തകര്‍ന്ന വീടു പുതുക്കിപ്പണിയാന്‍ എളുപ്പമായിരിക്കാം, പക്ഷേ തകര്‍ന്ന ഹൃദയമോ?

0


സിറിയ: തകര്‍ന്നുപോയ വീടു പുതുക്കിപ്പണിയാന്‍ ഒരുപക്ഷേ എളുപ്പമായിരിക്കും. എന്നാല്‍ തകര്‍ക്കപ്പെട്ടുപോയ ഒരു ഹൃദയം പുതുക്കിപ്പണിയുക എന്നത് അത്ര എളുപ്പമാണോ. ഉള്ളുലയ്ക്കുന്ന ഈ ചോദ്യം സിറിയയിലെ കത്തോലിക്കയായ സിസ്റ്റര്‍ ആനി ഡെമേര്‍ജിന്റേതാണ്. കമ്മ്യൂണിറ്റി ഓഫ് ജീസസ് ആന്റ് മേരി സഭാംഗമായ സിസ്റ്റര്‍ ആനി സിറിയയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രതികരണമെന്ന നിലയിലാണ് ഈ കത്തെഴുതിയിരിക്കുന്നത്.

കഴിഞ്ഞ എട്ടുവര്‍ഷമായി സിറിയയിലെ ആഭ്യന്തരയുദ്ധം കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് സിസ്റ്റര്‍ ആനി. സിറിയയിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ടത് മനശാസ്ത്രപരമായ സൗഖ്യം നല്കലാണെന്ന് മാധ്യമങ്ങളോട് അവര്‍ പറയുന്നു. സംഘര്‍ഷങ്ങള്‍ അവരുടെ ജീവിതത്തില്‍ ഏല്പിച്ചിരിക്കുന്ന മുറിവ് ആഴത്തിലുള്ളതാണ്. അതില്‍ നിന്ന് അവര്‍ക്ക് പുറത്തുകടക്കാന്‍ കഴിയണം. മരണം മൂലമുള്ള അവരുടെ നഷ്ടം നികത്താനാവാത്തതാണ്.

2011 മാര്‍ച്ച് മുതല്‍ 400,000 ആളുകളാണ് ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഏകദേശ കണക്ക്. 28,226 അത്യാഹിതങ്ങള്‍കുട്ടികള്‍ക്ക് നേരെ സംഭവിച്ചിട്ടുണ്ട്. അവരുടെ നിഷ്‌ക്കളങ്കതയും ബാല്യവും അത് നഷ്ടപ്പെടുത്തി. അവരുടെ കുട്ടിക്കാലവും കണ്ണിന്റെ തെളിച്ചവും യുദ്ധങ്ങള്‍ ഇല്ലാതാക്കി. സിസ്റ്റര്‍ ആനി വിലപിക്കുന്നു.

സിറിയയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ആത്മീയവും മാനസികവുമായ നഷ്ടങ്ങളെ കണക്കിലെടുക്കുമ്പോഴാണ് സിസ്റ്റര്‍ ആനിയുടെ ചോദ്യം പ്രസക്തമാകുന്നത്.