കാറ്റക്കൂമ്പുകള്‍ നാലാം ഭാഗം
പോപ്പ് കൊര്‍ണേലിയൂസ്
ചെവിവേദന, അപസ്മാരം, പനി, വളര്‍ത്തുമൃഗങ്ങള്‍ ഇവയുടെ മദ്ധ്യസ്ഥന്‍ എന്നിവയുടെ മധ്യസ്ഥനാണ് ഇദ്ദേഹം. 251 മാര്‍ച്ച് മുതല്‍ 253 ജൂണ്‍വരെ മാര്‍പാപ്പയായിരുന്നു .അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് പതിനാലുമാസങ്ങള്‍ സഭയില്‍ മാര്പാപ്പയില്ലായിരുന്നു.തിരഞ്ഞെടുപ്പിന്റെ ആ കാലത്ത് മാര്‍പാപ്പയാകാന്‍ സാധ്യതയുണ്ടായിരുന്ന ബിഷപ് മോസസ് മതമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നീണ്ടുപോയത്. 21-ാമത്തെ പാപ്പയായിരുന്നു കൊര്‍ണേലിയൂസ് പാപ്പ. എങ്കിലും താമസിയാതെ പോപ്പ് കൊര്‍ണേലിയൂസ് ഇറ്റലിയിലെ ചെന്തുംചെല്ലായെ (Centumcellae) യിലേക്കു മതമര്ദനത്തെത്തുടര്ന്ന് നാടുകടത്തപ്പെട്ടു. 253 ജൂണില്‍ അദ്ദേഹത്തെ ശിരസ് ഛേദിച്ച് വധിക്കപ്പെട്ടു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം തിരുശേഷിപ്പ് റോമില്‍ കൊണ്ടുവന്ന് അടക്കുകയായിരുന്നു.
വിശുദ്ധ സിസിലി
സംഗീതത്തിന്റെ മദ്ധ്യസ്ഥയാണ് വിശുദ്ധ സിസിലി.
റോമിലെ ഒരു ഉന്നത കുടുംബത്തില്‍ ജനിച്ച വിശുദ്ധ സിസിലിയും ഭര്‍ത്താവ് വലേറിയനും സഹോദരന് തിബുര്തിയൂസും 230 ല്‍ രക്തസാക്ഷികളായവരാണ്.
സിസിലിയെക്കുറിച്ച് ഏറെ വിവരങ്ങളൊന്നും സഭയ്ക്കു ലഭിച്ചിട്ടില്ല. അവളെക്കുറിച്ചുള്ള പാരമ്പര്യമിതാണ്. കന്യകയായി ജീവിക്കാനാഗ്രഹിച്ച അവള്‍ക്ക്, മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു വിജാതീയ യുവാവുമായുള്ള വിവാഹത്തിനു സമ്മതിക്കേണ്ടി വന്നു. വിവാഹവിരുന്നിലെ സംഗീതത്തിനിടെ സിസിലി ഹൃദയത്തില്‍ ദൈവസ്തുതികള്‍ പാടി ലയിച്ചിരുന്നു. (അങ്ങനെയാണവള്‍ പാട്ടുകാരുടെ മദ്ധ്യസ്ഥയായത്). ചടങ്ങുകള്‍ക്കുശേഷം അവള് ഭര്‍ത്താവ് വലേറിയനോട്, തന്നെ ഒരു മാലാഖ നിരന്തരം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്റെ കന്യാത്വത്തെ മാനിച്ചില്ലെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുമെന്നും വെളിപ്പെടുത്തി. എങ്കില്‍ ആ മാലാഖയെ കാണണമെന്നായി വലേറിയന്‍. ആപ്പിയന്‍ വഴിയിലെ മൂന്നാമത്തെ മൈല്‍ക്കുറ്റിയുടെ സമീപത്തേക്കു പോവുകയും മാമോദീസാ സ്വീകരിക്കുകയും ചെയ്താല്‍ മതി എന്നായിരുന്ന അവളുടെ മറുപടി. അതനുസരിച്ച വലേറിയന്‍ റോസും ലില്ലിപ്പൂക്കളുംകൊണ്ട് അവളുടെ ശിരസില്‍ കിരീടമണിയിച്ചു നില്ക്കുന്ന മാലാഖയെ കാണുകയും ചെയ്തു. അതോടെ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെട്ട വലേറിയന്‍ ഒടുവില്‍ രക്തസാക്ഷിയായി.
