തേടുവതാരേ നീ?

0
യേശുവോ ശിഷ്യന്‍മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളങ്ങളില്‍ കയറി യേശുവിനെത്തിരക്കി കഫര്‍ണാമിലെത്തി”
(യോഹ 6 : 24).
 ആബേലച്ചന്റെ പ്രശസ്തമായ രചനയാണ് ‘ഈശ്വരനെ തേടി ഞാനലഞ്ഞു’ എന്ന ഗാനം. ഈശ്വരനെ തേടിയുള്ള മനുഷ്യന്റെ അലച്ചിലിന് അവന്റെ ചരിത്രത്തിന്റെ പഴക്കമുണ്ട്. മനുഷ്യൻ ദൈവത്തെ അന്വേഷിക്കുന്നതിന്കാരണം ആ ദൈവത്തിന് മാത്രമേ അവന്റെ അന്തർദാഹം തീർക്കാൻ സാധിക്കുകയുള്ളൂ എന്നുള്ളതാണ്.
മനുഷ്യന് ആത്യന്തികമായി ശാന്തി ലഭിക്കുന്നത്, സമാധാനം ലഭിക്കുന്നത്, തൃപ്തി ലഭിക്കുന്നത് ദൈവത്തിൽനിന്നാണ്. മറ്റുള്ളവയെല്ലാം അവന് നൽകുക താൽക്കാലികമായ ഒരു വിടുതൽ മാത്രമായിരിക്കും. കാരണം അവന്റെ സൃഷ്ടാവിനുമാത്രമേ അവനെ പൂർണ്ണമായി അറിയാനാകൂ.
 അതുകൊണ്ട് തന്നെയാണ് അവൻ അവസാനം ഉള്ളിലേക്ക് നോക്കുന്നതും  ഉള്ളിലെ ദൈവത്തെ തിരിച്ചറിയുന്നതും. വിശുദ്ധ അഗസ്റ്റിൻ ഇങ്ങനെ പറഞ്ഞു – ദൈവമേ അങ്ങേ വിലയം പ്രാപിക്കുവോളം എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു’.
 നമ്മളെല്ലാവരും ഇന്ന് ആരാധനാലയങ്ങളിൽ പോകുന്നവരാണ്. പക്ഷേ നാം ദൈവത്തെ കണ്ടുമുട്ടുന്നുണ്ടോ? നാം ദൈവത്തെ അന്വേഷിക്കുന്നവരാണ്, പക്ഷേ ദൈവത്തിൽ എത്തിച്ചേരുന്നുണ്ടോ? ഉത്തരം പലപ്പോഴും ഇല്ല എന്നായിരിക്കും, കാരണം നമ്മൾ അന്വേഷിക്കുന്നത് നമ്മുടെ മനസ്സിൽ ആഗ്രഹിക്കുന്ന, വരച്ചുവച്ചിരിക്കുന്ന, സ്വപ്നംകാണുന്ന ദൈവത്തെയാണ്. നമ്മൾ അന്വേഷിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന ദൈവത്തെ കണ്ടെത്താനാവാതെ വരുമ്പോൾ, അല്ലെങ്കിൽ ദൈവം അതല്ല എന്ന് തിരിച്ചറിയുമ്പോൾ നാം നിരാശരാകുന്നു. ഞാൻ കണ്ടുമുട്ടിയ ദൈവം എന്നോട് ത്യാഗവും ദയയും ക്ഷമയും ധർമ്മവും നീതിയും ആവശ്യപ്പെടുമ്പോൾ ആ ദൈവത്തെ സ്വീകരിക്കാൻ എനിക്കാവുന്നുണ്ടോ?
ഇന്ന് സത്യദൈവത്തെയല്ല, ഇഷ്ടദൈവത്തെയാണ് നാം തേടുന്നത്. തിരുവചനം പറയുന്നു ‘സത്യം നിങ്ങളെ സ്വാതന്ത്രരാക്കും”. സത്യദൈവത്തെ തിരയുന്ന, ആ ദൈവത്തെ മനസ്സിൽ കുടിയിരുത്തുന്ന, ആ ദൈവത്തെ അപരനിൽ ദർശിക്കുന്ന ദിവസം വേഗം ആഗതമാകട്ടെ..
ശുഭരാത്രി.
Fr. Sijo Kannampuzha OM