സെക്യൂരിറ്റി

0

ആശുപത്രി പരിസരത്ത് കുറച്ചധികം സമയം വെറുതെ നിന്നപ്പോഴാണ് ലൂയി ചേട്ടനെ പരിചയപ്പെട്ടത്, സെക്യൂരിറ്റിയാണ്. വഴി പറഞ്ഞു കൊടുക്കാനും കടന്നു വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാനുമൊക്കെ അതീവ ജാഗ്രതയോടെ ലൂയി ചേട്ടൻ നിൽക്കുന്നത് കാണാൻ രസമായിരുന്നു.ഞങ്ങളുടെ സംഭാഷണങ്ങൾക്കിടയിലും അദ്ദേഹം അതൊക്കെ തുടർന്നുകൊണ്ടിരുന്നു.

വീടടുത്താണ്, രണ്ടു മക്കൾ. ഏതൊരു കുടുംബത്തേയും പോലെതന്നെ ഭാരം മുഴുവൻ വഹിക്കുന്ന വിയർക്കുന്ന ഒരപ്പൻ. തൻ്റെ ജീവിതത്തിൻ്റെ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും പറയുമ്പോഴും ഒരു പുഞ്ചിരി നഷ്ടമാക്കാതെ പറയാൻ ലൂയി ചേട്ടനു കഴിഞ്ഞു. പതിവു രീതിയിൽ ‘എല്ലാം ശരിയാകും’ എന്ന ഉത്തരത്തിൽ അവിടം വിടുമ്പോൾ തൊട്ടാണ് സെക്യൂരിറ്റി ചേട്ടൻമാരെ നിരീക്ഷിച്ചു തുടങ്ങുന്നത്.

എൻ്റെ അപ്പൻ്റെ പ്രായമാണ് പലർക്കും. പ്രായത്തിൻ്റെ ആലസ്യമൊക്കെ ഉണ്ടായിട്ടുപോലും സ്വന്തമായി വിയർപ്പൊഴുക്കുന്ന ചിലർ.രാവിലെ മുതൽ ഒരു യൂണിഫോമിൻ്റെ പിൻബലത്തിൽ ആ ഇടത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്താൻ അവരിങ്ങനെ നിലകൊള്ളുന്നു. സുരക്ഷിതത്വമാണവർ തരുന്നത്. പ്രായത്തിൻ്റെ തളർച്ചകളുണ്ടെങ്കിലും അവർ സെക്യൂരിറ്റികളാണ്. ഒന്ന് തള്ളിയാൽ ഇടറി വീഴുന്ന ദുർബലരാണതിൽ പലരും, എങ്കിലും അവർ സെക്യൂരിറ്റികളാണ്.

മാർച്ച് 19 ഔസേപ്പിതാവിൻ്റെ ഓർമ്മയാണ്. ജോസഫും അത്രമാത്രമല്ലേ ചെയ്തത്. സെക്യൂരിറ്റി ചേട്ടൻ്റെ പണി. തിരുകുടുംബത്തെ സുരക്ഷിതമാക്കി. ഒരശ്രദ്ധ കൊണ്ടു പോലും മറിയത്തിനും കുഞ്ഞിനും മങ്ങലുണ്ടാകരുതെന്ന് ആഗ്രഹികുന്ന അപ്പനാണവൻ. നമ്മുടെ അപ്പൻമാരും ജോസഫിനെപ്പോലെ തന്നെ…..ജീവിതം സുരക്ഷിതമാക്കാൻ വെയിലു കൊള്ളുന്നവർ. എല്ലാ അപ്പൻമാർക്കും ജോസഫിൻ്റെ മുഖമാണ്.സംരക്ഷണത്തിൻ്റെ ചിറകുകൾക്കിടയിൽ അവർ നമ്മെ ചേർത്തു പിടിക്കുന്നതിൻ്റെ ബലത്തിലാണ് ഓരോ കുടുംബവും പറന്നുയരുന്നത്.

നസ്രത്തിലെ ആ തച്ചനാണ് താരം. വിയർപ്പിൻ്റെ, തൊഴലിൻ്റെ ആത്മീയ ദൂരം അവനിൽ നിന്ന് തുടങ്ങുകയാണ്. തിരുകുടുംബത്തിന് സുരക്ഷിതത്വം നൽകുക എന്നതായിരുന്നു ജോസഫിൻ്റെ വിളി. ഒരു സെക്യൂരിറ്റിയാവുക. അപ്പൻ ആലിപ്പഴം പോലാണെന്ന് കേട്ടിട്ടുണ്ട്. അമ്മയെന്ന മഴയിൽ ഇടയ്ക്കൊക്കെ നമ്മൾ നനയാറുണ്ട്. പക്ഷെ അപ്പൻ ആലിപ്പഴം പ്പോലെ…..! വർഷത്തിൽ ഒന്നോ രണ്ടോ.., അത്രയുള്ളു. സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും ചില സ്വർഗ്ഗീയ നിമിഷങ്ങൾ നൽകാൻ അപ്പൻമാർ ഇടയ്ക്കൊക്കെ വരും….. സുവിശേഷത്തിലെ ജോസഫിനെപ്പോലെ, ആലിപ്പഴം പോലെ.
 

ജോസഫുമാർ നമ്മുടെ അപ്പൻമാരാണ്. ഇത് അവരുടെ ദിനം കൂടിയാണ്. അധികമൊന്നും സ്നേഹം പുറത്തു കാണിക്കാതെ അവരിങ്ങനെ ഗൗരവത്തിൻ്റെ മുഖംമൂടിയിൽ ഉള്ളു നിറയെ തുളുമ്പുന്ന സ്നേഹവുമായി കൂടെയുണ്ട്. തച്ചനും ഉണ്ണിമിശിഹായെ വളർത്തിയവനുമായ ജോസഫിനെ ഓർക്കുന്ന ഇന്ന് നമ്മുടെ കുടുംബത്തെ സെക്യൂരിറ്റിമാരെ ഓർക്കാം.

ദൂരെ വല്ലോം ആണെങ്കിൽ ഒന്ന് വിളിക്കാം. അതുമല്ലെങ്കിൽ മിഴി പൂട്ടി ഒന്നോർക്കാം.കുഞ്ഞുനാൾ മുതൽ വളർത്തിയെടുത്ത്  ചിറകുകൾക്ക് ജീവൻ നൽകിയ അപ്പനെ. ആ വിയർപ്പിൽ നമ്മുടെ അന്നമുണ്ട്. ജീവിതത്തിന് ഒരു ‘സെക്യൂരിറ്റി’ ഉണ്ട്. തച്ചനാണ് താരം, ജോസഫ് !

ഫാ. ബിബിൻ ഏഴുപ്ലാക്കൽ Mcbs