ശിരസുഛേദിച്ചാണ് സിസിലിയെ വധിച്ചത്. അവളുടെ കഴുത്തില്‍ മൂന്നുതവണ വെട്ടിയെങ്കിലും ശിരസ്സറ്റുപോകാതെ മൂന്നുദിവസം ആ ശരീരത്തില്‍ ജീവന് തങ്ങിനിന്നു. സെന്റ് കലിസ്റ്റസ് കാറ്റക്കൂമ്പില്‍ ആ ശരീരം 821 ല്‍ കണ്ടെത്തുമ്പോള്‍ കിടന്നിരുന്ന അതേ രൂപത്തില്‍, അതേ ഇടത്തില്‍ ഒരു മാര്‍ബിള്‍ ശില്പമുണ്ട്.
821 ല്‍ അവളുടെ നാമത്തില്‍ ടൈബര്‍ നദിയുടെ തീരത്തു പണികഴിപ്പിച്ച ബസിലിക്കയിലേക്കു അവളുടെ മൃതദേഹം മാറ്റി. 1599 ല്‍ കല്ലറ തുറന്നു നോക്കുമ്പോഴും ആ ശരീരം കേടുകൂടാതെതന്നെയാണ് കാണപ്പെട്ടത്. നവംബര്‍ 21 ന് അവളുടെ തിരുനാള്‍ ദിനത്തില്‍ ഇപ്പോഴും റോമില്‍ സംഗീതക്കച്ചേരി നടത്തുന്ന പതിവുണ്ട്.
സെന്റ് താര്‍സിയൂസ്
അള്‍ത്താര ശുശ്രൂഷകരുടെ മദ്ധ്യസ്ഥന്‍ ആണ് സെന്റ് താര്‍സിയൂസ്. 1599 ല്‍ ജനിച്ച് 1621 ല്‍ മരണമടഞ്ഞ വിശുദ്ധ ജോണ്‍ ബര്ക്കുമാന്സിനെയാണ് അള്‍ത്താരശുശ്രൂഷകരുടെ മദ്ധ്യസ്ഥനായി തിരുസഭ ഇപ്പോള്‍ വണങ്ങുന്നത്.
മൂന്നാം നൂറ്റാണ്ടില്‍, വിശുദ്ധ കുര്‍ബാനയുടെ രക്തസാക്ഷിയായ ഒരു അള്‍ത്താരബാലനാണ് താര്‍സിയൂസ്. ആ കഥയിങ്ങനെ: മതമര്‍ദ്ദനകാലം . പലപ്പോഴും ബിഷപ്പുമാരും വൈദികരുമുള്പ്പെടെയുള്ള ക്രിസ്ത്യാനികളെ, അവര്‍ കൂട്ടത്തോടെ രഹസ്യമായി പ്രാര്‍ത്ഥിക്കുന്ന ഇടങ്ങളില്‍നിന്ന് പിടികൂടി കൊല്ലുകയും തടവിലാക്കുകയും ചെയ്തിരുന്നു. വിശുദ്ധകുര്‍ബാന സ്വീകരിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്ന അവര്‍ക്ക് വല്ലപ്പോഴുമൊക്കെ വളരെ രഹസ്യമായി അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നു. (വൈദികര്‍ കൊണ്ടുപോയാല്‍ എളുപ്പത്തില്‍ പിടികൂടപ്പെടും എന്നുള്ളതിനാല്‍ നല്ലവരായ അല്മായരെ അതേല്പിക്കുകയായിരുന്നു പതിവ്). ഒരിക്കല്‍ കുര്‍ബാനയ്ക്കുശേഷം, വിശുദ്ധ കുര്‍ബാനയുമായി ജയിലിലേക്ക് ആരുപോകുമെന്ന അച്ചന്റെ ചോദ്യത്തിന് അള്‍ത്താര ബാലനായ താര്‍സിയൂസ് സന്നദ്ധനായി മുന്നോട്ടുവന്നു.
ഇത്ര ചെറിയ കുട്ടിയെ എങ്ങനെ പറഞ്ഞുവിടുമെന്ന ആശങ്കയായി അച്ചനും ജനങ്ങള്‍ക്കും. താന്‍ ചെറിയ കുട്ടിയായതിനാല്‍ തന്നെ ആരും സംശയിക്കുകയില്ലെന്നും മാത്രമല്ല, ജീവന് പോയാലും താന്‍ വിശുദ്ധകുര്‍ബാന സംരക്ഷിക്കുമെന്നും അവന് വാക്കുകൊടുത്തു. അവന്റെ ഭക്തിയും ദൈവസ്നേഹവും അടുത്തറിയാമായിരുന്ന അച്ചനും ജനങ്ങളും മനസ്സില്ലാമനസ്സോടെ അനുവദിച്ചു. അങ്ങനെ വിശുദ്ധ കുര്‍ബാന ഒരു ലിനന്‍തുണിയില്‍ പൊതിഞ്ഞ് ഒരു കുഞ്ഞു ചെപ്പിലാക്കി അവനുനല്കി. വിശുദ്ധകുര്‍ബാന നെഞ്ചോടടുക്കിപ്പിടിച്ച് ദൈവസ്നേഹത്തില്‍ നിറഞ്ഞുള്ള ആ യാത്രയ്ക്കിടയില്‍ അറിയാതെ വഴിതെറ്റി. ചെന്നുപെട്ടത് സ്കൂളിലെ തന്റെ സഹപാഠികള്‍ കളിക്കുന്ന ഇടത്തിലായിരുന്നു. അവരവനെ കളിക്കാന്‍ വിളിച്ചു.
