തിരിച്ചറിവ്

0

നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ? (യോഹ 18:34)

താഴ്വരയിൽ താമസിച്ചിരുന്ന ഒരു സന്ന്യാസി താൻ പോകുന്നിടത്തെല്ലാം  ഒരു വാൾ കൊണ്ടുപോകുമായിരുന്നു. മനോഹരമായ കൊത്തുപണികൾ ചെയ്ത ഒരു ഉറയിലാണ് അത് സൂക്ഷിച്ചിരുന്നത്.

ആളുകൾ സന്ന്യാസിയോട് ചോദിച്ചു: “നിങ്ങൾ എന്തിനാണ് വാൾ കൊണ്ടുനടക്കുന്നത് ? വാൾ ആളുകളെ കൊല്ലാനാണ് ഉപയോഗിക്കുന്നത്, അത് ഒരു സന്ന്യാസിക്ക് ചേർന്നതല്ല”

സന്ന്യാസി മറുപടി പറഞ്ഞു “ഈ വാൾ ഉറയിൽ കിടക്കുവോളം അത് യാഥാർത്ഥവാളാണെന്നു ആളുകൾ കരുതും, അവർക്ക് എന്നോട് അതിനെക്കുറിച്ച് മതിപ്പും ഉണ്ടാകും. എന്നാൽ ഞാനത് ഉറയിൽ നിന്ന് ഊരുകയും അത് വെറുമൊരു മരവാൾ ആണെന്ന് ആളുകൾ തിരിച്ചറിയുകയും ചെയ്‌താൽ ആളുകൾക്ക് അതൊരു തമാശയായിരിക്കും. നമ്മുടെ വിശ്വാസങ്ങൾ പലതും ഇതുപോലെയാണ്”.

നീ യഹൂദരുടെ രാജാവാണോ എന്ന പീലാത്തോസിൻ്റെ ചോദ്യത്തിനുള്ള യേശുവിൻ്റെ മറുചോദ്യമാണ് ഇന്നത്തെ ചിന്താവിഷയം. നീയെന്നെ യഹൂദരുടെ രാജാവായി കരുതുന്നുണ്ടോ എന്നും അതോ മറ്റുള്ളവർ പറഞ്ഞുകേട്ടതുകൊണ്ടാണോ നീ ഈ ചോദ്യം ഉയർത്തുന്നതെന്നും യേശു തിരിച്ചു ചോദിക്കുന്നു.

ഉറയിൽ സൂക്ഷിക്കുന്നിടത്തോളം നമ്മുടെ പലവിശ്വാസങ്ങളും യാഥാർത്ഥമാണെന്നു തോന്നിപ്പിക്കുകയും എന്നാൽ അത് പുറത്തെടുക്കേണ്ടിവന്നാൽ വെറും കളിപ്പാട്ടം മാത്രമായിരുന്നുവെന്നു മനസ്സിലാക്കപ്പെടുകയും ചെയ്യുന്നത് എത്ര പരിതാപകരമായിരിക്കും? നമ്മൾ മറ്റുള്ളവരുടെ മുൻപിൽ കറതീർന്നവരാണ്. ആഴമായ വിശ്വാസവും തീഷ്ണമായ പ്രാർത്ഥനയും നമുക്കുണ്ടെന്നു നാം കരുതുന്നു. പലപ്പോഴും ചുറ്റുമുള്ളവർ അത് വിശ്വസിക്കുന്നു. നമ്മുടെ ഉറയിലെ വാളുകളെല്ലാം മരവാളുകളാണെന്ന് മറ്റുള്ളവർക്ക് അറിയാൻ കഴിയുന്നില്ല എന്നതാണ് നമ്മുടെ ഭാഗ്യം.

