പ്രാര്‍ത്ഥനയെന്നത് ദൈവവുമായുള്ള വ്യക്തിപരമായ അടുപ്പവും സ്നേഹവുമാണ്. അവിടുത്തോട് നാം അടുപ്പം സ്ഥാപിക്കുകയാണ് ഓരോ പ്രാര്‍ത്ഥനയിലൂടെയും ചെയ്യുന്നത്. ഏതൊരു ബന്ധം വളരുന്നതിനും ഫലം തരുന്നതിനും പ്രായോഗികമായ ചില ഘടകങ്ങള്‍ കൂടി ആവശ്യമാണ്. ദൈവവുമായുള്ള ബന്ധത്തിനും അത് ബാധകമാണ്. അവ എന്താണെന്ന്് അറിയുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും പ്രാര്‍ത്ഥന ഫലദായകമാകുന്നതിന് ഏറെ ഗുണം ചെയ്യും. ഏതൊരു പ്രാര്‍ത്ഥനയും ഫലദായകമാകുന്നതിന് താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
നന്ദി പറഞ്ഞും ആദരവു കൊടുത്തും പ്രാര്‍ത്ഥിക്കുക
എല്ലാകാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കണമെന്നത് ദൈവഹിതമാണ്. അതുകൊണ്ട് ദൈവം നാളിതുവരെ നമുക്ക് നല്കിയ എല്ലാകാര്യത്തിനും നന്ദിപറഞ്ഞ് പ്രാര്‍ത്ഥിക്കുക. അതുപോലെ ദൈവത്തിന് മതിയായ സ്ഥാനവും ആദരവും കൊടുക്കണം.
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കണം
ശിഷ്യന്മാരുടെ വിശ്വാസക്കുറവിനെ ശാസിക്കുന്ന ക്രിസ്തുവിനെ നാം ബൈബിളില്‍ കാണുന്നുണ്ട്. മലകളെ മാറ്റാന്‍ കഴിയുന്ന വിധത്തിലുള്ള വിശ്വാസത്തോടെയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. അത്തരം പ്രാര്‍ത്ഥനകള്‍ നമ്മെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുകയും നമ്മുടെ ആവശ്യങ്ങള്‍ സാധിച്ചുകിട്ടാന്‍ ഏറെ സഹായകരമാകുകയും ചെയ്യും.
ക്ഷമിക്കുക
മറ്റുള്ളവരോട് ക്ഷമിച്ചുവേണം പ്രാര്‍ത്ഥിക്കേണ്ടത്. ക്ഷമിക്കാതെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം തരുമെന്ന് പ്രതീക്ഷിക്കരുത്്.
ആത്മീയമായ സൗഖ്യം തേടി പ്രാര്‍ത്ഥിക്കണം
വിശുദ്ധിക്കുവേണ്ടിയുള്ള ആഗ്രഹത്തോടെ പ്രാര്‍ത്ഥിക്കണം. കുമ്പസാരിച്ചും ഉപവാസമെടുത്തും പ്രാര്‍ത്ഥിക്കണം. ആത്മീയമായി സൗഖ്യംകിട്ടിയവര്ക്ക്് വൈകാരികമായും ശാരീരികമായും സൗഖ്യം ലഭിക്കും.
കാരുണ്യപ്രവൃത്തികള്‍ ചെയ്യുക
മറ്റുള്ളവരോട് കരുണകാണിച്ചും അവരെ സഹായിച്ചും പ്രാര്‍ത്ഥിക്കുക. കാരുണ്യപ്രവൃത്തികള്‍ക്ക് ദൈവത്തിന്റെ ഇഷ്ടം നേടിയെടുക്കാനുള്ള വലിയ കഴിവുണ്ട്.
മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക
സ്വാര്‍ത്ഥത വെടിഞ്ഞ് പ്രാര്‍ത്ഥിക്കുക. എന്റെ ആവശ്യങ്ങള്‍ പോലെയാണ് മറ്റുള്ളവരുടെയും ആവശ്യം എന്ന് മനസ്സിലാക്കി നിസ്വാര്‍ത്ഥമായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അപ്പോള്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനയും കേള്‍ക്കും
ബൈബിള്‍ നിത്യവും വായിക്കുക
ദൈവത്തിന്റെ സ്വരം കേള്‍ക്കാനും ഉപദേശം കേള്‍ക്കാനും എളുപ്പം സാധിക്കുന്ന വഴിയാണ് നിത്യവുമുള്ള ബൈബിള്‍ വായന. ബൈബിള്‍ വായനയിലൂടെ ദൈവം നമ്മോട് സംസാരിക്കും. നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കും.
അവന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക, ഇഷ്ടമനുസരിച്ചും
പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചായിരിക്കണം. അവിടുത്തെ ഹിതത്തിന് ചേര്‍ന്നതുമായിരിക്കണം. പ്രാര്‍ഥിക്കുന്ന എല്ലാകാര്യങ്ങളും നിവര്‍ത്തിക്കപ്പെടാതെ പോകുന്നത് അവിടുത്തെ ഇഷ്ടത്തിന് അനുസരിച്ച് പ്രാര്ത്ഥിക്കാത്തതുകൊണ്ടാണ്. അതുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവേഷ്ടമനുസരിച്ചും അവിടുത്തെ ഹിതം അനുസരിച്ചും ്പ്രാര്ത്ഥിക്കാന് മറക്കരുത്. നമ്മുടെ നന്മയ്ക്കുവേണ്ടിയുള്ളതു മാത്രമേ ദൈവം സാധിച്ചുതരൂ എന്ന് മറക്കരുത്. അതുകൊണ്ട് ചോദിച്ചിട്ട് കിട്ടാതെ പോയതിനെപ്രതി ദൈവത്തോട് ഒട്ടും വേണ്ട പരിഭവങ്ങള്‍.