സന്തോഷം ആഗ്രഹിക്കുന്നവര്‍ക്ക്…

0


നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു, എന്തെന്നാല്‍ നമ്മള്‍ അവിടുത്തെ വിശുദ്ധനാമത്തില്‍ ആശ്രയിക്കുന്നു.(സങ്കീ 33:21)

പരസ്യവാചകം തന്നെയാവട്ടെ ആദ്യം. ആരാണ് സന്തോഷം ആഗ്രഹിക്കാത്തതായുള്ളത്? സന്തോഷിക്കാനുള്ള കാരണങ്ങള്‍ തേടി നടക്കുന്നവരാണ് നമ്മില്‍ പലരും. അതിന് പലവിധ വഴികളാണ് നാം തേടിക്കൊണ്ടിരിക്കുന്നതും.

ചിലര്‍ സോഷ്യല്‍ മീഡിയായിലൂടെ സന്തോഷം കണ്ടെത്തുന്നു. മറ്റ് ചിലര്‍ മദ്യപാനത്തിലും മദിരോത്സവത്തിലും സന്തോഷം കണ്ടെത്തുന്നു. പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ എന്നതുപോലെ സന്തോഷിക്കാനും ഇത്തരം പല കാരണങ്ങള്‍.

പക്ഷേ നമ്മില്‍ എത്രപേരുണ്ട് കര്‍ത്താവില്‍ സന്തോഷിക്കുന്നവരായിട്ട്? എന്റെ ജീവിതത്തിലെ സന്തോഷം എന്റെ കര്‍ത്താവാണ് എന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുന്നവരായിട്ട്? വളരെ വളരെ കുറച്ചുപേര്‍ മാത്രമായിരിക്കാം. ആത്മീയരംഗത്ത് പേരും പ്രശസ്തിയും ഉള്ളവരില്‍ പോലും എത്ര പേര്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമെന്ന് സംശയമുണ്ട്. കര്‍ത്താവില്‍ സന്തോഷിക്കുന്നവരുടെ സന്തോഷങ്ങള്‍ മാത്രമേ സ്ഥിരമായി നിലനില്ക്കുകയുള്ളൂ.

കര്‍ത്താവില്‍ സന്തോഷിക്കാന്‍ കഴിയണമെങ്കില്‍ നാം അവിടുത്തെ വിശുദ്ധ നാമത്തില്‍ ആശ്രയിക്കണം. കര്‍ത്താവില്‍ ആശ്രയിക്കാതെ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളുടെയും വിജയങ്ങളുടെയും കെട്ടിടങ്ങളുടെയും പേരില്‍ സന്തോഷിക്കുമ്പോഴാണ് അവയ്ക്ക് നേരിയ തോതിലെങ്കിലും ഇളക്കം തട്ടുമ്പോള്‍ നാം പതറിപ്പോകുന്നത്, നിരാശപ്പെട്ടുപോകുന്നത്.

കര്‍ത്താവില്‍ സന്തോഷിക്കാന്‍ കഴിയുന്നതിലേക്ക് നമ്മുക്ക് നമ്മുടെ ജീവിതങ്ങളെ പുതുക്കിപ്പണിയാം. ഈ ദിവസത്തെ.. ഈ മണിക്കൂറുകളെ..

കര്‍ത്താവേ ഞാന്‍ നിന്നില്‍ സന്തോഷിക്കുന്നു, കാരണം ഞാന്‍ നിന്റെ നാമത്തില്‍ ആശ്രയിക്കുന്നു എന്ന പ്രാര്‍ത്ഥനയോടെ

സന്തോഷപൂര്‍വ്വം
വിഎന്‍