ദൈവത്തോട് ഹൃദയത്തില്‍ നിന്ന് സംസാരിക്കുക: മാര്‍പാപ്പ

0

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥിക്കുമ്പോള്‍ അത് ഹൃദയത്തില്‍ നിന്നായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതുവര്‍ഷത്തിലെ ആദ്യത്തെ പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല ക്രൈസ്തവരുടെയും വിചാരം പ്രാര്‍ത്ഥനയെന്നാല്‍ തത്തയെപോലെ സംസാരിക്കുക എന്നതാണ്. പ്രാര്‍ത്ഥനയെന്നാല്‍ ഹൃദയത്തില്‍ നിന്നുണ്ടാവേണ്ടതാണ്. ഉള്ളില്‍ നിന്നുണ്ടാവേണ്ടതാണ്. ദൈവത്തിന് നമ്മില്‍ നിന്നും ഒന്നും ആവശ്യമില്ല. എന്നാല്‍ പ്രാര്‍ത്ഥനയിലൂടെ നമ്മില്‍ നിന്ന് അവിടുന്ന് ആഗ്രഹിക്കുന്നത് നാം തുറന്ന മനസ്സുള്ളവരാകണം എന്നാണ്.

കാരണം അവിടുന്ന് നമ്മെ ഒരുപാട് സ്‌നേഹിക്കുന്നു. നാം അവിടുത്തെ പ്രിയ മക്കളാണ്. രണ്ടുതരം ആളുകളില്‍ നിന്ന് അകന്നു നില്ക്കണം എന്നും ഈശോ നമ്മെ പഠിപ്പിക്കുന്നു. കാപട്യക്കാരില്‍ നിന്നും അപവാദപ്രചാരകരില്‍ നിന്നും. ചിലരുണ്ട് ദേവാലയത്തില്‍ സ്ഥിരമായി പോകുന്നവര്‍. പക്ഷേ മറ്റുള്ളവരെക്കുറിച്ച് കുറ്റം പറഞ്ഞായിരിക്കും ആ യാത്രകള്‍. ഇത് അപവാദപ്രചരണം തന്നെയാണ്.

ക്രൈസ്തവര്‍ എതിര്‍സാക്ഷ്യം നല്കരുത്. അതിവാചാലമായി പ്രാര്‍ത്ഥിക്കുന്നവരുടെ വിചാരം ദൈവം തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നാണ്. സ്വന്തം മനസ്സാക്ഷിയില്‍ നിന്ന് ദൈവത്തോട് സംസാരിക്കുക. തീവ്രമായി തുടര്‍ച്ചയായി ദൈവത്തോട് സംസാരിക്കുക, നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മുറിയിലേക്ക് പോയി വാതിലടച്ച് രഹസ്യമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ആരെയും കാണിക്കാനായി പ്രാര്‍ത്ഥിക്കരുത്. നല്ല ഹൃദയമുള്ള ഒരു വ്യക്തിക്ക് ദൈവത്തിന്റെ ഓരോ വാക്കും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.

നാംദൈവത്തിന്റെ മക്കളായതുകൊണ്ട് നാം എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പുതന്നെ അവിടുന്ന് നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.