ഉപ്പ്

0

ഉപ്പ്‌ നല്ലതാണ്‌. എന്നാല്‍, ഉറകെട്ടുപോയാല്‍ പിന്നെ എന്തുകൊണ്ട്‌ അതിന്‌ ഉറകൂട്ടും? (മര്‍ക്കോ 9 : 50)

ഒരു ഗ്രാമത്തിൽ അനാഥനായ ഒരു ബാലൻ ഉണ്ടായിരുന്നു. പറയാൻ ഒരു കുടുംബപ്പേരോ ചൂണ്ടിക്കാണിക്കാൻ ഒരു പിതാവോ ഇല്ലാതിരുന്ന അവൻ ദുഖിതനും നിരാശനുമായിരുന്നു.ആരോടും അതികം സംസാരിക്കാതെ എല്ലാവരിലും നിന്ന് ഒഴിഞ്ഞുമാറിയാണ് അവൻ ജീവിച്ചിരുന്നത്. അവനൊരിക്കലും ദേവാലയത്തിൽ പോയിരുന്നില്ല. ഒരു ഞായറാഴ്ച ആ ഗ്രാമത്തിലേക്ക് പുതിയൊരു പാസ്റ്റർ വന്നു. അദ്ദേഹത്തിൻ്റെ പ്രസംഗം വളരെ മനോഹരമായിരുന്നതിനാൽ ഒരു ഞായറാഴ്ച ഈ ബാലനും ദേവാലയത്തിലേക്ക് പോയി. പ്രസംഗം ഇഷ്ടപ്പെട്ട അവൻ എല്ലാ ഞായറാഴ്ചകളിലും ദേവാലയത്തിൽ പോകാൻ തുടങ്ങി. അവന് മറ്റുള്ളവരോട് സംസാരിക്കാനും ഇടപഴകാനും ഇഷ്ട്ടമില്ലാതിരുന്നതുകൊണ്ട് വൈകിയാണ് ദേവാലയത്തിൽ എത്തിയിരുന്നത്. അതുപോലെ എല്ലാം കഴിയുന്നതിനുമുന്പ് തന്നെ അവൻ എഴുന്നേറ്റ് പോരുമായിരുന്നു. എല്ലാവരെയും ഒഴിവാക്കുക എന്നുള്ളതായിരുന്നു അവൻ്റെ ലക്‌ഷ്യം. ഒരു ഞായറാഴ്ചയിലെ പ്രസംഗം അവനെ വളരെ ആകർഷിച്ചതിനാൽ അവൻ അതിൽ ലയിച്ചിരുന്നു. സമയത്തിന് മുൻപേ പുറത്തുകടക്കാനായി അവന് സാധിച്ചില്ല. അവൻ പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത് പുറത്തേക്ക് നടക്കാനായി തുടങ്ങി. പെട്ടെന്നാണ് ഒരു കൈ അവൻ്റെ ചുമലിൽ പതിഞ്ഞത്. അവൻ തിരിഞ്ഞു നോക്കിയപ്പോൾ അത് പാസ്റ്റർ ആയിരുന്നു. അദ്ദേഹം ചോദിച്ചു. “നിൻ്റെ പേരെന്താണ് ? നീ ആരുടെ മകനാണ്?”. എന്ത് ചോദ്യമാണോ അവൻ കേൾക്കാതിരിക്കാൻ ആഗ്രഹിച്ചത് ആ ചോദ്യമാണ് അപ്പോൾ പാസ്റ്റർ ചോദിച്ചത്. അവന് വളരെ വിഷമം തോന്നി. എന്ത് പറയണമെന്നറിയാതെ നിൽക്കുമ്പോൾ പാസ്റ്റർ അവനോട് പറഞ്ഞു. “എനിക്ക് നിന്നെ അറിയാം. നിൻ്റെ കുടുംബം അറിയാം. നീ ആരുടെ മകനാണെന്നും അറിയാം. അത് നിൻ്റെ മുഖത്ത് പ്രകടമാണ്”. ഇത് കേട്ട് അത്ഭുതപ്പെട്ടുപോയ ബാലനോട് പാസ്റ്റർ പറഞ്ഞു “നീ ദൈവത്തിൻ്റെ മകനാണ്”  ഈ വാക്കുകൾ ആ ബാലനെ വളരെ അധികം സ്പർശിച്ചു. ടെന്നസിയുടെ ഗവർണ്ണർ ആയി രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട ബെൻ ഹൂപ്പർ ആയിരുന്നു ആ ബാലൻ.

