പുരോഹിതൻ

0

ക്രിസ്‌തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ? (ലൂക്കാ 24 : 26)

88 ആം ജന്മദിനം ആഘോഷിക്കുന്നതിനു ഏതാനും ദിവസം മുൻപ് ഫ്രാൻസീസ് പാപ്പ കർദ്ദിനാൾ പദവിയിലേക്കുയർത്തിയ വ്യക്തിയാണ് അൽബേനിയയിലെ ഏർണെസ്റ്റ് സിമോണി എന്ന വൈദീകൻ. ഒരു വൈദീകനാകാനല്ല, അതിൽ തുടരാൻ ആ മനുഷ്യൻ സഹിച്ച പീഢകളാണ് അതിനുള്ള കാരണമായി മാറിയത്.

അൽബേനിയായിൽ സ്റ്റാലിൻ്റെ ആശയങ്ങൾ പിഞ്ചെല്ലുന്ന ഭരണാധികാരിയായ ഇൻവെർ ഹോക്‌സായുടെ  നേതൃത്വത്തിൽ രാജ്യം മുഴുവൻ മതങ്ങളെ ഉല്മൂണം ചെയ്ത് നിരീശ്വരരാജ്യമായിത്തീരാൻ ഒരുങ്ങുന്നകാലം. 1963ൽ ഫാ. ഏർണെസ്റ്റ് സിമോണി  വി.ബലി അർപ്പിക്കുന്നതിനിടയിൽ പിടിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. ക്രൂരമായി മർദ്ധിക്കപ്പെട്ട അദ്ദേഹം മൂന്നുമാസത്തോളം ഏകാന്തവാസത്തിലായിരുന്നു. സഭയെ തള്ളിപ്പറയാതിരുന്നതുകൊണ്ട് അദ്ദേഹം ക്രൂരമായ മർദ്ദനങ്ങൾക്ക് പിന്നെയും വിധേയനായി. മറ്റൊരു ജയിലിൽ 18 വർഷം  നിർബന്ധിത ജോലിക്കും 10 വർഷം മനുഷ്യവിസർജ്യം ഒഴുകുന്ന കനാനിലും പണിയെടുപ്പിക്കപ്പെട്ടു.

മനസ്സിൽ കാണാപ്പാഠമായിരുന്ന ലത്തീൻ പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ട് അദ്ദേഹം ആപ്പോഴെല്ലാം കുർബ്ബാന അർപ്പിച്ചിരുന്നു. അതോടൊപ്പം അദ്ദേഹം സ്വകാര്യമായി കുമ്പസാരം കേൾക്കുകയും വി.കുർബ്ബാന നൽകുകയും ചെയ്തിരുന്നു. അൽബേനിയയിൽ ആകെയുണ്ടായിരുന്ന 200 അച്ഛന്മാരിൽ ഭൂരിഭാഗവും ജയിലിലടക്കപ്പെട്ട. അതിൽ നക്കൊരു ശതമാനവും കൊല്ലപ്പെട്ടു. വിശ്വാസികൾ അറസ്റ്റ് ചെയ്യപ്പെട്ടു, ക്രൂരമായി മർദ്ദിക്കപ്പെട്ടു, വെടിയേറ്റുവീണു, കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കപ്പെട്ടു, നിർബന്ധിതജോലികൾക്ക് അയക്കപ്പെട്ടു, സ്വത്തുവകകൾ കണ്ടുകെട്ടപ്പെട്ടു. പല ആരാധനാലയങ്ങളും സിനിമാ തിയ്യേറ്ററുകളായും പൊതുസമ്മേളനവേദികളായും മാറ്റപ്പെട്ടു.

ഒടുവിൽ 1991 ൽ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ആ സ്ഥിതി തുടർന്നു. ഏർണെസ്റ്റ് സിമോണിയെന്ന വൈദീകൻ തൻ്റെ വിളിയിൽ തുടരുവാൻ വേണ്ടി കടന്നുപോയ സഹനപർവ്വങ്ങളുടെ ഒരു എളിയ കുറിപ്പാണിത്.

