മുടിയുടെ വില

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36)  ധ്യാനം -8

തലമുടി ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ സൗന്ദര്യത്തിന്റെ ഒരു പ്രധാനഘടകമായി കരുതപ്പെടുന്നു. കാർകൂന്തലിനെ വർണ്ണിക്കുന്ന എത്രയോ അധികം സാഹിത്യരചനകൾ നമ്മൾ വായിച്ചിരിക്കുന്നു. ഇന്ന് പാപിനിയായ സ്ത്രീ കണ്ണീരുകൊണ്ടു പാദങ്ങൾ കഴുകിയതിനുശേഷം തലമുടികൊണ്ടു തുടക്കുന്നതായി നാം ധ്യാനിക്കുന്നു.
ആ നീണ്ടു കിടന്ന, അഴകുള്ള, കറുത്ത തലമുടി അന്നുവരെ അവളുടെ സൗന്ദര്യത്തിന്റെ ഭാഗമായിരുന്നു. ഒത്തിരി ശ്രദ്ധ നൽകിയായിരുന്നു അവളത് പരിചരിച്ചിരുന്നത്. ദിവസത്തിന്റെ നല്ലൊരുസമയം മുടിക്കുവേണ്ടി അവൾ ചിലവഴിച്ചിട്ടുണ്ടാകാം. പലപ്പോഴും ആ മുടിയുടെ സൗന്ദര്യം ആസ്വദിച്ചു സ്വയം സുന്ദരിയാണെന്നു അവൾ അഭിമാനിച്ചിട്ടുണ്ടാകാം. 

ഇന്നുവരെ അവൾ വലുതായി കരുതിയ, പ്രത്യേകമായി പരിപാലിച്ച മുടി, ഇന്നവൾ വെറുമൊരു തുണിക്കഷണത്തിനു സമാനമാക്കിയിരിക്കുന്നു. ഗുരുവിന്റെ കാലുകളിൽ വീണ കണ്ണീരൊപ്പുവാൻ അവൾ മുടിയാണ് ഉപയോഗിക്കുന്നത്. അന്നുവരെ അവളുടെ സൗന്ദര്യത്തിന്റെ പ്രതീകമായത്, ഇന്ന് വെറും വിലയില്ലാത്ത ഒരു കഷ്ണം തുണിപോലെയായി മാറിയിരിക്കുന്നു.

ഇതുവരെ മുടിക്കുനല്കിയ പരിചരണവും ശ്രദ്ധയും അവൾ ഗൗനിക്കുന്നില്ല. എന്തിനാണ് വില നൽകേണ്ടതെന്നു അവൾ പഠിച്ചു കഴിഞ്ഞു. ബാഹ്യമോടികളല്ല, നന്മനിറഞ്ഞ ഒരു ജീവിതമാണ് ഉദാത്തമെന്നു അവൾ തിരിച്ചറിയുന്നു.

നാം വില കൊടുക്കുന്നവയെല്ലാം ആ വില അർഹിക്കുന്നുണ്ടോ? നമ്മുടെ ഊർജ്ജവും സമയവും ആരോഗ്യവുമെല്ലാം അതർഹിക്കുന്നവർക്കാണോ നല്കപ്പെടുന്നത്? ചിന്തിക്കാം.

ശുഭരാത്രി

🖋

️Fr Sijo Kannampuzha OM