പുനർജനിയുടെ തീരത്ത്‌

0

“ശുഭസങ്കീർത്തനം പാടുന്ന പ്രകൃതി

അത്തികൾ തളിർക്കുന്ന മണ്ണിൽ

മരണസാഗരം നീന്തിയെത്തുന്നു

പുനർജനിത്തീരത്തു വീണ്ടും നാഥൻ

ഉത്ഥാന തിരുനാൾ, തിരുനാൾ, തിരുനാൾ

ഇന്നുത്ഥാന തിരുനാൾ”

1992ൽ കപ്പൂച്ചിൻ സഹോദരന്മാർ പുറത്തിറക്കിയ ഒരു ഈസ്റ്റർ ഗാനത്തിൽ പ്രസ്തുത വരികളുണ്ടായിരുന്നു. ഈ ഗാനത്തിലെ ബാക്കി വരികളെല്ലാം മറന്നുപോയിട്ടും ഇത്രമാത്രം ഇന്നും എന്റെ ഓർമ്മയിലുണ്ട‍്‌ അതുപോലെ ഇടയ്ക്കൊക്കെ ഞാൻ മൂളിനടക്കാറുമുണ്ട്‌. മരണമാകുന്ന സാഗരം നീന്തിക്കടന്ന്‌ പുനർജനിയുടെ തീരത്ത്‌ ഈശോയിതാ എത്തിച്ചേർന്നിരിക്കുന്നു എന്ന ശുഭവാർത്തയാണ്‌ ഈ ഗാനം പങ്കുവയ്ക്കുന്നത്‌. ഈശോയുടെ ഉത്ഥാനത്തെക്കുറിച്ച്‌ പ്രകൃതിക്ക്‌ പാടാനുള്ളത്‌ ശുഭസങ്കീർത്തനമാണ്‌, എന്തെന്നാൽ മണ്ണിനും വിണ്ണിനും അധിപനായവനെ അധികനാൾ മണ്ണിലൊളിപ്പിച്ച്‌ വയ്ക്കാനാകില്ലല്ലോ. അവൻ മണ്ണിൽനിന്നും മരണത്തിൽ നിന്നും ഉയരുമ്പോൾ മാത്രമാണ്‌ ഈ പ്രപഞ്ചത്തിനുപോലും സന്തോഷ സങ്കീർത്തനം പാടാൻ കഴിയുക. അവന്റെ മരണത്തിൽ വേദനിച്ച പ്രകൃതി ഇതാ അവിടുത്തെ ഉത്ഥാനത്തിൽ സന്തോഷാശ്രുക്കൾ പൊഴിക്കുന്നു.

ക്രിസ്തുവിന്റെ ഉത്ഥാനമാണ്‌ സഭയുടെ അടിസ്ഥാനമെന്ന്‌ വിശ്വസിക്കുന്നവരും പ്രഘോഷിക്കുന്നവരുമാണ്‌ നമ്മൾ. അതുപോലെ, ക്രിസ്തു ഉത്ഥിതനായിട്ടില്ലെങ്കിൽ തങ്ങളുടെ പ്രസംഗം വ്യർത്ഥമെന്നാണ്‌ വിജാതീയരുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പൗലോസ്‌ പറയുന്നത്‌. അങ്ങിനെ ഉത്ഥിതനായ കർത്താവിന്റെ പേരിൽ തങ്ങളുടെ ആത്മീയജീവിതം നയിക്കുന്നവരാണ്‌ (നയിക്കേണ്ടവരാണ്‌) ക്രിസ്തുവിശ്വാസികളെല്ലാവരും. മറ്റൊരുരീതിയിൽ പറഞ്ഞാൽ പുനർജനിത്തീരത്ത്‌ ഉത്ഥിതനോടൊപ്പം നിത്യമായിരിക്കേണ്ടവരാണ്‌ നമ്മളോരോരുത്തരുമെന്ന്‌ ചുരുക്കം.

