട്ടിവായിക്കണം.
സുഹൃത്തേ, വിശ്വസിയാവുക എന്നത് ഒരു തന്റേടമാണ്. കട്ടവിശ്വാസിയാവുക എന്നത് ഒരു സാഹസികതയും..
എഴുതിയത് പെന്തക്കോസ്ത്കാരാണെങ്കിലും ഞാൻ ദിവ്യകാരുണ്യം ഉയർത്തിവച്ച് ഏറ്റവുമധികം പാടിയിട്ടുള്ളത് ഇതാണ്, “നീ മാത്രം മതി .. നീ മാത്രം മതി.. നീ മാത്രം മതി എനിക്ക്..”
കൃപ നിറഞ്ഞ ഒരു ദിവസം സ്നേഹപൂർവം…
ഫാ. അജോ രാമച്ചനാട്ട്