വിത്തുവിതയ്‌ക്കേണ്ട സമയം

0


രാവിലെ വിത്തുവിതയ്ക്കുക. വൈകുന്നേരവും കൈ പിന്‍വലിക്കരുത്( സഭാ: 11;6)

ഇതാ, ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് ഒരു പ്രഭാതം കൂടി വന്നുചേര്‍ന്നിരിക്കുന്നു. ഈ പ്രഭാതത്തെ ഞാന്‍ എങ്ങനെ നോക്കിക്കാണുന്നു എന്നത് അനുസരിച്ചാണ് ഇനിയുള്ള മണിക്കൂറുകള്‍ എല്ലാം കടന്നുവരാന്‍ പോകുന്നത്.

ഊര്‍ജ്ജ്വസ്വലവും പ്രവര്‍ത്തനനിരതവുമായ ഒരുദിവസം ആയിരിക്കണം നമ്മുടേത്. നാം ആരുമായിക്കൊള്ളട്ടെ നമുക്കെല്ലാം നമ്മള്‍ ആയിരിക്കുന്ന അവസ്ഥയില്‍ കുറെയധികം ഉത്തരവാദിത്തങ്ങളുണ്ട്, കടമകളുണ്ട്, പരസ്പരം നിവര്‍ത്തിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അവ ഏറ്റവും ഭംഗിയായി ചെയ്യുക.

ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് ഫലം വരുന്നത്. ചെയ്യാതെ അലസമായി കൈയും കെട്ടിയിരുന്നാല്‍ ഒരു ഫലവും നമ്മെ തേടിവരില്ല. പലരുടെയും ദിവസത്തെ ഇന്നത്തെകാലത്ത് നിഷ്പ്രയോജനകരമാക്കിത്തീര്‍ക്കുന്നത് അമിതവും അനാവശ്യവുമായ ഇന്റര്‍നെറ്റ് ഉപയോഗമാണ്. ഫേസ്ബുക്കും വാട്ട്‌സാപ്പും ചേര്‍ന്ന് നമ്മുടെ മണിക്കൂറുകളെ എങ്ങനെയെല്ലാമാണ് അപഹരിച്ചിരിക്കുന്നത് എന്ന് ആലോചിച്ചുനോക്കുക.

ഒന്നും വേണ്ട എന്ന് പറയുന്നത് അപരിഷ്‌കൃതമാണ്. പക്ഷേ എന്തിനും അവനവന്റേതായ പരിധി വയ്ക്കുക. ഇന്ന് എത്രയോ പേരുണ്ട് ഓഫീസുകളിലിരുന്ന് ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്ക് ലൈക്കടിച്ചും വാട്ട്‌സാപ്പുകള്‍ ഫോര്‍വേഡു ചെയ്തും സമയം കളയുന്നവരായിട്ട്. തങ്ങളുടെ കടമ അവരറിയുന്നില്ല.

കാരണം രാവിലെ വിത്തുവിതയ്ക്കാതെ പോകുന്നവരാണ് അവര്‍. വൈകുന്നേരം വരെ അവര്‍ വിത്തുകള്‍ വിതയ്ക്കുന്നില്ല.നാം അത്തരക്കാരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടരുത്. ഓരോ ദിവസത്തിനും അതിന്റേതായ ഉത്കണ്ഠകള്‍ മതിയെന്ന് ഈശോ ഓര്‍മ്മപ്പെടുത്തുന്നതുപോലെ ഓരോ ദിവസത്തിനും നാം ചെയ്തുതീര്‍ക്കേണ്ടതായ പല കടമകളുമുണ്ട്. ഇന്ന് ചെയ്തുതീര്‍ക്കേണ്ടവ. അവ നാളേയ്ക്ക് മാറ്റിവയ്ക്കരുത്. കാരണം നാളെ ചെയ്യാന്‍ വേറെ പലതുമുണ്ടല്ലോ?

ഇന്നത്തെ ദിവസത്തെ മുഴുവന്‍ നമുക്കും മറ്റുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന വിധത്തില്‍ ചെലവഴിക്കാമെന്നുള്ള സന്തോഷകരമായ തീരുമാനത്തോടെ

സസന്തോഷം

വിഎന്‍.