അഭിപ്രായം പറയുന്നവർ വേട്ടയാടപ്പെടുകയും മൗനമാചരിക്കുന്നവരും നിലനിൽപിനായി പക്ഷം പിടിക്കുന്നവരും നല്ലവരാക്കപ്പെടുകയും ചെയ്യപ്പെടുന്ന ഇക്കാലത്തുപോലും പലർക്കും ഏറെ സംശയങ്ങൾ പകരുന്ന, ദൈവപുത്രനായ ഈശോയുടെ മരണവും, എന്നാൽ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുന്ന പുനർജനിത്തീരത്തുള്ള അവന്റെ സാന്നിധ്യവും ഏറെ പ്രസക്തവും പ്രത്യാശപകരുന്നതുമാണ്‌. മണ്ണിലെ മരണത്താൽ തീരുന്നതല്ല ഒരു ഉത്തമ ദൈവവിശ്വാസിയുടെ ജീവിതം മറിച്ച്‌, ഈശോയുടേത്പോലെ ഉയിർക്കപ്പെടേണ്ടതാണ്‌. അതിനാൽ ഉത്ഥാനമെന്നത്‌ മരണത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ച്‌ ഏറ്റവും സാധാരണക്കാരനുപോലും ലഭ്യമാകുന്ന പ്രത്യാശകൂടിയാണ്‌. മരണത്തിനുശേഷം മൂന്നാംദിനം ഈശോ ഉയിർത്തതുപോലെ അവനെ അനുധാവനം ചെയ്യുന്നവർക്കും ഉത്ഥാനം സാധ്യമാണെന്ന്‌ പറഞ്ഞുതരുന്ന വേളകൂടിയാണ്‌ ഓരോ ഉത്ഥാനത്തിരുനാളും.

ഒരുതെറ്റും ചെയ്യാതിരുന്നിട്ടും ഏറ്റവും വലിയ കുറ്റവാളിയായി മുദ്രകുത്തപ്പെടുക, നൽകാവുന്നതിൽ വച്ച്‌ ഏറ്റവും വലിയ ശിക്ഷ നൽകുക, പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുക, മർദ്ദിച്ച്‌ അവശനാക്കുക, മുഖത്ത്‌ തുപ്പുക, ഭാരമുള്ള കുരിശുമായി പൊള്ളുന്ന വെയിലത്ത്‌ നടത്തിക്കുക, നഗ്നനാക്കുക, കുരിശിൽ കിടത്തി കൈകാലുകളിൽ ആണിതറയ്ക്കുക, മരണം ഉറപ്പിക്കാൻ വിലാവിൽ കുന്തംകൊണ്ട്‌ കുത്തുക. ഇതുപോലുള്ള ഒരു സഹനത്തിനും മരണത്തിനും വിധേയനാക്കപ്പെടുന്ന ഏത്‌ മനുഷ്യനാണ്‌ ഉയിർക്കാൻ പറ്റുക? അവിടെയാണ്‌ ഈശോയെ ക്രൂശിച്ചവർ പരാജിതരായത്‌. ഇത്രയും നിഷ്ടൂരമായ രീതിയിൽ കൊല്ലപ്പെട്ടിട്ടും ഇതാ അവൻ ജീവനിലേക്ക്‌ തിരികെ വന്നിരിക്കുന്നു. ഏറ്റുവാങ്ങിയ ഓരോ പീഡകൾക്കും തന്റെ ശരീരത്തെ മാത്രമേ സ്പർശിക്കാനായുള്ളൂവെന്നും ഒരിക്കലും തന്റെ ആത്മാവിനെ തൊടാൻ ഒരുതരത്തിലുമുള്ള പീഡകൾക്കും മരണത്തിനും സാധിക്കുകയില്ലെന്നും ഈശോയുടെ ഉത്ഥാനജീവിതം പറഞ്ഞുതരുന്നു.

