ഈ രാത്രി ഞാന്‍ എന്തു പറയും?

0

എത്ര സന്തോഷപ്രദമായിരുന്നു ഈ ദിവസമെന്ന് നമ്മില്‍ എത്രപേര്‍ക്ക് ആത്മാര്‍ത്ഥമായി പറയാന്‍ കഴിയും എന്ന് ഈ ദിനം തീരാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കിനില്‌ക്കെ ഞാന്‍ എന്നോടു തന്നെ ചോദിക്കുന്നു.

ചിലപ്പോള്‍ വളരെ സന്തോഷത്തോടെയായിരിക്കും ഉണര്‍ന്നെണീറ്റിട്ടുണ്ടാവുക. പക്ഷേ അവിചാരിതമായ ചില സംഭവവികാസങ്ങളോ ചില വ്യക്തികളോ ഇടപെടലുകളോ നമ്മുടെ സന്തോഷങ്ങളെ അപഹരിച്ചിട്ടുണ്ടാവാം. വാക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടിയിട്ടുണ്ടാവാം. അലോസരപ്പെടുത്തുന്ന വാക്കുകള്‍ പരസ്പരം വലിച്ചെറിഞ്ഞിട്ടുണ്ടാവാം. പ്രതീക്ഷിച്ചതുപോലെയൊന്നും ചിലപ്പോള്‍ സംഭവിച്ചിട്ടുമുണ്ടാവില്ല. ആഗ്രഹിക്കാത്തതു പലതും അവയിലേറെയും നിഷേധാത്മകവുമായിരിക്കാം നടന്നിട്ടുണ്ടാവാം.

അവ കൊണ്ട് നാം എന്തു നേടി.. നാം മറ്റുള്ളവര്‍ക്ക് എന്തു നല്കി? ഈ ദിവസം പോലെ മറ്റൊരു ദിവസമുണ്ടാവില്ല. നാം ഇന്നു കണ്ടതുപോലെ ഒന്നിനെയും നാളെ നാം കാണുകയില്ല. ഒരേ വ്യക്തികളാണെങ്കില്‍തന്നെയും അവര്‍ നാളെ വ്യത്യസ്തരായിരിക്കും.

അതുകൊണ്ട് ഈ ദിവസത്തില്‍ നിന്ന് നാം എന്തുപഠിച്ചു? ഓരോ പാഠവും മുതല്‍ക്കൂട്ടായി സൂക്ഷിക്കുക. ഇന്നത്തെ തെറ്റുകള്‍ നാളെത്തേയ്ക്ക് ആവര്‍ത്തിക്കാതിരിക്കാനെങ്കിലും അത് വഴിയൊരുക്കിയേക്കാം. സംഭവിച്ചുപോയവയിലെ നിഷേധാത്മകതയെ മറന്നുകളയുക. എന്നിട്ട് ഉറക്കത്തിലേക്ക് വഴുതിവീഴും മുമ്പ് ഒന്ന് ആത്മശോധന ചെയ്യുക. ആരോടെങ്കിലും മാപ്പ് പറയാനുണ്ടെങ്കില്‍ മനസ്സിലെങ്കിലും അത് പറയുക. ക്ഷമിക്കാനുണ്ടെങ്കില്‍ മനസ്സിലെങ്കിലും ക്ഷമിക്കുക. ഇന്നേ ദിവസം നല്കിയ എല്ലാ നന്മകള്‍ക്കും നന്ദി പറയുക.

സന്തോഷത്തോടെ സംതൃപ്തിയോടെ നമുക്ക് കണ്ണുകള്‍ പൂട്ടാം. നല്ല രാത്രിയില്‍ നല്ല സ്വപ്‌നങ്ങളുണ്ടാവട്ടെ.
ഗുഡ് നൈറ്റ്

വിഎന്‍