ഓട്ടപ്പന്തയം

0

മത്‌സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത്‌ ഒരുവന്‍ മാത്രമാണെന്നു നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടേ? ആകയാല്‍, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍.കായികാഭ്യാസികള്‍ എല്ലാകാര്യത്തിലും ആത്‌മനിയന്ത്രണം പാലിക്കുന്നു. അവര്‍ നശ്വരമായ കിരീടത്തിനുവേണ്ടിയാണ്‌ അപ്രകാരം ചെയ്യുന്നത്‌; നാം അനശ്വരമായതിനുവേണ്ടിയും.“(1 കോറി. 9 : 24-25)

ഫുട്‌ബോൾ വേൾഡ്കപ്പ് കാണുന്ന നേരത്ത് അദ്‌ഭുതപ്പെടുത്തിക്കളഞ്ഞ ചില കളിക്കാരും ചില നീക്കങ്ങളും ഒക്കെ ഓർക്കുന്നു. ഓരോ സെക്കൻഡിലും അവർ പുലർത്തുന്ന കൃത്യതയും വാശിയും പറയാതിരിക്കാനാവില്ല.  അതുപോലെ എത്ര വേഗത്തിലാണ് വിശ്വനാഥൻ ആനന്ദും കാൾസണുമൊക്കെ ചെസ്സിന്റെ കരുക്കൾ നീക്കുന്നത്, ഒരു നിമിഷത്തിലെ അശ്രദ്ധ അവരുടെ ഭാവിയെത്തന്നെ മാറ്റിയേക്കാം !

നമ്മളൊക്കെ ഓരോരോ ഓട്ടപ്പന്തയങ്ങളിലാണ്. കണിശമായും പൂർത്തിയാക്കേണ്ട പാതകൾ. മാമോദീസാജലം വീണ ഓരോ മനുഷ്യനും സ്വർഗത്തെ ലക്ഷ്യം കണ്ട് ഓടുന്നവരെന്ന് വചനം.

വാശിയോടെ ഓടിത്തീർക്കേണ്ടതിന് പകരം സ്വന്തം ആത്മരക്ഷയോടും ജീവിതകടമകളോടും ഞാൻ പുലർത്തിയ നിസംഗതയും അശ്രദ്ധയും എനിക്ക് സമ്മാനിച്ചത് ശൂന്യതകൾ ആയിരുന്നു എന്ന് മനസ്സ് കുറ്റപ്പെടുത്തുന്നുണ്ട്.. 
ഓടും ഞാൻ, അങ്ങേയറ്റത്തെത്തുവോളം.. ഓട്ടത്തിന്റെ ഭംഗി അല്പം കുറഞ്ഞാലും ഇതൊന്ന് മടുക്കാതെ ഓടിത്തീർക്കാൻ കരുത്തു തരണേ ദൈവമേയെന്നൊരു പ്രാർത്ഥന മാത്രം. 

നിൽക്കാൻ സമയമില്ല..നന്മവരട്ടെ !  

ഫാ. അജോ രാമച്ചനാട്ട്