അസുഖമല്ലോ സുഖപ്രദം

0

 
സുഖം പ്രാപിക്കാന്‍ നിനക്ക്‌ ആഗ്രഹമുണ്ടോ? (യോഹ 5 : 6)

ചിലപ്പോഴെങ്കിലുമൊക്ക കുഞ്ഞുങ്ങൾ ഇല്ലാത്തരോഗങ്ങൾ ഉണ്ടെന്ന് ഭാവിക്കാറുണ്ട്. ചിലപ്പോഴെല്ലാം നാമത് അനുവദിച്ചുകൊടുക്കാറുമുണ്ട്. അമ്മയുടെ സ്നേഹവും പരിചരണവും കൂടുതൽ കിട്ടാനും അമ്മയുടെ കരുതലും സാമീപ്യവും അല്പംകൂടി  അനുഭവിക്കാനുമുള്ള കുഞ്ഞിൻ്റെ മാനസ്സീകമായ ഒരു ആവശ്യത്തിൽ നിന്നാണ് ആ കള്ളരോഗം ഉടലെടുക്കുന്നത്. ചുറ്റുമുള്ളവരോടും സ്നേഹിതരോടും നാം കൂടുതൽ ആർദ്രതയും അനുകമ്പയും പ്രകടിപ്പിക്കുന്നത് രോഗാവസ്ഥയിലാണ്. എത്ര ദേഷ്യത്തിലായിരുന്നാലും എല്ലാം മറന്ന് രോഗിയായ സഹോദരനെ നാം പരിചരിക്കാറുണ്ട്. എത്ര വികൃതികാണിച്ച് അപകടം പറ്റിയ കുട്ടിയാണെങ്കിലും നമുക്ക് ആ കുഞ്ഞിനോട് സഹതാപമാണ് തോന്നാറുള്ളത്.

രോഗിയായവൻ നിസ്സഹായനാണ്. എല്ലാവരും അവൻ്റെ രോഗാവസ്ഥയിൽ സഹതപിക്കുന്നു. സാധിക്കുന്ന സഹായം ചെയ്തുകൊടുക്കുന്നു. മറ്റുള്ളവരുടെ കരുണയും അടുപ്പവും നമുക്ക് കൂടുതൽ മനസ്സിലാകുന്നത് രോഗാവസ്ഥയിലാണ്. ചില സ്നേഹങ്ങൾ വെളിപ്പെട്ടുകിട്ടാൻ ചില രോഗക്കിടക്കകൾ ആവശ്യമാണ്. ചിലരുടെ നന്മകൾ വെളിപ്പെടുന്നത് ആശുപത്രി വരാന്തയിലാണ്. സ്വർണ്ണം ഊരി പണയം വയ്ക്കാൻ കൊടുക്കുന്ന സുഹൃത്തും പിണക്കമായിരുന്നെങ്കിലും അവശ്യസമയത്ത് രക്തം നൽകിയ അയൽക്കാരനും പരിചയമില്ലാതിരുന്നിട്ടും ആശുപത്രിയിൽ എത്തിച്ച് ശുശ്രൂഷിച്ച ഓട്ടോഡ്രൈവറുമെല്ലാം നന്മയുടെ ആൾരൂപങ്ങളാകുന്നത് നമുക്ക് സുഖമില്ലാതാകുമ്പോഴാണ്.

സുഖം പ്രാപിക്കാൻ ആഗ്രഹമില്ലാത്തവരുണ്ടോ എന്ന ചോദ്യം പ്രത്യക്ഷത്തിൽ ഒഴിവാക്കേണ്ടതായ ഒരു ചോദ്യമായി തോന്നാമെങ്കിലും യേശു അത് ചോദിച്ചു എന്നതിൽ ഒരു സാംഗത്യം ഒളിഞ്ഞിരിക്കുന്നുണ്ട്. അല്പം ഗൗരവമായി ചിന്തിച്ചാൽ ചില അസുഖങ്ങൾ സുഖപ്പെടാൻ രോഗി ഇഷ്ടപ്പെടുന്നില്ല എന്ന സത്യവുമുണ്ട്. അമ്മയുടെ അടുത്ത് കിടന്നുറങ്ങാനായി പനി മാറിയില്ലെന്ന് പറയുന്ന കുഞ്ഞിനെ മനസ്സിലാക്കാം. എന്നാൽ മുതിർന്നവരും മറ്റുള്ളവരുടെ സ്നേഹപരിചരണത്തിനായി അസുഖമാണെന്ന് ഭാവിച്ചാലോ?

അസുഖം തരുന്ന ചില സുഖങ്ങളുണ്ട്. അത് നമ്മെ ഉത്തരവാദിത്വത്തിൽ നിന്നും ജോലിയിൽ നിന്നും കടമകളിൽ നിന്നുമെല്ലാം മാറി നിൽക്കാൻ സഹായിക്കുന്നു. ഒരു സ്ത്രീയെ അറിയാം. വീടുകളിൽ അടുക്കള ജോലിക്ക് പോയി കിട്ടിയിരുന്ന പൈസ നിത്യചിലവിനും മക്കളെ പഠിപ്പിക്കാനും തികയാതെ വന്നപ്പോൾ സഹായം ചോദിച്ചിറങ്ങി. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം അവരെ കണ്ടപ്പോൾ അവർ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുകയായിരുന്നു. കാരണം അവർക്ക് കിട്ടുന്ന സഹായം അവരെ ജോലിക്ക് പോകാതെതന്നെ കാര്യങ്ങൾ നടത്താൻ പര്യാപ്തമാക്കിയിരുന്നു.

നാം രോഗികളാണെന്ന് നാം പറയാറുണ്ട്. ചില രോഗങ്ങൾ മാനസ്സീകമാണ്. ചിലത് ചില സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്നതും. ഞായറാഴ്ച മാത്രം ക്ഷീണം ബാധിക്കുന്നവർ രോഗികൾ ആകുന്നത് ഞായറാഴ്ച കുർബ്ബാന മുടക്കാനാണ്. കുടുംബ പ്രാർത്ഥനാവേളയിൽ ഫോൺ നോക്കുന്നവർ രോഗികളാണ്. പള്ളിയിൽ പോകുമ്പോൾ വൈകിയെത്തുന്നതും രോഗമാണ്. അയൽക്കാരൻ്റെ കരച്ചിൽ കേൾക്കാതിരിക്കാൻ ബധിതനാകുന്നത് രോഗമാണ്.

കൈ നീട്ടുന്നവൻ്റെ മുൻപിൽ അന്ധനാകുന്നതും അസുഖം തന്നെ. സ്നേഹം യാചിക്കുന്നവനെ തിരിച്ചറിയാതിരിക്കുന്നതും രോഗം. ഉത്തരവാദിത്വങ്ങളിൽ നിന്ന് മുഖം തിരിക്കുന്നതും ആരോഗ്യമില്ലായ്‌മ തന്നെ. ചിലരെ കാണുമ്പോൾ സംസാര ശക്തി നഷ്ടപ്പെടുന്നതും നമുക്ക് ഇഷ്ടമുള്ള അസുഖമാണ്. .
ഇങ്ങനെ നമ്മൾ ആഗ്രഹിച്ച് നമ്മുടെ കൂടെ നില നിർത്തിയിരിക്കുന്ന എത്രയോ അസുഖങ്ങളാണ് ഉള്ളത്? യേശു നമ്മോട് ചോദിക്കുന്നു: ആ അസുഖങ്ങൾ മാറ്റാൻ നീ ആഗ്രഹിക്കുന്നുവോ ?

പ്രാർത്ഥനകൾ 
Fr Sijo Kannampuzha OM