വാഹനത്തിരക്കുള്ള റോഡിനു കുറുകെ ഒരു മരം വീണാലോ? പിന്നാലെ ഒരു മഴയും വന്നാലോ? വാസ്തവത്തില്‍ അങ്ങനെയാണ് സംഭവിച്ചത്. ഇരുവശത്തുനിന്നും വാഹനങ്ങള്‍ ഇരമ്പിവന്ന്, നിരയായി നിന്നു. നടുവില്‍ മരം വിലങ്ങനെ കിടന്നു.
മുന്നോട്ടുനീങ്ങാന്‍ മാര്‍ഗമില്ല. മഴയത്ത് പുറത്തിറങ്ങാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ഒരു ബാലന് മരത്തിനടുത്തേക്ക് വന്നു. മഴയില്‍ കുളിച്ച് അവന് മരം തള്ളാന്‍ തുടങ്ങി. പിന്നാലെ അനേകം പേര് വന്നു. എല്ലാവരും ഒരുമിച്ചുതള്ളി, മരം മാറി. മഴയും എങ്ങോ മാഞ്ഞുപോയി. പ്രശസ്തമായ ഈ വീഡിയോചിത്രം നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇതിന്റെ സന്ദേശമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്കു കഴിയും. മുതിര്‍ന്നവര്‍ മടിച്ചുനില്ക്കുന്നിടത്ത് മുന്നിട്ടിറങ്ങാന്‍ കുട്ടികള്‍ക്കും കഴിയും. കുട്ടികള്‍ തുടങ്ങിവയ്ക്കുന്നത് തുടരാന്‍ ഒത്തിരിപ്പേര് തയ്യാറാകും. ആഫ്രിക്കയിലെ ആയിരക്കണക്കിനു കുട്ടികള്‍ ദാഹജലത്തിനായി കേഴുന്ന വാര്‍ത്ത കാനഡയിലെ പ്രൈമറിസ്കൂളിലിരുന്ന കൊച്ചുബാലനായിരുന്നു റിയാന്‍. അവര്‍ക്കായി കിണര്‍ നിര്‍മ്മിക്കാന്‍ 70 ഡോളര്‍ മതിയെന്ന് ടീച്ചര്‍ പറഞ്ഞത് അവനെ സ്പര്‍ശിച്ചു.
എങ്ങനെയെങ്കിലും ഒരു കിണര്‍ നിര്‍മ്മിക്കാനുള്ള പരിശ്രമം കൊച്ചുറിയാന് ഏറ്റെടുത്തു. ഒട്ടേറെപ്പേര്‍ പല ഘട്ടങ്ങളിലായി അതിനോടു സഹകരിച്ചു. തല്‍ഫലമായി എഴുന്നൂറിലധികം കിണറുകളാണ് ആഫ്രിക്കയില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത്. ഏഴരലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമായി. ഇതു സാധിച്ചത് ഒരു കുട്ടി മുന്നോട്ടുവന്നതുകൊണ്ടാണ്. അപ്പോള്‍ അതിനോടു ചേരാന്‍ ആയിരങ്ങള്‍ മനസ്സായി. അതേ, നിങ്ങള്‍ കരുത്തുറ്റ ബാലകരല്ലേ? നിങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ മരം മാറും, മഴ മായും, മഴവില്ലു തെളിയും. – ഷാജി മാലിപ്പാറ