യേശുവെനിക്ക് ആരാണ്? യേശു രക്ഷകനാണ്, പാലകനാണ്, സൃഷ്ടാവാണ് എന്നെല്ലാം വേദപാഠക്ലാസ്സുമുതൽ നാം ഏറ്റുപറയുന്നുണ്ട്. തൊണ്ടപൊട്ടുമാറുച്ചത്തിൽ ഹല്ലേലുയ്യ പറയുന്നുണ്ട്. എല്ലാവർഷവും ധ്യാനം കൂടുന്നുണ്ട്. കൺവെൻഷനുകളിൽ സംബന്ധിക്കുന്നുണ്ട്. തീർത്ഥാടനങ്ങൾക്ക്  പോകുന്നുണ്ട്. എന്തിന്, വിശുദ്ധ സ്ഥലങ്ങൾ പോലും നാം സന്ദർശിക്കുന്നു. ഇതെല്ലം വിശ്വാസത്തിൻ്റെ അനിവാര്യതയായി നാം കാണുന്നു. പക്ഷേ ഇതെല്ലാം ഉറയിലെ മരവാളുകളാണ്. കാരണം ഇതിനെല്ലാം ശേഷവും നാം നാമായിത്തന്നെ തുടരുന്നു, ഒരു വ്യത്യാസവുമില്ലാതെ.

ക്രിസ്തുവിൻ്റെ സാമീപ്യം സക്കേവൂസിനെ നിർമ്മലനാക്കി മാറ്റി. പണത്തിനുവേണ്ടി സ്വന്തം ജനങ്ങളെ ഒറ്റിക്കൊടുക്കുന്നവനായിരുന്നു സക്കേവൂസ്. അവൻ ക്രിസ്തുസാമീപ്യത്തിൽ ഹൃദയത്തിന് അന്തരം വരുത്തുകയാണ്. അതുവരെ പണത്തിനുവേണ്ടി ഓടിയവൻ, അവന്റെ പണം ദരിദ്രർക്ക് പകുത്തുനൽകുന്നു. സക്കേവൂസിന് മാനസാന്തരം സംഭവിക്കുന്നു. അവൻ തത്ഫലമായി രക്ഷ സ്വീകരിക്കുന്നു.

ഞാൻ വലിയ ക്രിസ്ത്യാനിയായിരിക്കാം. ക്രിസ്തുവിനുവേണ്ടി പലതും ചെയ്യുന്നവനായിരിക്കാം, പക്ഷെ എൻ്റെ മനഃസാക്ഷിയിൽ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കിൽ എൻ്റെ വിശ്വാസവും ഉറയിൽ കിടക്കുന്ന മറവാളിനു തുല്യമാണ്.

പലപ്പോഴും ദൈവം നമുക്ക് മറ്റുള്ളവർ പറഞ്ഞുതരുന്ന എന്തൊക്കെയോ ആണ്. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നുകൊണ്ടാണ് നാം ക്രിസ്തുവിനെകാണുന്നത്. ഇത്രയും കാലമായിട്ടും എന്തെ എനിക്കിനിയും ക്രിസ്തുവുമായി ഒരു വ്യക്തിപരമായ അടുപ്പം ഉണ്ടാകുന്നില്ല? മറ്റുള്ളവർക്ക് സംഭവിച്ചു എന്ന് പറയപ്പെടുന്ന അത്ഭുതങ്ങൾക്കും പ്രത്യക്ഷങ്ങൾക്കും പിന്നാലെ പായുന്നത് അനുദിനബലിയിൽ ക്രിസ്തുവിനെ കാണാൻ കഴിയാത്തതുകൊണ്ടല്ലേ? അമിതമായ നൊവേന ഭക്തികളും ക്രമം തെറ്റിയ കൺവെൻഷൻ പ്രോഗ്രാമുകളും പലപ്പോഴും വേദനാസംഹാരികളുടെയും ഉറക്കമരുന്നിൻ്റെയും ഫലമാണ് നൽകുന്നത്.

ക്രിസ്തുവെനിക്ക് മറ്റുള്ളവരുടെ സാക്ഷ്യപ്പെടുത്തലിൻ്റെ ബലത്തിൽ തിരിച്ചറിയപ്പെടേണ്ടവനല്ല.  എൻ്റെ ഗഹനമായ മനനത്തിൽ എനിക്ക് വെളിപ്പെട്ടുകിട്ടേണ്ടവനാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളേക്കാൾ ക്രിസ്തുവെനിക്ക് ചോരയിലും മനസ്സിലും അനുഭവവേദ്യമാകുന്നവനായിരിക്കണം. ക്രിസ്തു നിന്നെ സൃഷ്ടിച്ചതും സ്നേഹിച്ചതും രക്ഷിച്ചതും അതിനുവേണ്ടിയാണ്.

ശുഭരാത്രി

Fr Sijo Kannampuzha OM