പുണ്യഭൂമിയിലൂടെ ഒരു തീർത്ഥാടനം

0

 ദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. ആ വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചത് ഇസ്രായേലിന്റെ മണ്ണിലാണ്.

ഏക ദൈവത്തിൽ വിശ്വസിക്കുന്ന യഹൂദ മുസ്ലീം ക്രിസ്ത്യൻ മതങ്ങളുടെ സംഗമഭൂമിയാണിവിടം. ലോക ജനസംഖ്യയിൽ അറുപതു ശതമാനത്തിലധികം വരുന്ന വിശ്വാസികൾ ഈ പ്രദേശത്തെ വിശുദ്ധ ഭൂമിയായി കണക്കാക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്റെയും മറ്റനേകം പ്രവാചകന്മാരുടെയും വിശുദ്ധരുടെയും പാദസ്പർശനമേറ്റ് പുണ്യപ്പെട്ടതാണ് ഇവിടുത്തെ ഓരോ മണൽത്തരികളും . ഇവിടുത്തെ മലകളിലും മരുഭൂമികളിലുമാണ് ദൈവം മനുഷ്യർക്കു മുന്നിൽ പലവട്ടം പ്രത്യക്ഷപ്പെട്ടത്. ലോകപാപങ്ങളുടെ പൊറുതിക്കായി തന്റെ പ്രിയ പുത്രനെ ഭൂമിയിലേക്കയക്കുവാൻ തീരുമാനിച്ചപ്പോൾ അതിന് ഏറ്റവും യോഗ്യമായി കണ്ട് തിരഞ്ഞെടുത്തതും ഈ വിശുദ്ധ ഭൂമിയെ ആയിരുന്നു.

ദൈവത്തിനേറ്റവും പ്രിയപ്പെട്ട ഈ മണ്ണിലൂടെ നമുക്ക് യാത്ര നടത്താം. യേശു നാഥന്റ പുണ്യനാട്ടിലേക്ക് ചിരസ്മരണകൾ ഉയർത്തുന്ന ഒരു നല്ല ഓർമ്മകൾക്കായ്. ഇത്‌ വെറുമൊരു യാത്രയല്ല. പാപ ഭാരങ്ങളെല്ലാം ചുമടിറക്കുവാനുള്ള തീർത്ഥാടനമാണ് .  ഈ പുണ്യഭൂമിയെ കുറിച്ച് വായിച്ചറിയുമ്പോൾ അതെല്ലാം നമ്മുടെ സ്വർഗ്ഗീയ യാത്രയിലേക്കുള്ള ചുവടുവയ്പുകളായി മാറും. പ്രാർത്ഥനകൾ  കൊണ്ട് നിറഞ്ഞ മനസും ഹൃദയവുമായി സഹസ്രാബ്ദങ്ങളുടെ പിന്നിലേക്ക് ഒരു തീർത്ഥയാത്ര.   
ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏതൊരു ക്രിസ്ത്യാനിയും കൊതിക്കുന്ന ഒരു തീർത്ഥയാത്രയാണിത്. രക്ഷകന്റെ പാത സ്പർശനമേറ്റ നാട്ടിലൂടെ ഒരു യാത്ര… പലർക്കം ആ യാത്ര സ്വപ്നമായി അവശേഷിക്കുന്നു. അവർക്കായി  ഒരു വിശുദ്ധനാട് യാത്രാവിവരണക്കുറിപ്പ് തുടങ്ങുകയാണ്. 

ഇസ്രായേൽ ജറുസലേം,നസറത്ത്, ബത്ലഹേം എന്നീ പേരുകൾ കേള്‍ക്കുന്പോള്‍ ചെറുപ്രായത്തില്‍ കരുതിയിരുന്നത് അവയെല്ലാം ഏതോ സ്വർഗ്ഗീയ പ്രദേശങ്ങള്‍ എന്നായിരുന്നു. എന്നാൽ ഇന്ന് ആ പുണ്യസ്ഥലങ്ങളെല്ലാം കൺകുളിർക്കെ കാണുവാനും പുണ്യ മണ്ണിലൂടെ നടക്കുവാനും സാധിച്ചു.

ഈ യാത്രയിൽ ഏഷ്യ- ആഫ്രിക്ക വൻകരകളിലെ നാല് രാജ്യങ്ങളിൽക്കൂടി നാം യാത്ര ചെയ്യേണ്ടതുണ്ട്. ജോർദാൻ, ഇസ്രായയേൽ, പലസ്‌തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണത്. കൂടാതെ ഈജിപ്തിലെ സീനായ് മരുഭൂമിയും സൂയസ് കനാൽ വരെയുള്ള ഭാഗങ്ങളും ഏഷ്യയിലും സൂയസ്സിന്റെ മറുകര തലസ്ഥാനമായ കെയ്റോയും ആഫ്രിക്കയിലുമാണ്. 

നാം ആദ്യം പോകുന്നത് ജോർദാന്റെ തലസ്ഥാനമായ അമ്മാനിലേക്കാണ്. ബാംഗ്ലൂരിൽ നിന്നാരംഭിച്ച യാത്ര അവസാനിക്കാറായി. നിറമുള്ള മേഘങ്ങൾക്കിടയിൽ നിന്നും വിമാനം ചാഞ്ഞിറങ്ങി. ഏറെനാളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം ഇതാ യാഥാർഥ്യമാകാൻ പോകുന്നു. കണ്ണടച്ചു പ്രാർത്ഥനയോടെ നിമിഷങ്ങളെണ്ണി കാത്തിരുന്നു. ഒരു മുഴക്കത്തോടെ വിമാനം അമ്മാനിലെ ക്യൂൻ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലംതൊട്ട് മുന്നോട്ട് കുതിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയപ്പോൾ ഉണ്ടായ പോലുള്ള ആശചര്യവും അത്ഭുതവുമായിരുന്നു എനിക്ക്  ആ പുണ്യ ഭൂമിയിലേക്കുള്ള കാൽവെപ്പ്. 

ശാലോം ഫാ. അനീഷ്

ഒരാൾ വന്ന് ആലിംഗനം ചെയ്ത് സ്വീകരിച്ചു.  (തുടരും…)

ഫാ. അനീഷ് കരിമാലൂര്‍ O.Praem