കേരളത്തിൽ, തിരുവിൽവാമല എന്ന സ്ഥലത്ത്‌ “പുനർജനി നൂഴൽ” എന്നൊരു ആചാരം ഹൈന്ദവ സഹോദരങ്ങൾ നടത്താറുണ്ട്‌. പ്രാർത്ഥിച്ചൊരുങ്ങിയശേഷം പുനർജനി ഗുഹയിലൂടെ ആദ്യം കുനിഞ്ഞുനടന്നും, പിന്നീട്‌ ഇരുന്ന്‌ നിരങ്ങിയും, ശേഷം ഇഴഞ്ഞുമാണ്‌ ഈ പുനർജനി നൂഴൽ പൂർത്തിയാക്കുന്നത്‌. മലയിലെ ഗുഹയ്ക്കുള്ളിലൂടെ നൂഴ്ന്നിറങ്ങി അവസാനം അവരെത്തിച്ചേരുന്നത്‌ വെളിച്ചത്തിലേക്കാണ്‌. അങ്ങിനെ ഇത്‌ പൂർത്തിയാക്കിക്കഴിയുമ്പോൾ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ്‌ ഒരാൾക്ക്‌ പുനർജന്മം സംഭവിക്കുന്നു എന്നൊരു വിശ്വസമാണ്‌ അവർ കാത്തുസൂക്ഷിക്കുന്നത്‌. ഇതുപോലെ, നമ്മുടെ പാപങ്ങൾക്കെല്ലാം പരിഹാരമായി കുരിശിൽ ബലിയായി മാറിയ ഈശോയോടൊപ്പം, വിശുദ്ധ കൂദാശകളിലുടേയും, നോമ്പിൻ ദിനങ്ങളിലെ പുണ്യപ്രവർത്തികളിലൂടേയും സ്വയം വിശുദ്ധീകരിക്കുന്ന പാപപരിഹാരത്തിന്റേതായ ഒരു “നൂഴൽ” നടത്തി മാത്രമേ ദൈവീകപ്രഭചൂടി ഈശോയെത്തിച്ചേർന്ന വിശുദ്ധമായ പുനർജനിയുടെ തീരത്ത്‌ എത്തിച്ചേരാനാകൂ. അപ്പോൾമാത്രമാണ്‌ കാലങ്ങളായി വിശ്വാസികളായ നാം പറയുന്നതും കേൾക്കുന്നതുമായ ഈശോയുടെ ഉത്ഥാനമെന്ന ഈ വലിയ ആത്മീയ സത്യത്തിന്‌ സാധൂകരണം ലഭിക്കുകയുള്ളൂ.

