ഓര്‍മ്മപ്പെടുത്തലുകള്‍

0

ഓർമപ്പെടുത്തലുകളുടെ ഒരു ഗ്രന്ഥം ആയാണ് ബൈബിൾ എപ്പോഴു൦ തോന്നിയിട്ടുള്ളത്. ഓർമ്മ വച്ച നാൾ മുതൽ ഒത്തിരിയേറെ ഓർമപ്പെടുത്തലുകളുടെ ഒരു നിര ഉണ്ടായിരുന്നു എനിക്ക് മുന്നിലും പിന്നിലും. കുഞ്ഞുനാളിലെ അമ്മയുടെ, അപ്പൻ്റെ, അധ്യാപകരുടെ, സഹോദരങ്ങളുടെ, സുഹൃത്തുക്കളുടെ, വൈദികരുടെ,സന്യസ്‌തരുടെ, വഴിയിൽ കണ്ട ഭിക്ഷക്കാരുടെ, പ്രകൃതിയുടെ, ….

എത്ര വേണേലും ഇനിയും കുറിക്കാൻ ഉണ്ട്. കുഞ്ഞുനാളിൽ പങ്കെടുത്ത ഒരു മൃതസംസ്കാര ശുശ്രൂഷയുടെ ഓർമ്മ ഇന്നും മനസിൽ നിൽക്കുന്നുണ്ട്. മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും എന്നു പറഞ്ഞു ആ മൃതദേഹത്തിലേക്കു ഒരു പിടി മണ്ണ് വാരിയിട്ടതു  എന്തോ വല്ലാതെ എന്നെ തൊട്ടിരുന്നു.

പിന്നീട് പലപ്പോഴുo ഈ   ശുശ്രൂഷയിൽ പങ്കെടുത്തപ്പോൾ ആദ്യ ഓർമ്മ എന്നിൽ ഓടിയെത്തുന്നുണ്ട്. കുറെ നേരം അതെന്നിൽ നിലനിൽക്കാറില്ല എന്നത് തുറന്നു സമ്മതിക്കുന്നു. ഓർക്കേണ്ടതു മറക്കുന്നതും മറക്കേണ്ടത് ഓർക്കുന്നതും എൻ്റെ  ബലഹീനത ആണ്. 

ഈ നോമ്പ് കാലം കുറെ ഓർമപ്പെടുത്തലുകളുടെ ഒരു കാലം ആണ്. ഈ കാലം നൽകുന്ന ഓർമ്മകൾ എല്ലാം ഒരു ആഘോഷത്തോടെ തീരുന്ന വെറും ഓർമ്മകൾ ആകുമ്പോൾ ആണ് അതൊരു ദുരന്തo ആയി മാറുന്നത്. എനിക്ക് എന്നും ഇഷ്ടം മറക്കേണ്ടതിനെ ഓർക്കാൻ ആണ്.

കാരണം അതിലെ പല പിടിവാശികളും ആണ് എൻ്റെ യാത്രയുടെ വേഗം വർധിപ്പിക്കുന്നത്. കടിഞ്ഞാൺ നഷ്ടപെട്ട കുതിരയുടെ അവസ്ഥ  ആണ് എനിക്ക് എന്ന് അപകടത്തിന് ശേഷം ആണ് തിരിച്ചറിയുന്നത്.

ഈ തിരിച്ചറിവുകൾ നഷ്ടപ്പെടുമ്പോൾ ആണ് ഒരു ഓർമപ്പെടുത്തലെന്നോണo ഓരോ നോമ്പു കാലവും കടന്നു വരുന്നത്. നോമ്പിൽ മാത്രം അല്ല, ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലും ഒത്തിരിയേറെ ഓർമപ്പെടുത്തലുകളിലൂടെ ആണ് നാം കടന്നു പോകുന്നത്. അത് തിരിച്ചറിയാൻ എൻ്റെ ചില പിടിവാശികളുടെ വലയത്തിൽ നിന്നും പുറത്തുകടക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ എല്ലാം ഒരു യാത്രയിലെ കാഴ്ചകൾ പോലെ കടന്നു പോകും. ആരെങ്കിലും എന്നെ ഒന്ന് തിരുത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുണ്ടെങ്കിൽ ഇനിയും  വൈകരുത് -ബൈബിൾ എടുക്കാൻ.

അതിലോളം വലിയ ഓർമപ്പെടുത്തലുകൾ മറ്റൊരിടത്തും കാണാൻ  കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എൻ്റെ യാത്രക്ക് ആവശ്യമായുള്ള എല്ലാ ഓർമപ്പെടുത്തലുകളും എനിക്ക് മുന്നിൽ ഉണ്ട്. ഇനി അവയെ ഓർത്തെടുക്കാൻ ഉള്ള ഒരു മനസിനെ പാകപ്പെടുത്തുക എന്നത് മാത്രമേ അവശേഷിക്കുന്നുള്ളൂ. ആ പാകപ്പെടുത്തലിനുള്ള ഒരു കാലഘട്ടം ആയി ഈ നോമ്പ് മാറട്ടെ.

 ഫ്രിജോ തറയിൽ