ഏഴാം ക്ലാസിലെ ചേച്ചിമാർ ചെയ്തത്?

0


സ്കൂളിൽ അടിയന്തിരമായി ഒരു സ്റ്റാഫ് മീറ്റിംഗ്. അധ്യാപകർ ഉടൻ സ്റ്റാഫ് റൂമിലെത്താൻ നിർദ്ദേശം നൽകി. ക്ലാസിലെ അച്ചടക്കം ലീഡേഴ്സിനെ ഏല്പിച്ച് അധ്യാപകർ മീറ്റിംഗിനെത്തി. ഒന്നാം ക്ലാസിലെ അച്ചടക്കം ആരുനോക്കും? ടീച്ചർ ഏഴാം ക്ലാസിലെ രണ്ടു പെൺകുട്ടികളെ അതിനായി നിയോഗിച്ചു. അവർ ഒന്നാം ക്ലാസിലെത്തി ചുമതല ഏറ്റെടുത്തു.

സ്റ്റാഫ് മീറ്റിംഗ് കഴിഞ്ഞ് ക്ലാസിലെത്തിയ ടീച്ചർ തന്റെ കുട്ടികളോട് ചോദിച്ചു: “ഏഴാം ക്ലാസിലെ ചേച്ചിമാർ വന്നിട്ട് എന്താണ് ചെയ്തത് ?”
“അവർ ഞങ്ങളെ ഉപദേശിച്ച് കൊന്നു!” ഒന്നാം ക്ലാസിലെ കുരുന്നുകളുടെ ഉത്തരം കേട്ട് ക്ലാസ് ടീച്ചർ ഞെട്ടി.

ഉപദേശം ആർക്കും ഇഷ്ടമില്ല; ഒന്നാം ക്ലാസിലെ കുട്ടികൾക്കു പോലും. ഏഴാം ക്ലാസുകാർ അതു തീരെ ഇഷ്ടമില്ലാത്തവരാണ്. എന്നിട്ട്, അവരാണ് തക്കം കിട്ടിയപ്പോൾ ഒന്നാം ക്ലാസുകാരെ ഉപദേശിച്ച് മടുപ്പിച്ചത്. ഉപദേശം കേൾക്കാൻ ഇഷ്ടമില്ല എന്നതു പോലെ വാസ്തവമായ കാര്യമാണ്,ഉപദേശിക്കാൻ ആർക്കും മടിയുമില്ല എന്നത്.

അധ്യാപകരും രക്ഷിതാക്കളും ഉപദേശിക്കുമ്പോൾ അവയെ നിരാകരിക്കുന്ന ഏഴാം ക്ലാസുകാർ എന്തുകൊണ്ടാവും പിഞ്ചു കുഞ്ഞുങ്ങളെ ഉപദേശിക്കാൻ തയ്യാറായത്? ഉത്തരവാദിത്വം ഉണ്ടായതു കൊണ്ട്.

ഓർക്കുക: നിങ്ങളുടെ മേൽ ഉത്തരവാദിത്വം ഉള്ളവരല്ലേ നിങ്ങളെ ഉപദേശിക്കുന്നത്? അവരെ ഒന്നു കേൾക്കുന്നത് നല്ലതല്ലേ?
മനസിന്റെ ആഹാരമാണ് ഉപദേശം എന്നൊരു മഹത് വാക്യമുണ്ട്. അത് ഒത്തിരി കൂടുതലാകരുത്, തീരെ കുറയുകയുമരുത്.

ഷാജി മാലിപ്പാറ