ഐസ്ക്രീമും മിഠായിയും

0

കേൾക്കുമ്പോൾത്തന്നെ വായിൽ വെള്ളമൂറുന്നുണ്ടാവും. അല്ലേ? പക്ഷെ അതുകൊണ്ടു കാര്യമില്ല. മനസിൽ മധുര മൂറുകയാണ് വേണ്ടത്. അതെന്തിനാണെന്ന് തോന്നുന്നുണ്ടോ? പറയാം. അതിനു മുമ്പ് ഒരു ചോദ്യം ചോദിക്കട്ടെ.

കഥ വായിക്കാനാണോ കവിത വായിക്കാനാണോ നിങ്ങൾക്ക് കൂടുതൽ ഇഷ്ടം? കഥയെന്നാവും നിങ്ങളുടെ ഉത്തരം. എന്തുകൊണ്ടാവാം? കഥ വായിച്ചാൽ മനസിലാവും, കവിത വായിച്ചാൽ പെട്ടെന്ന് മനസിലാവില്ല എന്നായിരിക്കും അതിനുള്ള മറുപടി.
ഇപ്പറഞ്ഞതിൽ കാര്യമുണ്ട്. കഥ ഐസ് ക്രീം പോലെയാണെന്നു പറയാം; കവിത മിഠായി പോലെയാണെന്നും. ഐസ്ക്രീം കഴിക്കാൻ വളരെ എളുപ്പമാണ്. നല്ല മധുരവും തോന്നും. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന് വേഗം കഴിക്കാം.

എന്നാൽ മിഠായി അങ്ങനെയല്ല, ആദ്യം അതിന്റെ പൊതി തുറക്കണം. പിന്നെ മിഠായി വായിലിട്ട് നാവുകൊണ്ട് നുണയണം. അപ്പോഴേ അതിന്റെ രുചി ലഭിക്കുകയുള്ളൂ. നല്ല മിഠായി ആണെങ്കിൽ കുറെയധികം നേരം മധുരം നാവിൽ തങ്ങിനിൽക്കും.

ഒറ്റ വായനയിൽ കഥയിലെ കാര്യം മനസിലാകും. കവിതയാകട്ടെ ഒന്നിലധികം തവണ വായിച്ച്, മനസിലിട്ട് നുണയണം. അപ്പോൾ കവിതയുടെ മധുരം ആസ്വദിക്കാൻ കഴിയും. ഈ അവധിക്കാലത്ത് കുറച്ച് നല്ല കവിതകൾ വായിക്കാനും ആസ്വദിക്കാനും നിങ്ങൾ ശ്രദ്ധിക്കണേ!

ഷാജി മാലിപ്പാറ