വിശ്രമം

0


നീ ഉറങ്ങുന്നുവോ? (മർ‍ക്കോസ്‌ 14 : 37)

അതിജീവനത്തിൻ്റെയും കഠിനാദ്ധ്വാനത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും പ്രതീകമായി കൊടുങ്ങല്ലൂരിൽ ഒരു പങ്കജാക്ഷിയമ്മയുണ്ട്. ജീവിതം അവശേഷിപ്പിച്ചവയെപ്പോലും പ്രളയം കവർന്നെടുത്തപ്പോൾ വീണുപോകാതെ പിടിച്ചുനിന്ന വൃദ്ധയായ ഒരു പാവം സ്ത്രീ. ചെറുപ്പത്തിലേ ഭർത്താവ്‌ നഷ്ടപ്പെട്ട അവർ, കാലുകൾ ഇല്ലാത്ത സഹോദരിയുടെ ഏക ആശ്വാസമായിരുന്നു. കൂലിവേലക്ക് പോയി ഓരോദിവസവും തള്ളിനീക്കിയിരുന്ന അവരെ തീർത്തും നിസ്സഹായരാക്കിയത് പ്രളയമായിരുന്നു.

പക്ഷേ, ആകെയുണ്ടായിരുന്ന കുടിലും നഷ്ടപ്പെട്ട പങ്കജാക്ഷിയമ്മയുടെ അതിജീവനത്തിനായുള്ള അഭിനിവേശം തീവ്രമായിരുന്നു. എത്രവലിയ പ്രളയം വന്നാലും തോറ്റുകൊടുക്കില്ലെന്ന അവരുടെ വാക്കുകൾ പത്രമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും കേരളത്തിൻ്റെ ശബ്ദമായി അവതരിപ്പിച്ചു.

കഴിഞ്ഞ വനിതാ ദിനത്തിൽ അവരുടെ തിരിച്ചുവരവിൻ്റെ, അതിജീവനത്തിൻ്റെ വാർത്ത മാധ്യമങ്ങളിൽ ഉണ്ടായിരുന്നു. അവശേഷിപ്പിക്കാൻ ഒന്നുമില്ലാത്ത, ഓർത്തുവയ്ക്കാൻ ആരുമില്ലാത്ത പങ്കജാക്ഷിയമ്മ ഇന്നും കഠിനമായി അദ്ധ്വാനിക്കുമ്പോൾ ‘വിശ്രമിക്കാൻ’ മത്സരിക്കുന്നവർക്ക് അതൊരു ഓർമ്മപ്പെടുത്തലാണ്, വിശ്രമിക്കാൻ ഇനിയും സമയമായിട്ടില്ലെന്ന്.

ഗത്സമേൻ തോട്ടത്തിൽ ഗുരു തൻ്റെ അവസാന മണിക്കൂറുകൾക്ക് ഉരുകിയൊരുങ്ങുകയാണ്. തൻ്റെ അവതാരത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് സമയം കാലെടുത്തുവച്ചിരിക്കുന്നു. ഇനി കുഞ്ഞാട് ബലിയാക്കപ്പെടുകയാണ്. ചിന്തിക്കാനും ഒരുങ്ങാനും എളുപ്പമുള്ള വിഷയമല്ലിത്. അവൻ കൂടെ ശിഷ്യന്മാരെയും കൂട്ടുന്നു. അവരുടെ പ്രാർത്ഥനയെങ്കിലും അവൻ ആഗ്രഹിക്കുന്നുണ്ട്.

പക്ഷേ വരാൻ പോകുന്നതൊന്നും ഇനിയും ഗ്രഹിച്ചിട്ടില്ലാത്ത ശിഷ്യന്മാർ പെസഹാ അപ്പം ഭക്ഷിച്ചതിൻ്റെ ആലസ്യത്തിൽ വീണു മയങ്ങുകയാണ്. കൂട്ടിരിക്കാനെത്തിയവരുടെ വിശ്രമക്കാഴ്ച കണ്ട് യേശു പത്രോസിനോട് ചോദിക്കുന്നു “നീ ഉറങ്ങുന്നുവോ”? ഉണർന്നിരുന്ന് ഉയിരുനൽകേണ്ട ഈ സമയം നീ വിശ്രമിക്കുകയാണോ? ഒരാശ്വാസവാക്കിനായി, ഒരു സ്നേഹസാമീപ്യത്തിനായി, ഒരു ആർദ്രതയുള്ള സ്പർശത്തിനായി എൻ്റെ ഗുരു എത്രമാത്രം കൊതിച്ചിരിക്കണം. ചുറ്റുമുള്ളവരിൽ സ്നേഹത്തിൻ്റെ ഉറവകൾ വറ്റിത്തുടങ്ങിയത് അവൻ തിരിച്ചറിയുന്നുണ്ടായിരിക്കണം. ഇനി താൻ കടന്നുപോകേണ്ടത് സ്നേഹരാഹിത്യത്തിൻ്റെ കഠിനവേനലിലൂടെയാണല്ലോ? ഗാഗുൽത്തായിൽ എത്തുന്നതിന് എത്രയോ മുൻപേ അവൻ്റെ കുരിശിൻ്റെ വഴികൾ ആരംഭിച്ചിരിക്കുന്നു.

പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നതിനു എത്രയോ മുൻപ് അവൻ ഹൃദയം കൊണ്ട് ആ കുരിശിനെ ചുമലിലേറ്റിയിരുന്നു?

വിശ്രമം: മനുഷ്യൻ ആഗ്രഹിക്കേണ്ടത് നിത്യമായ വിശ്രമമാണ്. പക്ഷേ ആ നിത്യവിശ്രമം പ്രാപിക്കുന്നതുവരെ അവൻ വിശ്രമിച്ചുകൂടാ. ഭൂമിയിലെ അവൻ്റെ വിശ്രമം സ്വർഗ്ഗത്തിലേക്കുള്ള അവൻ്റെ പ്രയാണത്തെയാണ് തടസ്സപ്പെടുത്തുക. യുദ്ധഭൂമിയിൽ ആയിരിക്കേണ്ടവൻ കൊട്ടാരക്കെട്ടിൽ വിശ്രമിക്കാനെത്തിയപ്പോഴാണ് പാപത്തിൽ വീണത്. സ്വന്തം പടയാളികൾ രണാങ്കണത്തിൽ ആയുധമേന്തിയപ്പോൾ ദാവീദ് രാജാവിതാ മട്ടുപ്പാവിൽ വീഞ്ഞുകുടിച്ച് ഉലാത്തുന്നു. അവനെങ്ങനെ തിന്മയിൽ വീഴാതിരിക്കും?

ന്യായാധിപസംഘത്തിൻ്റെ ഭേദ്യം ചെയ്യലിൽ ശരീരവും മനസ്സും തളർന്ന ഗുരുവിനെ മറന്നുകൊണ്ട് ശിഷ്യപ്രധാനി തീച്ചൂടിൽ വിശ്രമിക്കാനാഞ്ഞപ്പോൾ അവൻ ഗുരുവിനെ ഒറ്റിക്കൊടുക്കുന്നവനായി. വിശ്രമം വീഴുവാനുള്ള കുരുക്കാകരുത്.

നാം വിശ്രമിക്കുന്നവരോ അതോ അദ്ധ്വാനിക്കുന്നവരോ? റോബർട്ട് ഫ്രോസ്റ്റിൻ്റെ, ഉറങ്ങുന്നതിനുമുന്പ് എനിക്കൊത്തിരിദൂരം സഞ്ചരിക്കാനുണ്ട് (i have miles to go before i sleep) എന്ന വാക്കുകൾ നമുക്കോർക്കാം. താൻ സഞ്ചരിച്ചുതീർക്കേണ്ട ദൂരങ്ങളെയും ഇടങ്ങളെയും കുറിച്ച് ബോധ്യമുള്ളവർക്ക് ഇരുന്ന് വിശ്രമിക്കാനാകില്ല. താൻ സഞ്ചരിക്കുന്നത് പിതാവിൻ്റെ സമക്ഷത്തിലേക്കാണെന്നും അതിനു മുൻപ് പലതും ചെയ്തുതീർക്കാനുണ്ടെന്നും യേശുവിനറിയാമായിരുന്നു. അതിനാൽ അവൻ വിശ്രമമില്ലാതെ അദ്ധ്വാനിക്കുന്നു.

അതെ, പിതാവിൻ്റെ സന്നിധിയിലേക്ക് എത്തിച്ചേരേണ്ടവരാണ് നാമെല്ലാവരും. എൻ്റെ പാദങ്ങൾ സ്വർഗ്ഗത്തിൻ്റെ മുറ്റത്തെത്തുവോളം എനിക്കിനി വിശ്രമമില്ല.
ശുഭരാത്രി

Fr Sijo Kannampuzha OM