സച്ചിനോട് അച്ഛന്‍ പറഞ്ഞത്

0
ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുക്കല്‍ക്കറിനെക്കുറിച്ച് നമുക്കറിയാം. ഒരിക്കല്‍  സച്ചിനോട് അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു: ''നീ ഒരു നല്ല ക്രിക്കറ്ററായി വളരുന്നതു കാണാന്‍ എനിക്കു മോഹമുണ്ട്. എന്നാല്‍ അതിനേക്കാള്‍ എനിക്കാഗ്രഹം നീ നല്ലൊരു മനുഷ്യനായിത്തീരാനാണ്.''

 കുട്ടികള്‍ പല കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവരാണ്. എന്നാല്‍ അതില്‍ പ്രധാനമായി പ്രാര്‍ത്ഥിക്കേണ്ടതും ആഗ്രഹിക്കേണ്ടതും  നല്ല വ്യക്തിയായിത്തീരാനാണ്. അതാണ് സച്ചിന്‍റെ അച്ഛന്‍ തന്‍റെ മകനെ ഓര്‍മ്മിപ്പിച്ചത്. പില്ക്കാലത്ത് സച്ചിന്‍റെ ജീവിതത്തില്‍ ആ പ്രാര്‍ത്ഥന സഫലമാകുന്നതും ലോകം കണ്ടു.
 
പഠിക്കുന്ന കുട്ടികളോട് എല്ലാവരും  പൊതുവെ പറയുന്നത് നന്നായി പഠിക്കാനുള്ള ബുദ്ധിക്കുവേണ്ടി, പഠിച്ചത് ഓര്‍ക്കാന്‍വേണ്ടി, നല്ല വിജയം കിട്ടാന്‍വേണ്ടി ഒക്കെ പ്രാര്‍ത്ഥിക്കണമെന്നാണ്.പരീക്ഷാവിജയത്തോടൊപ്പം സല്‍സ്വഭാവം, നല്ല ആരോഗ്യം, നന്മനിറഞ്ഞ ജീവിതം എന്നിവയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍  കുറവാണെന്ന് തോന്നുന്നു. അതുകൊണ്ട് ഇനിയുള്ള പ്രാര്‍ത്ഥനകളില്‍ ഇക്കാര്യം കൂടി ചേര്‍ക്കണം.
 
അതുപോലെ പഠനവുമായി ബന്ധമുള്ള എല്ലാ സാഹചര്യങ്ങളേയും വ്യക്തികളെയും ഓര്‍ത്തു പ്രാര്‍ത്ഥിക്കേണ്ടതും അത്യാവശ്യമാണ്.

 അധ്യാപകര്‍, സഹപാഠികള്‍, സ്‌കൂളിലെ മറ്റു കുട്ടികള്‍, അധ്യാപകരല്ലാത്ത ജോലിക്കാര്‍, സ്‌കൂള്‍വാഹനത്തിന്റെ ഡ്രൈവര്‍, മറ്റു സഹായികള്‍ തുടങ്ങി നമ്മുടെ പഠനമേഖലയുമായി ബന്ധമുള്ള എല്ലാവരേയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണം. 

കാരണം, ടീച്ചറിനു ആരോഗ്യവും സന്തോഷവും ഉണ്ടായാലല്ലേ നന്നായി പഠിപ്പിക്കാന്‍ പറ്റൂ. കൂട്ടുകാര്‍ നല്ലവരും മിടുക്കരുമായിരുന്നാലല്ലേ നമ്മുടെ കാര്യങ്ങളും വിജയകരമായി നടക്കൂ. 

നാം ഇടപെടുന്ന രംഗങ്ങളെല്ലാം നല്ലതായിരുന്നാല്‍ അതു നമുക്ക് കൂടുതല്‍ നന്മ വരുത്തും.  എല്ലാവരുടെയും നന്മ ആഗ്രഹിക്കുക, അതോടൊപ്പം സ്വയം നല്ലൊരു വ്യക്തിയായിത്തീരാനും ശ്രമിക്കുക. അതിനായി പ്രാര്‍ത്ഥിക്കുക.
 നല്ല വ്യക്തികളാണ് നന്മയുള്ള സമൂഹത്തെ രൂപപ്പെടുത്തുന്നത് എന്ന കാര്യം മറക്കാതിരിക്കാം

ഷാജി മാലിപ്പാറ