പുതിയ പിറവിയിലേക്ക്‌ മരണം ഒരുവനെ നയിക്കുമെന്ന ഉറപ്പ്‌ ഉള്ളിലുണ്ടായിരുന്നതിനാൽ സോദരീ മരണമേ സ്വാഗതം എന്നാണ്‌ അസ്സീസിയിലെ ഫ്രാൻസീസ്‌ മരണത്തെ വിശേഷിപ്പിച്ചത്‌. മരണം മോശമായൊരു കാര്യമല്ലായെന്നും, മരണത്തിനപ്പുറം പുനർജനിയുടെ തീരത്ത്‌ ഈശോയോടൊപ്പം എത്തിച്ചേരാൻ കഴിയുമെന്നുള്ള അറിവ്‌ നിശ്ചയമായും ഫ്രാൻസീസിനുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ്‌ ഫ്രാൻസീസിന്റെ പേരിലുള്ള സമാധാന പ്രാർത്ഥനയുടെ അവസാന ഭാഗത്ത്‌, മരിക്കുമ്പോഴാണ്‌ ഞങ്ങൾ നിത്യജീവിതത്തിലേക്ക്‌ ജനിക്കുന്നത്‌ എന്ന പ്രത്യാശ പകരുന്ന വാക്കുകളുള്ളത്‌. എന്നിരുന്നാലും ആണ്ടിലൊരിക്കൽ ഫ്രാൻസീസിന്റെ മരണത്തെ ആഘോഷപൂർവം അനുസ്മരിക്കുന്ന ഞങ്ങൾക്കിടയിൽപോലും മരണത്തെ സങ്കടകരമായി അവതരിപ്പിക്കുന്ന രീതികൾ കാണാറുണ്ട്‌. ഈ അടുത്തനാളിൽ ഒരു സഹോദരന്റെ മരണത്തോടനുബന്ധിച്ച്‌ എനിക്ക്‌ ലഭിച്ച അറിയിപ്പിന്റെ മലയാളം ഇപ്രകാരമാണ്‌; ഇന്ന്‌ നമ്മുടെ പ്രിയ സഹോദരൻ മണ്ണിലെ യാത്ര പൂർത്തിയാക്കി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു എന്ന ഏറെ ദുഃഖകരമായ വാർത്ത നിങ്ങളെ ഞാൻ അറിയിക്കുന്നു. എന്തോ, പുനർജനിത്തീരത്ത്‌ ഈശോയോടൊപ്പം ആ സഹോദരൻ എത്തിച്ചേർന്നിരിക്കുന്നതിൽ ഈ വാർത്തപങ്കുവച്ചവർക്ക്‌ സന്തോഷിക്കാൻ കഴിയാത്തതുപോലെ തോന്നിക്കുന്നു.

ഓശാനയിലെ സന്തോഷാരവങ്ങളിൽ മയങ്ങിനിൽക്കാതെ ദൈവാലയം ശുദ്ധമാക്കാനിറങ്ങിയവൻ, സ്വജീവൻ സ്നേഹത്തോടെ പകുത്തേകിയ പെസഹായുടെ അവസാനം തന്റെ ഏറ്റവും പ്രിയപെട്ടവരാൽ ഒറ്റുകൊടുക്കപ്പെട്ടും തള്ളിപ്പറയപ്പെട്ടും തിരസ്കൃതനായവൻ, നന്മകൾ സ്വീകരിച്ചവരാൽ കുരിശുമരണത്തിലേക്ക്‌ നയിക്കപ്പെട്ടവൻ,   അവസാനം ഭൂരിപക്ഷവും പ്രതീക്ഷിക്കാത്തവിധം മരണത്തെ പരാജയപ്പെടുത്തി ഉത്ഥാനം ചെയ്തവൻ, അവനാണ്‌ ലോകരക്ഷകനായ ഈശോ. ഇനി ഈ ഉത്ഥിതനിലാണ്‌ എന്റെ പ്രതീക്ഷയും എന്റെ ആശ്വാസവും. എന്റെ മുന്നോട്ടുള്ള ചുവടുവയ്പുകൾക്കാവശ്യമായ ചോദ്യവും ഉത്തരവുമടങ്ങിയ ഒരേ ഒരു പാഠപുസ്തകം ഞാനീ ഉത്ഥിതനിൽ കാണുന്നു. ഈ ജീവിത പാഠപുസ്തകം പഠിക്കാൻ ഞാൻ മനസായാൽ മണ്ണിലടിഞ്ഞുതീരാത്തതും പുനർജനിത്തീരത്ത്‌ ഈശോയോടൊപ്പം എത്തിച്ചേരാനാകുന്നതുമായ ഒരു ജീവിതം എനിക്ക്‌ സുനിശ്ചിതം.

പുനർജനിത്തീരത്ത്‌ പ്രഭയോടെ നിൽക്കുന്ന ഈശോയുടെ ചാരത്തെത്തിച്ചേരാൻ അവന്റെ ഉത്ഥാനം ആഘോഷിക്കുന്ന എല്ലാവർക്കും സാധിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.

പോൾ കൊട്ടാരം കപ്പൂച്ചിൻ