‘മാറി മാറി കേന്ദ്രം ഭരിച്ചവര്‍ റബര്‍ കര്‍ഷകരെ വഞ്ചിച്ചു’

0


കോട്ടയം: മാറിമാറി കേന്ദ്രത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നും തെരഞ്ഞെടുപ്പുവേളകളില്‍ ഇതിനെതിരെ രാഷ്ട്രീയ നിലപാടുകളെടുത്ത് പ്രതികരിക്കുവാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ആസിയാന്‍ ഉള്‍പ്പെടെ വിവിധ കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകളിലൂടെ അനിയന്ത്രിതവും നികുതിരഹിതവുമായ റബര്‍ ഇറക്കുമതിക്ക് കളമൊരുക്കി റബര്‍മേഖലയുടെ അടിത്തറ തകര്‍ത്ത് കര്‍ഷകന്റെ നടുവൊടിച്ചത് കോണ്‍ഗ്രസ്‌നേതൃത്വ യുപിഎ സര്‍ക്കാരും ഘടകകക്ഷികളുമാണ്.

റബര്‍ പ്രതിസന്ധിയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താതെ വ്യവസായികളെ സംരക്ഷിക്കുവാന്‍ വേണ്ടി കര്‍ഷകദ്രോഹനിലപാടാണ് മോദിസര്‍ക്കാരും സ്വീകരിച്ചത്. നിരന്തരമുള്ള പ്രഖ്യാപനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കുമപ്പുറം റബറിന്റെ ആഭ്യന്തരവിപണിവില ഉയര്‍ത്തുവാനുള്ള ഒരു സാഹചര്യവും സൃഷ്ടിക്കപ്പെടാത്തതുമൂലം റബര്‍പ്രതിസന്ധി അനിശ്ചിതമായി തുടരുകയാണ്.

റബര്‍ കര്‍ഷകസംരക്ഷകരെന്ന് കൊട്ടിഘോഷിച്ചവര്‍പോലും കര്‍ഷകരെ മറന്ന് നിശബ്ദരായി മാളങ്ങളിലൊളിച്ചിരിക്കുന്നു. ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ഇന്നിപ്പോള്‍ ഏക ആശ്രയം സംസ്ഥാന സര്‍ക്കാരിന്റെ 500 കോടിയുടെ റബര്‍ ഉത്തേജകപദ്ധതിയും, പ്രതീക്ഷ നല്‍കുന്നത് സിയാല്‍ മോഡല്‍ റബര്‍ കമ്പനിയുമാണ്. ചെറുകിട കര്‍ഷകര്‍ക്ക് 150 രൂപ അടിസ്ഥാനവില ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ സമയബന്ധിത നടത്തിപ്പുപോലും പലപ്പോഴും അട്ടിമറിക്കപ്പെടുന്നു.

റബര്‍ പ്രതിസന്ധിയുടെ അതിരൂക്ഷമായ ആഘാതത്തില്‍ തകര്‍ന്നിരിക്കുന്ന ഈ സന്ദര്‍ഭത്തിലെ തെരഞ്ഞെടുപ്പുവേളകളില്‍ ശക്തമായി പ്രതികരിക്കുവാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.