നമുക്ക് പകുത്തു നൽകാം

0


വിധവയുടെ കാണിക്ക (മാർക്കോ 12:41-44) – ധ്യാനം 1 

വിധവയുടെ കാണിക്ക’- എന്ന വൈരുദ്ധ്യാത്മകമായ ശീർഷകത്തോടുകൂടിയാണ് വി. മാർക്കോസും വി.ലൂക്കായും (21:1-4) ദേവാലയ ഭാണ്ഢാരത്തിൽ രണ്ടു ചെമ്പുനാണയങ്ങൾ നിക്ഷേപിച്ച വിധവയായ സ്ത്രീയെക്കുറിച്ചു പറയുന്നത്. പാവങ്ങളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ ജറുസലേം ദേവാലയപരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ഭാണ്ഢാരത്തിനടുത്താണ് ഇത് സംഭവിക്കുന്നത്.

വിധവയായ ഒരു പാവം സ്ത്രീയാണ് ഇവിടുത്തെ കഥാപാത്രം. അവൾ സ്വന്തമായി ചെയ്യുന്ന ഏതോ നിസ്സാരജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കഴിഞ്ഞിരുന്നത് എന്ന് വി. ലൂക്ക ഉപയോഗിച്ച പാവം എന്നർത്ഥമുള്ള πενιχρὰν (penichran) പദത്തിൽനിന്നു മനസ്സിലാക്കാം.

വളരെ പരിമിതമായ ചുറ്റുപാടിൽ ജീവിക്കുന്ന, നാളെയെക്കുറിച്ചു പ്രതീക്ഷിക്കാൻ ആളോ അർത്ഥമോ ഇല്ലാത്ത ആ പാവം അമ്മ, മറ്റുള്ളവരുടെ കണ്ണീരൊപ്പുവാൻ താന്നാലാവുംവിധം ചില്ലറത്തുട്ടുകൾ പാവങ്ങൾക്കുവേണ്ടിയുള്ള ആ ഭാണ്ഢാരത്തിൽ നിക്ഷേപിക്കുന്നു. 

മനുഷ്യൻ ഇന്നൊരു ഉപഭോഗസംസ്കാരത്തിലാണ്. എന്തെല്ലാം, എവിടെനിന്നെല്ലാം ലഭിക്കും എന്നത്തിലാണ് അവൻ്റെ ശ്രദ്ധ. ന്യായമായതും അന്ന്യായമായതുമായ പേരും പ്രശസ്തിയും സമ്പത്തും നേടിയെടുക്കാൻ അവൻ 24X365 ഓടിനടക്കുകയാണ്. പ്രഭാതം മുതൽ പ്രദോഷം വരെ അവൻ അദ്ധ്വാനിക്കുന്നത് വലിയവനാകുവാൻ വേണ്ടി മാത്രം. അവസാനം ടോള്‍സ്റ്റോയിയുടെ കഥയിലെ (How much land does a man need?) പഹോമിനെപ്പോലെ ഓടിതളര്‍ന്ന് വെട്ടിപ്പിടിച്ചതൊന്നും സ്വന്തമാക്കാതെ, വീണുമരിക്കാനാണ് യോഗം. 

ഇതുവരെയുള്ള ജീവിതത്തിൽ തമ്പുരാൻ്റെ കനിവും മറ്റുള്ളവരുടെ  കരുണയും മൂലം നാം എന്തെല്ലാം നേടിയെടുത്തു? പലരും പങ്കുവച്ചതുകൊണ്ടും അവരുടെ ഹൃദയം തുറന്നുതന്നതുകൊണ്ടുമാണ് നാമിത്രയും വളർന്നതെന്ന് നാം മറന്നുപോയോ? നാം പങ്കുവയ്ക്കുവാൻ എത്രമാത്രം തയ്യാറാകുന്നുണ്ട്? നൽകാനൊന്നുമില്ല -എന്നതാണ് ഉത്തരമെങ്കിൽ ഇന്നത്തെ സുവിശേഷത്തിലെ വിധവയായ ‘അമ്മ’ നമ്മെ നിശിതമായി വിമർശിക്കുന്നുണ്ട്.

എത്രയായാലും, ആ അമ്മയേക്കാൾ എത്രയോ ഭേദപ്പെട്ട അവസ്ഥയിലാണ് നാം? പങ്കുവയ്ക്കുന്നതിനേക്കാളും പങ്കുവയ്ക്കാതിരിക്കുന്നതിനാണ് അവൾക്ക് കൂടുതൽ കാരണങ്ങൾ ഉണ്ടായിരുന്നത്.

പങ്കുവയ്ക്കാൻ ആദ്യം വേണ്ടത് പകുത്തുനൽകാനുള്ള ചങ്കൂറ്റമാണ്. അത് സമയമാകാം, സമ്പത്തതാകാം, അറിവാകാം , ആരോഗ്യമാകാം, ജീവനാകാം. അത് നൽകേണ്ടത് ഒരു പക്ഷേ മക്കൾക്കാകാം, സഹോദരങ്ങൾക്കാകാം, ജീവിത പങ്കാളിക്കാകാം, സുഹൃത്തുക്കൾക്കാകാം.. ആരുമാകാം. 

കർത്താവ് പറയുന്നത് ചെവിയിൽ മുഴങ്ങുന്നു “എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌ (മത്തായി 25 : 40)

ശുഭരാത്രി

Fr. Sijo Kannampuzha OM