ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷന്‍ നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കിലും പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശാനുസരണം ഏതാനും കുട്ടികളെ കൗണ്‍സലിംങ് ചെയ്യേണ്ടതായും വന്നു. കാരണം അടുത്തയിടെ കോളജ് കാന്പസില് നടന്ന വിദ്യാര്ത്ഥിസംഘടനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അത്. ഫ്രഷേഴ്സ് ഡേയുമായി ബന്ധപ്പെട്ടു രണ്ടു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ഉടലെടുത്ത വാക്ക് തർക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ഇരുപത് കുട്ടികൾക്ക് പരിക്ക് പറ്റുകയും ഒൻപതു പേർക്കെതിരെ പോലീസ് കേസ് ഉണ്ടാവുകയും ചെയ്തിരുന്നു. സെക്യൂരിറ്റിയുടെയും സിസിടിവി ക്യാമറകളുടെയും കണ്ണ് വെട്ടിച്ചു ക്യാമ്പസിനകത്തു ലഹരി വസ്തുക്കൾ എത്തിയതായിരുന്നു സംഘടനത്തിന്റെ അടിസ്ഥാനകാരണം. ഈ സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിച്ച ചില വിദ്യാര്‍ത്ഥികളെ കൗണ്‍സലിംങ് നടത്തേണ്ടതായി വന്നത്.
കൗമാരത്തിന്റെ ചുറുചുറുക്കും ആവേശവും കൈമുതലാക്കിയ അവരോരോരുത്തരും വ്യത്യസ്തമായ പ്രശ്നങ്ങളുടെ നടുവിലൂടെ കടന്നു പോകുന്നവരായിരുന്നു. രണ്ടു മൂന്ന് പേരോട് സംസാരിച്ചപ്പോൾ തന്നെ ലഹരി ക്യാമ്പസിലെത്തുന്ന വഴി തെളിഞ്ഞു വന്നു. ഏതാനും കിലോമീറ്റർ ദൂരെയുള്ള സർക്കാർ മദ്യവില്പന ശാലയിൽ നിന്നും ഒരു കുപ്പി മദ്യം വാങ്ങി കൊടുത്താൽ ക്യാമ്പസിനു പുറത്തുള്ള ചിലർ നൂറു രൂപ കമ്മീഷൻ തരുമത്രെ.ചിലപ്പോൾ സഹപാഠികളും തങ്ങളുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട് എന്ന് പറയുമ്പോൾ അവർ ഉള്ളിൽ ചിരിക്കുകയായിരുന്നോ ? .
ഈ വഴിക്ക് ആഴ്ചയിൽ 2000 മുതൽ 5000 രൂപവരെ നേടുന്നവര്‍ ഉണ്ടെന്ന അറിവ് തീർച്ചയായും ഞെട്ടിച്ചു. കൂട്ടുകാരോടൊപ്പം അടിച്ചു പൊളിക്കാനും മൊബൈൽ മാറ്റി വാങ്ങാനും അതാവശ്യം ചുറ്റിക്കളികൾക്കുമൊക്കെ വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ മാഷെ എന്ന ഒരുത്തന്റെ ചോദ്യം പുതിയ തലമുറയുടെ മൂല്യബോധത്തിന്റെ നേര്‍കാഴ്ചയായി എനിക്ക് തോന്നി.
ഇനി പറയാനുള്ളത് മാതാപിതാക്കളോടാണ്. ബിരുദ പഠനകാലങ്ങളില്‍ പാർട്ട് ടൈം ജോലികൾ നമ്മുടെ കുട്ടികൾ ചെയ്യുന്നതിൽ തെറ്റില്ല എന്ന് മാത്രമല്ല അത് പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. എന്നാൽ അവർ എന്ത് ജോലിയാണ് ചെയ്യുന്നതെന്നും, എവിടെയൊക്കെയാണ് പോകുന്നത് എന്ന് മനസ്സിലാക്കുകയും സൗഹാർദ്ദപരമായ ഇടപെടലിലൂടെ അവര്‍ നന്മയുടെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തുകയും വേണം
അല്ലാതെ എന്റെ മകൻ /മകൾ തെറ്റെന്നും ചെയ്യില്ല എന്ന പതിവ് പല്ലവിയുമായിരുന്നാൽ ഭാവിയിൽ പ്രിൻസിപ്പൽ ഓഫീസിന്റെ വരാന്തയിലും പോലീസ് സ്റ്റേഷനിലും ഒക്കെ കയറിയിറങ്ങി കഷ്ടപ്പെടേണ്ടി വന്നേക്കാം.
സെമിച്ചൻ ജോസഫ്
(MSW, MPhil, PhD Research Scholar in School Counseling.)