ഒരു വൈദീകനാകാനല്ല, അതിൽ തുടരാനാണ് ഏറ്റവും ബുദ്ധിമുട്ട്. ചുറ്റിലും അപജയത്തിൻ്റെയും വെല്ലുവിളിയുടെയും ശബ്ദമാണ് ഉയർന്നുകേൾക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്നത് എൻ്റെ വീഴ്ചയാണെന്നുപോലും തോന്നിപ്പോകുന്ന ചുറ്റുപാടുകൾ. എല്ലാവരും ശത്രുവിനുനേരെ തൊടുക്കാനായി അമ്പൊരുക്കി വില്ലുകുലച്ച് നിൽക്കുകയാണോ എന്ന് സംശയിച്ചുപോകുന്നു. ആശ്വാസത്തിൻ്റെ, കരുതലിൻ്റെ, വിട്ടുവീഴ്ചയുടെ സന്ദേശങ്ങൾ ഇപ്പോൾ കിട്ടാറില്ല. സ്നേഹം അഭിനയിച്ചെത്തുന്നവരും ആഗ്രഹിക്കുന്നത് ഞാൻ ‘ഉടുപ്പൂരുന്നത്’ കാണാൻ തന്നെ. കെണിയിൽ വീണ സാധുമൃഗം സർവ്വശക്തിയുമെടുത്ത് രക്ഷപ്പെടുവാനായി കുതറുമ്പോൾ അവൻ്റെ ശക്തി ക്ഷയിച്ച് മണ്ണിൽവീഴുവാൻ കാത്തിരിക്കുന്ന ഹിംസ്രമൃഗത്തെപ്പോലെ ചിലരുണ്ട് ചുറ്റിലും. സ്വയം തപിച്ച്, ഉത്തരമില്ലാതെ ഇനിയെന്തുവേണ്ടൂ എന്ന വൈദീകൻ്റെ ദുഃഖചിന്തക്ക് മുൻപിൽ തിരുവചനം എഴുതപ്പെടുന്നു.  “ക്രിസ്‌തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?”

നീ ക്രിസ്തുവിനെയാണ് അനുകരിക്കുന്നതെങ്കിൽ, അവനെ മാത്രമാണ് ഹൃത്തിൽ സ്വീകരിച്ചതെങ്കിൽ ഈ വചനത്തിൽ ഉത്തരമുണ്ട്. നീ കടന്നുപോകുന്നത് നസറായൻ  അനുഭവിച്ച, അനുവദിച്ച കുരിശിൻ്റെ വഴികൾ. കാൽവരിയിലെ ഞാത്തുനിർത്തപ്പെട്ട കുരിശുമരത്തിൻ്റെ മറുവശം നിന്നെ മാടിവിളിക്കുന്നു. നീ അനുഭവിക്കുന്ന വ്യഥകളും നീ കേൾക്കുന്ന പഴികളും നീ പൊടിക്കുന്ന കണ്ണുനീരും നിൻ്റെ അർദ്ധരാത്രിയിലെ നിശബ്ദ വിലാപങ്ങളുമെല്ലാം അവൻ്റെ കുരിശു നിൻ്റെ ചുമലിൽ നീ എടുത്തുവച്ചുവെന്നതിൻ്റെ ചോരപൊടിയുന്ന തെളിവുകളാണ്.

ഒരിക്കൽ ഗുരു തനിക്ക് സ്വന്തമായവരുടെ കണ്ണുകളിൽ നോക്കി, ഹൃദയത്തിൽ നീറ്റലനുഭവിച്ച്, മുറിവിൽ ഉപ്പുനീരുവീണതുപോലെ  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് : “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?” (യോഹ6 : 67). ഈ ചോദ്യം ഇന്നും അവൻ എന്നോട് ചോദിക്കുന്നുണ്ട്. പലപ്പോഴും നിശ്ശബദതയാണ് എൻ്റെയുത്തരം. പകുതിമനസ്സോടെ എന്നെ അനുഗമിക്കേണ്ട എന്നുതന്നെയാണ് അവൻ ഉദ്ദേശിക്കുന്നത്. പുറത്തെന്നെ മാടി വിളിക്കുന്ന ലോകത്തിൻ്റെ സുഖങ്ങളുണ്ട്, ശരീരത്തിൻ്റെ ആകർഷണങ്ങളുണ്ട്, സമ്പത്തിൻ്റെ പ്രലോഭനങ്ങളുണ്ട്. എനിക്ക് മുൻപേ ഓടിപ്പോയ പലരും തീയിൽ വീണ ഈയ്യാംപാറ്റ കണക്കെ എരിഞ്ഞുതീരുന്നത് ഞാൻ കണ്ടിട്ടുമുണ്ട്. അല്ലെങ്കിലും എത്ര നാളേക്ക് അവയെന്നെ തൃപ്തിപ്പെടുത്തും ? എത്ര നാൾ അവക്കെന്നെ ചേർത്തുനിർത്താനാകും?