തനിക്കൊരു പ്രധാനപ്പെട്ടകാര്യം ചെയ്യാനുണ്ടെന്നു പറഞ്ഞ് കളിക്കാന്‍ വിസമ്മതിച്ച അവനെ കൂട്ടുകാര്‍ വിട്ടില്ല. അപ്പോഴാണ് അവന് കയ്യിലെന്തോ ഒളിച്ചുപിടിച്ചിരിക്കുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്. പിന്നെ അതെന്താണെന്നറിയാനായി അവരുടെ ശ്രമം. കാണിച്ചുതരില്ലെന്ന് താര്സിയൂസും. അതോടെ അതു പിടിച്ചെടുക്കാനുള്ള പിടിവലിയായി. അതിനിടെ താര്‍സിയൂസ് അറിയാതെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ഈശോയേ, എന്നെ സഹായിക്കണേ. അതു കേള്‍ക്കാനിടയായ കുട്ടി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഇവനൊരു ക്രിസ്ത്യാനിയാണ്. അവരുടെ എന്തോ രഹസ്യം അവന്റെ കയ്യിലുണ്ട്. അതോടെ മറ്റു കുട്ടികള്‍ അവനെ ഇടിച്ചും തൊഴിച്ചും ആവുന്നവിധത്തിലെല്ലാം വിശുദ്ധകുര്‍ബാന പിടിച്ചെടുക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അതുവഴി മുതിര്‍ന്ന ഒരാള്‍ വന്നത്. വിവരമന്വേഷിച്ച അയാളോട് ഇവനൊരു ക്രിസ്ത്യാനിയാണെന്നും അവന് ഒളിപ്പിച്ചു പിടിച്ചിരിക്കുന്നതെന്താണെന്നറിയാന് ശ്രമിക്കുകയാണെന്നും അവര്‍ മറുപടി നല്കി.
ആ മനുഷ്യന് ക്രോധത്തോടെ താര്സിയൂസിനെ മാരകമായി പ്രഹരിച്ചു വീഴ്ത്തി. അപ്പോള്‍ അതുവഴി വന്ന ഒരു പട്ടാളക്കാരന് ഇടപെട്ടു. അയാള്‍ ആ കുട്ടികളെ പിടിച്ചു മാറ്റി. താര്സിയൂസിനെ കോരിയെടുത്ത് സ്വസ്ഥമായ ഒരിടത്തിരുന്നു. കണ്ണുതുറന്ന താര്‍സിയൂസ് ആ മനുഷ്യനെ തിരിച്ചറിഞ്ഞു. പലപ്പോഴും കാറ്റക്കൂമ്പിലെ രഹസ്യസമ്മേളനങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ വരാറുള്ള ക്വാദത്രുസ് എന്ന പടയാളി. തന്റെ കൈയില്‍ വിശുദ്ധകുര്ബാനയുണ്ടെന്നും അത് തടവറയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട അവന് ആ സൈനികന്റെ കൈകളില്‍ കിടന്ന് മരിച്ചു.
താര്സിയൂസിന്റെ മൃതദേഹം പരിശോധിക്കുമ്പോള്‍ നെഞ്ചോടടുക്കിപ്പിടിച്ചിരുന്ന കൈകളിലോ ആ കുഞ്ഞുചെപ്പിലോ തിരുവോസ്തിയില്ലായിരുന്നു എന്നൊരു മനോഹരമായ പാരമ്പര്യം കൂടിയുണ്ടെന്ന് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പറയുന്നു. ആ തിരുവോസ്തി താര്സിയൂസിന്റെ ശരീരവുമായി ലയിച്ചു ചേര്‍ന്നിട്ടുണ്ടാവണം. ജിവിതത്തിലും മരണത്തിലും യേശുവിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിരുന്ന തന്റെ കുഞ്ഞുസ്നേഹിതനെ യേശുവും തന്റെ ഹൃദയത്തോട് നിത്യമായി ചേര്‍ത്തുപിടിച്ചു!
( തുടരും)
സിസ്റ്റര്‍ ശോഭ സിഎസ്എന്‍