വിലയിടുന്നവന്‍

0

ബർതിമേയൂസ് എത്രയോ നാളുകളായി ജറീക്കോയുടെ ആ ഉൾവഴിയിൽ ഭിക്ഷ യാചിച്ചിരിക്കുന്നു? അന്നന്ന് വയർ നിറയ്ക്കണം എന്നല്ലാതെ വലിയ മോഹങ്ങളൊന്നും അവനു സ്വന്തമായിട്ടുണ്ടായിരുന്നില്ല. ആ ആഗ്രഹം തന്നെ പലപ്പോഴും നിറവേറുന്നുമുണ്ടായിരുന്നില്ല. ഒത്തിരി പേരെ സൗഖ്യപ്പെടുത്തിയ, ദാവീദിൻ്റെ പുത്രനായ ഈശോ ആ വഴിയിലൂടെ മുൻപും കടന്നുപോയിട്ടുണ്ടാകാം.

പക്ഷേ അന്നത് യേശുവാണെന്നു അന്ധനായ അവന് ആരും പറഞ്ഞു കൊടുത്തു കാണില്ല. ആ വഴിയിലൂടെ പ്രമുഖരായ പലരും കടന്നുപോയിട്ടുണ്ട്. പക്ഷേ രണ്ടു നാണയത്തുട്ടുകൾ കൂടുതൽ നല്കിയിട്ടുണ്ടാകാം എന്നല്ലാതെ അതിലും വലിയ പ്രത്യേകതകളൊന്നും അതുവരെ സംഭവിച്ചിട്ടില്ല.

പക്ഷേ ഇന്ന് കടന്നുപോകുന്നത് താൻ ഇന്നുവരെ കാണാൻ കാത്തിരുന്ന ഈശോയാണ്. ഈ അവസരം നഷ്ടപ്പെടുത്തിയാൽ ഇനി ഗുരുവിൻ്റെ അടുത്തെത്താൻ ഇനി സാധിച്ചെന്നുവരില്ല. അതുകൊണ്ട് ബർതിമേയൂസ് നിശ്ശബ്ദനാകാൻ ആവശ്യപ്പെട്ടവരുടെ വാക്കുകൾ മുഖവിലക്കെടുക്കുന്നില്ല. അവൻ വളരെ ഉറക്കെ, യേശുവിനെ പിടിച്ചുനിറുത്തുമാറ് നിലവിളിക്കുന്നു. ‘ദാവീദിൻ്റെ പുത്രാ, എന്നിൽ കനിയേണമേ’. യേശു നിൽക്കുന്നു. അവരോട് പറയുന്നു. ‘അവനെ വിളിക്കുക;.

എത്രയോ അധികം പ്രമാണികളും ഗുരുക്കന്മാരും ആ വഴിയേ കടന്നുപോയി. പക്ഷെ ആരും ഇതുവരെ ബർതിമേയൂസിനെ ശ്രദ്ധിച്ചിട്ടില്ല. ഒരു പക്ഷേ കണ്ടിട്ടുപോലുമുണ്ടാകില്ല. ആരും ഇതുവരെ അടുത്തേക്ക് വിളിച്ചിട്ടില്ല. ഇതാ ആദ്യമായി ഒരാൾ അവനെ സ്നേഹത്തോടെ അടുത്തേക്ക് വിളിക്കുന്നു. അവനൊഴുക്കിയ കണ്ണീരിനും അവൻ കണ്ട സ്വപ്നങ്ങൾക്കും അവൻ്റെ പ്രതീക്ഷകൾക്കും യേശു ജീവൻ നൽകുന്നു. അവനെ പരിഗണിക്കുന്നു.

അവന് ‘വില’ നൽകുന്നു. ഇതുവരെ അവനാണ് എല്ലാവർക്കും വില നൽകിയത്. ഇന്നിതാ ആദ്യമായി ഒരാൾ അവന് വില നൽകുന്നു.
എൻ്റെ വഴികളിൽ എൻ്റെ പരിഗണയ്ക്കായി, കാരുണ്യത്തിനായി, എൻ്റെ സാമീപ്യത്തിനായി ഞാനൊന്ന് വിളിക്കാനായി, എത്ര ബർത്തിമേയൂസ് പ്രതീക്ഷകളോടെ കാത്തിരിക്കുന്നുണ്ടാകും ? അവർക്ക് യേശുവാകാൻ ഇന്നെനിക്കു കഴിയട്ടെ..

ശുഭരാത്രി

Fr. Sijo Kannampuzha OM