എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.(ഫിലിപ്പി 4;19)
ആവശ്യം അറിയുന്നവനാണ് ദൈവം എന്നതാണ് ദൈവത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന്.അമ്മയ്ക്ക് തന്റെ കുഞ്ഞിന് എപ്പോഴെല്ലാമാണ് വിശക്കുന്നത് എന്ന് അറിവുള്ളതുപോലെയാണ് നമ്മുടെ ആവശ്യങ്ങള്‍ എന്താണെന്നും എപ്പോഴാണ് അവ വരികയെന്നും ദൈവത്തിന് അറിവുള്ളത്. അല്ലെങ്കില്‍ ആവശ്യം ഒരു അപ്പക്കഷ്ണം പോലെയാണ്.
അന്നന്നുവേണ്ടുന്ന ആഹാരം തരണമേയെന്ന് പ്രാര്‍ത്ഥിക്കുന്നത് ഓരോരോ ആവശ്യങ്ങള്‍ നിവര്ത്തിച്ചുകിട്ടണമെന്ന് പ്രാര്ത്ഥിക്കുന്നതു തന്നെയാണ്.
നിന്റെ ആവശ്യങ്ങള്‍ ദൈവം അറിയുന്നുണ്ട് എന്നതും അത് തക്കസമയത്ത് ദൈവം നിനക്ക് നിവര്ത്തിച്ചുതരുമെന്നതും ബൈബിളിന്റെ താളുകളില്‍ നിന്ന് നമുക്ക് ലഭിക്കുന്ന വലിയൊരാശ്വാസമാണ്. ഹാഗാറിന് അത് നീരുറവയായും മോറിയാമലയിലെ ബലിവേദിയില്‍ അബ്രഹാത്തിന് അത് ആട്ടിന്‍കുട്ടിയായും ലഭിക്കുന്നുണ്ടല്ലോ.
ജീവിതത്തിലെ ചില ആവശ്യങ്ങള്‍ക്ക് മുമ്പില്‍ അതെങ്ങനെ നിവര്ത്തിച്ചുകിട്ടുമെന്ന് കരുതി അമ്പരപ്പോടെ നിന്നുപോയ സന്ദര്‍ഭങ്ങള്‍ ഓര്‍മ്മവരുന്നു. സഹായത്തിന് ആരുമില്ലാതെ പോയ അവസരങ്ങള്‍. കൂടെയുണ്ടെന്നും താങ്ങാമെന്നും പറഞ്ഞ് അരികില്‍ ചേര്ന്നുനില്ക്കാന് പോലും ആരുമില്ലാതിരുന്ന വേളകള്‍. പക്ഷേ അത്ഭുതകരമെന്ന് പറയട്ടെ ആ ആവശ്യങ്ങളൊന്നും നിവര്‍ത്തിക്കപ്പെടാതെ പോയിട്ടില്ല. അപ്പോഴെല്ലാംദൈവം സ്വര്‍ഗ്ഗം വിട്ടിറങ്ങി ആവശ്യം സാധിച്ചുതന്ന് തിരികെ മടങ്ങിപ്പോയിട്ടുണ്ട്.
സ്വര്‍ഗ്ഗത്തിനും ഭൂമിക്കും ഉടയോനായ അവിടുന്നോടാണ് ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി കരം നീട്ടി യാചിക്കുന്നത്. അവിടുത്തേക്കെക്കെന്നെ ഉപേക്ഷിക്കാനാവില്ല. എന്റെ ആവശ്യങ്ങള്‍ സാധ്യമാകാതെയും പോകുന്നില്ല.
ജീവിതത്തിലെ പല ആവശ്യങ്ങള്‍ക്ക് മുമ്പിലും അമ്പരപ്പോടെ നില്ക്കുന്ന വ്യക്തികളായിരിക്കാം നിങ്ങള്‍ ഓരോരുത്തരും. എന്നേയ്ക്കുമായി നിരാശപ്പെടരുത്. നിന്റെ ആവശ്യം അറിയുന്നവനാണ് നിന്റെ ദൈവം. അവിടുന്ന് നിന്നെ തള്ളിക്കളയുകയില്ല. കാരണം നമ്മുടെ ദൈവം ദരിദ്രനല്ല, നമ്മുടെ ആവശ്യങ്ങള്‍ അറിയാതെ പോകുന്നവനുമല്ല. തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തുവഴി നമുക്ക് ആവശ്യമുള്ളതെല്ലാം നല്കുന്ന ദൈവത്തിന്റെ കരത്തില്മുറുകെപിടിച്ചുകൊണ്ട് നമുക്ക് ഈ ദിവസംമുന്നോട്ടു പോകാം.
സസ്നേഹം
വിഎന്‍.