വീണുപോയ പത്രോസിൻ്റെ വാക്കുകൾ കടമെടുത്തുകൊണ്ട് ഞാൻ പറയട്ടെ “ഗുരോ എവിടേക്ക് ഞങ്ങൾ പോകും?” നിന്നെ ഉപേക്ഷിച്ചാൽ നിന്നെക്കാൾ ശ്രേഷ്ഠമായത് തരാൻ ആർക്കാകും ? എൻ്റെ വീഴ്ചകളും എൻ്റെ ബലഹീനതകളും എൻ്റെ ആശാഭംഗങ്ങളും എല്ലാം അറിഞ്ഞിട്ടും എന്നെ കോരിയെടുത്ത് മാറോടുചേർത്ത നിൻ്റെ സ്നേഹത്തിനുമുന്പിൽ  എന്താണ് എനിക്ക് വലുതായിട്ടുള്ളത്? നിന്നെപ്പോലെ എന്നെ സ്നേഹിച്ചുതോല്പിക്കാൻ ആരുവരും? ഞാൻ ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും എന്നെ നീ വലിയവനാക്കിയില്ലേ? ഞാൻ തളളിപ്പറയുമെന്നറിഞ്ഞിട്ടും നീ എന്നെ പൗരോഹിത്യത്തിൻ്റെ പടികളിലേക്ക് കയറ്റി നിർത്തിയില്ലേ ? നിന്നെ അവഗണിക്കുമെന്നറിഞ്ഞിട്ടും നീ ഇന്നും എൻ്റെ കൈകളിലെ  ഗോതമ്പപ്പത്തിൽ പരി. കുർബ്ബാനയാകുന്നില്ലേ? ഞാൻ മാറ്റിനിറുത്തും എന്നറിഞ്ഞിട്ടും എൻ്റെ കൈകളിലെ കാസയിലെ വീഞ്ഞുതുള്ളികൾ നിൻ്റെ തിരുരക്തമാകുന്നില്ലേ ? ഞാൻ വിലയില്ലാത്തവനായിട്ടും ഞാൻ കൈവയ്ക്കുന്ന ഉണങ്ങിയ ശിഖരങ്ങളെല്ലാം  നീ പിന്നെയും തളിർപ്പിക്കുന്നില്ലെ? ഞാൻ വിശ്വസിക്കാതിരുന്നിട്ടും ഞാൻ ഉരുവിടുന്നപ്രാർത്ഥനകൾക്കനുസരിച്ച് നീ മഴയയക്കുന്നില്ലെ ? ഞാൻ നടുന്ന വിത്തിനെ നീ നൂറുമേനി വിളയിക്കുന്നു. ഞാൻ എറിയുന്ന വലകളിൽ നീ ചാകരതീർക്കുന്നു. അപ്പോഴും ഞാൻ നിന്നെ അറിയുന്നില്ല.

നിന്നെ വിട്ട് എങ്ങോട്ടുപോകും ഞാൻ? ഇതുപോലൊരു സന്ധ്യയിലാണ് നീ പൗരോഹിത്യം സ്ഥാപിച്ചത്. നിൻ്റെ ചോർന്നവാർന്ന ഹൃദയത്തിൻ്റെ അവസാന സമ്മാനമായിരുന്നു ആ പൗരോഹിത്യസ്ഥാപനം. നീ മനുഷ്യനുനൽകാനേൽപ്പിച്ച അവസാനത്തെ സമ്മാനം! ആ സമ്മാനം അതേ വിധത്തിൽ നോക്കിക്കാണാൻ എനിക്ക് സാധിച്ചില്ലല്ലോ എൻ്റെ ദൈവമേ? നീ അണിയിച്ച മേലങ്കിയിലെപ്പോഴോ ചെളിപറ്റിയിരിക്കുന്നു. നീ ഇടുവിച്ച മോതിരം എവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു. നീ ഹൃദയം പകുത്തുകൊടുത്ത ഈ സന്ധ്യയിൽ നിൻ്റെ ഹൃദയത്തോട് ചേർന്നിരുന്നുകൊണ്ട് എനിക്ക് പറയാനുള്ളത് ഒരു വാക്കുമാത്രം ‘മാപ്പ്’. ‘അമ്മ കുഞ്ഞിനെ മടിയിലിരുത്തി ആശ്വസിപ്പിക്കുന്നതുപോലെ നീ എന്നെ ആശ്വസിപ്പിക്കുന്നത് ഞാൻ അറിയുന്നു. സാരമില്ലെന്ന നിൻ്റെ വാക്കുകളെ എന്നെ കൂടുതൽ കരയിക്കുന്നു. നിന്നെയാണല്ലോ ഞാൻ ഇതുവരെയും…..

പ്രാർത്ഥിക്കുമല്ലോ..

ശുഭരാത്രി

Fr Sijo Kannampuzha OM