ഒരുക്കം

0

ഒരുങ്ങണം എന്നു ആധ്യാത്മിക പിതാവ്  പറഞ്ഞപ്പോൾ മുതൽ ഉള്ളിൽ നിറയുന്ന ഒരു ചോദ്യം ആണ് എങ്ങനെ അതു നടക്കും എന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിലേക്കു അടുക്കുമ്പോൾ ഉള്ളിൽ പേടിയില്ല എന്ന് പറഞ്ഞാൽ അത് കള്ളം. എന്തിനു പേടിക്കണം എന്ന ചോദ്യം ചോദിച്ചാൽ അത് അങ്ങനെ ആണ് എന്ന് സമ്മതിക്കേണ്ടി വരും എനിക്ക്.

പൗരോഹിത്യ ജീവിതത്തിന്‍റെ ഏറ്റവും അടുത്ത പടിയിലേക്കു അടുക്കുമ്പോൾ മനസിലൂടെ കുറെ ചോദ്യങ്ങൾ മിന്നി മറയുന്നുണ്ട്. എല്ലാറ്റിനും ഉത്തരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ഇതിനും ഉത്തരo. പക്ഷെ എന്നും കേട്ടതും അനുഭവിച്ചതുമായ ഒരു ഉത്തരം എല്ലാറ്റിനും ചേർത്ത് വക്കാം . “എന്‍റെ ബലഹീനതകളിൽ ആണ് സൃഷ്ടാവിന്‍റെ ശക്തി പ്രകടമാകുന്നത് എന്ന് “. 

സ്നേഹത്തോടെയുള്ള മുതിർന്ന ചില പുരോഹിതരുടെ വാക്കുകൾക്ക് മൂർച്ച ഏറെയാണ്. കാരണം അവരെല്ലാം കടന്നു വന്ന വഴിയിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണ്  സംസാരിച്ചത്. അവർ പലരും പ്രവാചകർ ആണോ എന്ന് പോലും തോന്നി പോയിട്ടുണ്ട്. ഇതു പറയാൻ കാരണം ഉണ്ട്. അവർ പറഞ്ഞു വച്ച പലതും ഇന്ന് യാഥാർഥ്യങ്ങൾ ആയി കാണുമ്പോൾ ആണ് ഉള്ളിൽ അല്പം പേടി കടന്നത് .

ഈ പേടികൾ എനിക്ക് മാത്രം എന്ന് കരുതിയപ്പോൾ  കൂടെയുള്ളവരുമായുള്ള സംസാരത്തിൽ അറിഞ്ഞു , ഇത് എല്ലാവരുടെയും ഉള്ളിലൂടെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ കടന്നു  പോകുന്നുണ്ട് എന്ന്. അയർലണ്ടിൽ നിന്നുള്ള ഒരു വൈദികന്‍റെ ഇന്‍റര്‍വ്യൂ കണ്ടപ്പോൾ അതിൽ അദ്ദേഹം ഇപ്രകാരം പറയുന്നത് കേട്ടു,

ഞാൻ ഭാവിയിലെ ക്രിസ്ത്യാനിറ്റിയെ പറ്റി ആകുലപ്പെടുന്നില്ല. ഭാവിയിൽ സഭ എങ്ങനെ ആകും എന്നതിനെ പറ്റിയും എനിക്ക് പേടിയില്ല. ഞാൻ എന്നും എന്‍റെ ജീവിതത്തെ ക്രിസ്തുവിനോട് എത്ര മാത്രം ചേർത്ത് വക്കാൻ പറ്റുമോ എന്നതിനെ പറ്റി ആകുലപ്പെടുന്നു, പരിശ്രമിക്കുന്നു.കാരണം സഭ സ്ഥാപിച്ചവനു അതിനെ മുന്നോട്ടു കൊണ്ടു  പോകേണ്ടത് എങ്ങനെ എന്ന് നന്നായി അറിയാം. തീർച്ചയായും അതു കടന്നു പോകുന്നത് കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ആയിരിക്കും എന്ന് ഉറപ്പാണ്. അതെന്തുകൊണ്ട് എന്ന് ചോദിച്ചാൽ അവൻ നടന്നത് പട്ടു വിരിച്ച വഴിയിലൂടെ അല്ലെന്നതായിരിക്കാം അതിനുത്തരം.  അതിൻ്റെ പേരിൽ ഞാൻ ആകുലപ്പെടുന്നതിലും നല്ലതു എൻെറ ജീവിതം ക്രിസ്തുവിനോട് എന്ത് മാത്രം അടുത്തിരിക്കുന്നു എന്നതിനെ പറ്റി ആകുലപ്പെടുന്നതാണ്.” 

 ഒരു പക്ഷെ ഈ വാചകങ്ങളോട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർ ഉണ്ടാകും എന്ന് സമ്മതിക്കുന്നു. അതിലുപരി അദ്ദേഹം പറഞ്ഞതിലെ ആന്തരാർത്ഥങ്ങൾ വായിച്ചെടുക്കാൻ നോക്കുമ്പോൾ ഒരുക്കങ്ങൾ എന്തു മാത്രം വേണം എന്ന് ഞാൻ സ്വയം പരിശോധിക്കുകയാണ്.

പത്രോസേ നീ പാറയാകുന്നു, ഈ പാറയിൽ ഞാൻ എൻ്റെ ഭവനം പണിയും, അതിനെതിരെ ഒരു ശക്തിയും പ്രബലപ്പെടില്ല എന്നു ക്രിസ്തു പറഞ്ഞു വക്കുമ്പോൾ പിന്നെന്തിനു ഭയപ്പെടണം.അവന്‍റെ പിന്നാലെ പോയാൽ വഴി എളുപ്പം ആകില്ല എന്ന് അറിഞ്ഞു തന്നെ ആകണം ഈ ജീവിതത്തിലേക്ക് ഓരോ സമർപ്പിതരും  കടന്നു വരുന്നത്.

ഓരോ സമർപ്പിതരുടെയും വീഴ്ചകൾ ആഘോഷങ്ങൾ ആയി മാറുന്ന ഈ കാലഘട്ടത്തിൽ വേണ്ടതു ഒരുക്കം തന്നെയാണ്. ഒരോ വീഴ്ചയിലെയും ആഘോഷങ്ങൾ കെട്ടടങ്ങുന്നതു പുതിയ പല മേഖലകളിലേക്കും  ഉന്നം വച്ച് കൊണ്ടാണ്. ഇത്തരത്തിലുള്ള ഒരോ ആഘോഷങ്ങളുടെയും അവസാനമെങ്കിലും, നിൽക്കുന്നവൻ  വീഴാതിരിക്കാൻ പരിശ്രമിക്കട്ടെ എന്ന വചനത്തോടൊപ്പം, എന്‍റെ കൈകൾ  ഒരല്പമെങ്ങിലും തമ്പുരാനേ … എന്ന നെടുവീർപ്പോടെ സമർപ്പിതർക്കായി ഉയരട്ടെ…                                                                                                                                                

 ഫ്രിജോ തറയിൽ