വിവാഹിതരാകാന്‍ തീരുമാനിച്ചവര്‍ വൈദികനും കന്യാസ്ത്രീയുമായപ്പോള്‍

0

അപൂര്‍വ്വമായ ഒരു കഥയാണിത്. ദൈവം വിളിക്കുമ്പോള്‍ ഏതൊരാള്‍ക്കും ആ വിളിയില്‍ നിന്ന് ഒഴിവായിപ്പോകാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്ന കഥ. ആ കഥ ഇങ്ങനെയാണ് തുടങ്ങുന്നത്.

ഇത് ഫാ. ജാവെയര്‍ ഒലിവര്‍. ഇത് സിസ്റ്റര്‍ മേരി ദെ ലെ സഗാസി. ഇരുവരും അര്‍ജന്റീനക്കാര്‍. ഇരുവരുടെയും വീട്ടുകാര്‍ക്ക് പരസ്പരം അറിയാമായിരുന്നു. രണ്ടാളും മതപരമായ വിശ്വാസമനുസരിച്ചാണ് വളര്‍ന്നുവന്നത്. കുട്ടിക്കാലം മുതല്‍ കണ്ടുപരിചയിച്ച സ്‌നേഹം മുതിര്‍ന്നപ്പോള്‍ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലുമെത്തി.

മേരിക്ക് പത്തൊന്‍പത് വയസായപ്പോഴായിരുന്നു ഔദ്യോഗികമായി ഒരു പ്രൊപ്പോസല്‍ ഒലിവര്‍ നടത്തിയത്.   അന്ന് ഇരുവരും വിദ്യാര്‍ത്ഥികളായിരുന്നു. ബ്യൂണസ് അയേഴ്‌സിലെ നാഷനല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു ഒലിവര്‍. ലാ പ്ലാറ്റയിലെ നാഷനല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു മേരി. പഠനശേഷം വിവാഹം എന്നായിരുന്നു അവരുടെ പ്ലാന്‍.  അവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും കൊന്ത ചൊല്ലുകയും ചെയ്തിരുന്നു.ഞായറാഴ്ചകളിലെ ദിവ്യബലി അര്‍പ്പണത്തിനും ഒരുമിച്ചുപോയിരുന്നു.

തനിക്ക് കിട്ടിയ സുഹൃത്തിനെ പ്രതി, ഭാവിയിലെ ഇണയെ പ്രതി ഇരുവരും ദൈവത്തിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.അതിനിടയിലാണ് മേരിയുടെ സഹോദരന്റെ സെമിനാരി പ്രവേശനം. എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാര്യമായിരുന്നു അത്. സഹോദരനെ സെമിനാരിയില്‍ കൊണ്ടുചെന്നാക്കിയത് മേരിയും ഒലിവറും ചേര്‍ന്നായിരുന്നു. അവിടെ ഇരുവര്‍ക്കും സുഹൃത്തുക്കളുണ്ടായിരുന്നു. മേരിയുടെ സുഹൃത്തുക്കള്‍ കോണ്‍വെന്റിലും ഒലിവറിന്റെ സുഹൃത്തുക്കള്‍ സെമിനാരിയിലും.

സുഹൃത്തുക്കളെ കാണാനായി ചില ദിവസങ്ങള്‍ അവിടെതന്നെ തങ്ങാമെന്ന് അവര്‍ തീരുമാനിച്ചു. ആ സന്ദര്‍ശനവും ആ ദിവസങ്ങളും അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. മടക്കയാത്രയില്‍ അവര്‍ സംസാരിച്ചതു മുഴുവന്‍ തങ്ങള്‍കണ്ടുമുട്ടിയ സുഹൃത്തുക്കളെക്കുറിച്ചായിരുന്നു.

നല്ലൊരു ഭാവിജീവിതവും കുടുംബജീവിതവും വേണ്ടെന്ന് വച്ച് എന്തുകൊണ്ടായിരിക്കാം തങ്ങളുടെ സുഹൃത്തുക്കള്‍ അച്ചനും കന്യാസ്ത്രീയുമാകാന്‍ തീരുമാനിച്ചത്? ദൈവം വിളിക്കുമ്പോള്‍ ഒരാളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്? അധികം വൈകാതെ ഒലിവര്‍ തന്നോടു തന്നെ ചോദിച്ചു തനിക്കെന്തുകൊണ്ട് ഒരു വൈദികനായിക്കൂടാ? തന്റെ ആലോചന ഭാവിവധുവിനോട് പങ്കുവച്ചപ്പോള്‍ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ പറഞ്ഞത് താനും അതേക്കുറിച്ചുള്ള ആലോചനയിലാണ് എന്നായിരുന്നു.

തങ്ങളുടെ പ്രശ്‌നത്തിന് ഉചിതമായ മറുപടി പ്രതീക്ഷിച്ച് അവര്‍ ഒരു സന്യാസവര്യനെ ചെന്നുകണ്ടു. അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇത് നിങ്ങളും ദൈവവും തമ്മിലുള്ള കാര്യമാണ്. മറ്റാരും ഇതില്‍ ഇടപെടേണ്ടതില്ല. നിങ്ങള്‍ തന്നെ തീരുമാനിക്കൂ.

ആത്മാവിന്റെ കാര്യമായിരുന്നതിനാല്‍ ഇരുവരും ആലോചനയും ധ്യാനവും പ്രാര്‍ത്ഥനയും തുടര്‍ന്നു. പഠനം കഴിഞ്ഞ് വിവാഹം എന്ന് തീരുമാനിച്ചവര്‍ പഠനം കഴിഞ്ഞ് നേരെ പോയത് സെമിനാരിയിലേക്കും കോണ്‍വെന്റിലേക്കും 2008 ല്‍ 31 ാം വയസില്‍ ഒലിവര്‍ വൈദികനായി.

ഇന്ന് ഫാ. ഒലിവര്‍ യൂണിവേഴ്‌സിറ്റി പ്രഫസറാണ്. ദൈവവിളിയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളുടെ കര്‍ത്താവും. ദൈവം ഞങ്ങള്‍ക്ക് പ്രത്യേക കൃപയാണ് നല്കിയിരിക്കുന്നത്. ഞങ്ങള്‍ ഇന്നും നല്ല സുഹൃത്തുക്കളാണ്. സിസ്റ്റര്‍ മേരി പറയുന്നു.

പുരോഹിതനും കന്യാസ്ത്രീയും തമ്മിലുള്ള സൗഹൃദബന്ധങ്ങള്‍ക്ക് പുതിയൊരു വാഴ്ത്താണ് ഇവരുടെ സൗഹൃദങ്ങള്‍. ദൈവവിളിയെക്കുറിച്ച് കനപ്പെട്ട് ചിന്തിക്കാനും ഇവരുടെ ദൈവവിളി നമുക്ക് പ്രേരണ നല്കുന്നു.