പുനർജീവനം

0

ക്രിസ്തു, വീണ്ടും ജനിക്കണം എന്ന് പറഞ്ഞപ്പോൾ നിക്കോദെമോസിനു കാര്യം പിടികിട്ടിയില്ല. പുതിയ വീഞ്ഞു പഴയ തോൽകുടങ്ങളിൽ ഒഴിച്ചു വക്കാറില്ല. ഇതെല്ലാം കൂടി ഒരു കുടക്കീഴിൽ കൊണ്ടുവന്നാൽ ഇന്നത്തെ എന്റെ അവസ്ഥയുമായി ഇതിനു എന്തൊക്കെയോ ബന്ധം ഉള്ളതുപോലെ ഉണ്ട്. ക്രിസ്തു വീണ്ടും ജനിക്കുന്നു, മരിക്കുന്നു, ഉയിർക്കുന്നു.

ഞാൻ ക്രിസ്തുമസ്, ദു: ഖവെള്ളി, ഈസ്റ്റർ ആഘോഷിച്ചു കൊണ്ടേയിരിക്കുന്നു. കൂടെ അല്പം നോമ്പ്, പ്രായശ്ചിത്തം കൂടിയാൽ ഒരു തീർഥാടനം. ക്രിസ്തു വീണ്ടും ജനിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ വീണ്ടും എങ്ങിനെ ജനിക്കും എന്ന നിക്കോദേമോസിന്റെ അതെ ചോദ്യം തന്നെ ഇന്ന് ഞാനും ആവർത്തിക്കുന്നു എങ്കിൽ, നോമ്പും ഉപവാസവും എല്ലാം അതിന്റെ അർത്ഥം അറിയാതെയാണ് ഞാൻ ഇന്നും ആചരിക്കുന്നത്. 

ദുഃഖ വെള്ളിയിൽ എന്നിലെ പാപമനുഷ്യൻ മരിച്ചു, ഈസ്റ്റിന് വീണ്ടും ക്രിസ്തുവിനോട് കൂടെ ഉയിർക്കുന്നിലെങ്കിൽ പിന്നെ എന്തു നോമ്പ്. ജീവിതത്തിൽ ഒരു മാറ്റവും ഇല്ലെങ്കിൽ പിന്നെന്തു ഉപവാസം. അല്പമെങ്കിലും തംമ്പുരാനിലേക്കു അടുക്കുന്നില്ല എങ്കിൽ പിന്നെന്തു തീർഥാടനം. ഇൗ കാലഘട്ടത്തിലൂടെ നേടിയതെല്ലാം അത് കഴിഞ്ഞപ്പോൾ പഴയ പടിയെങ്കിൽ പുതു വീഞ്ഞു പഴയ തോൽകുടത്തിൽ ഒഴിച്ചു വച്ചതിന് തുല്യം. വീണ്ടും ജനിക്കാനുള്ള വിളിയും ആയാണ് ഓരോ കാലഘട്ടവും കടന്നു വരുന്നത്. വീണ്ടും ജനിക്കണോ അതോ ജനിച്ച പാടെ മരിക്കണോ എന്നൊക്കെ എനിക്ക് തീരുമാനിക്കാം. 

പാപത്തോടെ ജനിച്ച എനിക്ക് മാമോദീസായിലൂടെ ഒരു പുനർജന്മം കിട്ടി. എന്നിട്ടും പാപമെന്നെ മാടി വിളച്ചപ്പോൾ ഞാൻ എല്ലാം മറന്നു. കുമ്പസാരം എന്നെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ ഇപോഴും എന്റെ വഴിക്കു തന്നെ ആണ്. ഉയിർപ്പ് തിരുന്നാളിന് എന്റെ മാമോദീസാ നവീകരണം നടത്തിയെങ്കിലും എന്റെ മനസു അത് കഴിഞ്ഞുള്ള ആഘോഷങ്ങളുടെ പിന്നാലെ ആയിരുന്നു. എന്നാണ് കർത്താവേ നീ പറഞ്ഞ വീണ്ടും ജനിക്കലിന്റെ അർത്ഥം എനിക്ക് മനസ്സിലാകുന്നത്?

ഉയിർപ്പ് തിരുന്നാൾ- ഉയിർപ്പ് പെരുന്നാൾ ആയി തുടങ്ങിയിട്ട് കാലമേറെയായി. എല്ലാവരെയും പഴി ചാരി ഞാൻ മാത്രം പൂർണ്ണനാകുമ്പോൾ എല്ലാറ്റിന്റെയും ഉത്തരവാദികൾ മറ്റുള്ളവർ ആണെന്നുള്ള സമാധാനം എനിക്ക് ആശ്വാസം നൽകുന്നു. ഇനിയും വീണ്ടും ഉള്ള ജനനം എന്ത് എന്നും, പുതിയ വീഞ്ഞു ഏതാണ്, പഴയ തോൽക്കുടം ഏതാണ് എന്നൊക്കെ അറിഞ്ഞിട്ടും അറിയില്ലെന്നുള്ള നടനം അവസാനിപ്പിച്ചില്ലെങ്കിൽ മണൽ പുറത്ത് പണിത വീട് കണക്കെ ഒരു തകർച്ച എന്നെയും കാത്തിരിക്കുന്നു എന്ന ഒരു ഓർമപ്പെടുത്തൽ വചനം നൽകുന്നുണ്ട്.

ആ തകർച്ചയുടെ ആഴവും ഭീകരമായിരിക്കും. പുനർജനി ക്കാനുള്ള വിളിയെ പുറം കാലുകൊണ്ട് തട്ടി കളയരുത്. ഇനിയൊരു ഈസ്റ്റർ എനിക്കുണ്ട് എന്ന് ഉറപ്പ് ഇല്ലാത്തതിനാൽ ഇതാണ് സമയം, ഇതാണ് രക്ഷയുടെ നിമിഷങ്ങൾ.  

ഫ്രിജോ തറയിൽ