യേശു വിളിക്കുന്നു എന്നുകേട്ടമാത്രയിൽ ബെർത്തിമിയൂസ് ചെയ്തത് മൂന്നു കർമ്മങ്ങളാണ് (verb).
(1) എറിഞ്ഞു (പുറങ്കുപ്പായം)
(2) എഴുന്നേറ്റു (കുതിച്ചുചാടി)
(3) എത്തിച്ചേർന്നു (യേശുവിന്റെ അടുത്തേക്ക്).
മാമ്മോദീസായിലൂടെ വിളി സ്വീകരിച്ച നാമോരുരുത്തരും, ചെയ്യേണ്ടതും ഇത് മൂന്നുമാണ്. പഴയ മനുഷ്യനെ ദൂരെയെറിയുക, ആത്മാവിൽ നിറയുക, യേശുവിന്റെ അരികിൽ ആയിരിക്കുക.
മംഗളവാർത്ത സ്വീകരിച്ച മറിയം എലിസബത്തിനെ സന്ദർശിക്കുന്ന വേളയിൽ എലിസബത്തിന്റെ ഉദരത്തിലെ ശിശു കുതിച്ചുചാടി എന്ന് സുവിശേഷത്തിൽ നാം വായിക്കുന്നു. ഓരോ കുത്തിച്ചുചാടലും ആത്മാവിന്റെ സാനിദ്ധ്യമാണ് നമ്മെ ഓർമ്മിപ്പിക്കുക. ഇവിടെ ബർത്തിമിയോസും കുതിച്ചു ചാടുകയാണ്. അവന്റെ പുറങ്കുപ്പായങ്ങളെ, സ്വന്തമായവയായി കരുതിയവയെ അവൻ ക്രിസ്തുവിലെത്തിച്ചേരുവാൻ വേണ്ടി ഉപേക്ഷിക്കുമ്പോൾ, അവനും പുതിയ സൃഷ്ടിയായിൽത്തീരുന്നു. ആ നവ്യാനുഭവം അവനെ സന്തോഷഭരിതനാക്കുന്നു. അവൻ ആത്മീയനാകുന്നു.
ക്രിസ്തുവിനുവേണ്ടിയുള്ള ഉപേക്ഷകൾ കൃപയിലേക്കുള്ള വഴിയുടെ ആരംഭമാണ്. സ്വർഗ്ഗം ഉപേക്ഷിച്ചു ഭൂമിയിലെത്തിയ ദൈവപുത്രന് ഏതൊരു ഉപേക്ഷയുടെയും തീവ്രത അറിയാനാകും. ആത്മാവിൽ നിറയാൻ, കൃപയിൽ വളരാൻ, കുതിച്ചുചാടാൻ നമുക്കും ഇടയാകട്ടെ..
ശുഭരാത്രി
Fr Sijo Kannampuzha OM