പൈതൃകമായി ലഭിച്ചവയെ ഓർത്ത് അഭിമാനം കൊള്ളുന്നവരാണ് നാമെല്ലാവരും. നമ്മുടെ കുടുംബ മഹിമയും സത്‌പേരുമെല്ലാം നാം വളരെ അധികം ഇഷ്ടപ്പെടുന്നു. പക്ഷേ അതിലും വലുതായ ഒന്നുണ്ട്. ഞാൻ ദൈവത്തിൻ്റെ മകൻ/മകൾ ആണെന്ന സത്യം. അതിനെപ്പറ്റി എത്രമാത്രം നമുക്ക് ബോധ്യങ്ങളുണ്ട്. മറ്റേതു അനുഗ്രഹത്തെക്കാളും എത്രയോ വലുതാണ് ദൈവത്തിൻ്റെ സ്വന്തമാവുക, ദൈവത്തിൻ്റെ മാത്രമാവുക എന്ന അവസ്ഥ. പക്ഷേ പലപ്പോഴും ഈ യാഥാർഥ്യം നമ്മൾ മറന്നുപോവുകയാണ് ചെയ്യുക.

ഇന്നത്തെ ചിന്തയിൽ ഈശോ നമ്മോട് പറയുന്നത് ദൈവമകനെന്ന സ്ഥാനത്തിൻ്റെ നന്മയും ചൈതന്യവും നഷ്ടപ്പെടുത്തരുതെന്നാണ്. അവൻ ഒറ്റിക്കൊടുക്കപ്പെട്ടതും, മുൾമുടി  അണിയിക്കപ്പെട്ടതും ചമ്മട്ടിയടി ഏറ്റതും നിന്നെ സ്വന്തമാക്കാനായിരുന്നു. വലിയ കുരിശുമരം അവൻ ചുമന്നത് നിൻ്റെ പാപങ്ങൾക്ക് പരിഹാരമായിട്ടായിരുന്നു. അവൻ കാൽവരിയിൽ നഗ്നനായത് നിന്നെ വിശുദ്ധിയുടെ വസ്ത്രം ധരിപ്പിക്കാനായിരുന്നു. അവൻ മൂന്നാണികളിൽ തൂങ്ങിയത് നീ എപ്പോഴും തലയുയർത്തി നടക്കാനായിരുന്നു. ഗാഗുൽത്തായിലെ മരക്കുരിശിലെ അവസാനതുള്ളി ചോരയും ചിന്തപ്പെട്ടത് നിനക്ക് വേണ്ടിയായിരുന്നു എന്നത് മറക്കരുത്. ഇതെല്ലാം ചെയ്ത യേശുവിനെ പിഞ്ചെല്ലുന്നതിൽ നീ എത്രമാത്രം തീഷ്ണതയുള്ളവനാണ്?

കൃഷിക്കാരനെ വിയർപ്പും ചാണകവുമെല്ലാം മണക്കും. മത്സ്യവ്യാപാരിയെ മത്സ്യം മണക്കും. ക്രിസ്ത്യാനി ക്രിസ്തുവിന്റെ ഗന്ധം പരത്തുന്നുണ്ടോ?

ശുഭരാത്രി

Fr Sijo Kannampuzha OM