കാഴ്ച

0

നീ എന്തെങ്കിലും കാണുന്നുണ്ടോ? (മര്‍ക്കോ 8:23)

അന്ധനായ ഒരു മനുഷ്യൻ തൻ്റെ സുഹൃത്തിനെ സന്ദർശിക്കാനായി പോയി. സംസാരിച്ചിരുന്ന് നേരം പോയതവർ അറിഞ്ഞില്ല. നേരം വൈകിയതുകൊണ്ട് യാത്ര പറഞ്ഞ് പിരിയാൻ നേരം സുഹൃത്ത് ഒരു വിളക്കെടുത്ത് അന്ധനായ മനുഷ്യന് നൽകി. അപ്പോൾ അന്ധനായ മനുഷ്യൻ ചോദിച്ചു.


“വെളിച്ചവും ഇരുട്ടും ഒന്നായ എനിക്ക് ഈ വിളക്കു കൊണ്ട് എന്തുപകാരം?”

“നിനക്കല്ല, നിനക്കെതിരെ നടന്നുവരുന്നവർക്കാണ് ഇതുകൊണ്ട് ഉപകാരമുള്ളത്. അവർ നിൻ്റെ നേരെവന്ന് അപകടം ഉണ്ടാകാതിരിക്കാൻ ഈ വിളക്ക് സഹായിക്കും”.

അന്ധൻ കത്തിച്ച വിളക്കുമായി യാത്ര ആരംഭിച്ചു. പക്ഷേ അധികം വൈകാതെ അപരിചിതനായ ആരോ വന്ന് അദ്ദേഹത്തിൻ്റെ ശരീരത്തിലിടിച്ചു. കോപത്തോടെ അന്ധനായ മനുഷ്യൻ ചോദിച്ചു

“നിങ്ങൾക്ക് കണ്ണില്ലേ? എൻ്റെ കയ്യിലെ വിളക്ക് കാണുന്നില്ലേ?”

“ആ വിളക്ക് കത്തുന്നില്ല സോദരാ” അപരിചിതൻ ശാന്തമായി പറഞ്ഞു.

കയ്യിലിരിക്കുന്ന വിളക്കുകൾ കത്തുകയാണെന്ന് കരുതി നടന്നുനീങ്ങുന്നവരാണ് നമ്മിൽ പലരും. എത്രയോ നേരം മുൻപ് ആ വിളക്ക് തൻ്റെ മിഴിയടച്ചു എന്ന് നാം പലപ്പോഴും അറിയാറില്ല. പലരും, പലതും നമ്മുടെനേരെ വന്ന് അപകടം സംഭവിക്കുമ്പോഴാണ് കയ്യിലിരിക്കുന്ന വിളക്കിൻ്റെ തിരി എപ്പോഴോ കെട്ടുപോയി എന്ന് നാം അറിയുന്നത് (ചിലർ അപ്പോഴും വിളക്കണഞ്ഞുപോയത് സമ്മതിക്കില്ല). അന്ധനായവന് കാഴ്ച നല്കുന്നവേളയിൽ യേശു അവനോട് ചോദിച്ച ചോദ്യമാണിത്. “നീ എന്തെങ്കിലും കാണുന്നുണ്ടോ?”

ബസ് സ്റ്റാൻഡിൽ പാട്ടുപാടി ധർമ്മം ചോദിക്കുന്നവനെ നിങ്ങൾ കാണുന്നില്ല. വീട്ടിൽ മരുന്ന് വാങ്ങുവാനായി സഹായം ചോദിച്ച് വരുന്ന അയൽക്കാരെ നിങ്ങൾ കാണുന്നില്ല. നാട്ടിലെ ദരിദ്രനായവൻ മകളുടെ വിവാഹത്തിന് പണമില്ലാതെ അലയുന്നത് നീ കാണുന്നില്ല. ഇടവകയിൽ രോഗിയായിക്കഴിയുന്നവരെ നീ കാണുന്നില്ല. ജോലി സ്ഥലങ്ങളിൽ നിൻ്റെ കരുണക്കുവേണ്ടി കാത്തു നിൽക്കുന്നവരുടെ നിര പലപ്പോഴും നീ കാണുന്നില്ല. അതെ, നാം കാഴ്ച നഷ്ട്ടപ്പെട്ടവരായി മാറിയിട്ട് എത്രയോ നാളുകളായി. കയ്യിലിരിക്കുന്ന വിളക്ക് രക്ഷിക്കും എന്നാണു പ്രതീക്ഷ.

ചിലപ്പോഴെങ്കിലും ഈ അന്ധത ഒരു സുഖമാണ്. ഒന്നും കാണേണ്ടല്ലോ. കരയുന്നവനും യാചിക്കുന്നവനും സങ്കടപ്പെടുന്നവനും നിരാശപ്പെടുന്നവനും ഒന്നും അന്ധനെ സംബന്ധിച്ച് പ്രശനമേ അല്ല. കാരണം അവൻ അവരെയൊന്നും കാണുന്നില്ല.

ഏകാന്തത അനുഭവിക്കുന്ന നിൻ്റെ ജീവിത പങ്കാളിയും, ജീവിതത്തിൽ തോറ്റുപോയ നിൻ്റെ സഹോദരനും, രോഗത്തെ നോക്കി അലറിക്കരയുന്ന അയൽക്കാരനും, വിവാഹം സ്വപ്നം മാത്രമായ ബന്ധുവുമൊക്കെ സന്തോഷിക്കണമെങ്കിൽ നീ സുഖപ്പെട്ടേ മതിയാകൂ. വിളക്കുകൾ കത്തിച്ചുപിടിച്ചു നടന്നതുകൊണ്ടായില്ല. വിളക്കുകൾ ദൂരെയെറിയുക. കണ്ണുകൾ തുറക്കുക. ചുറ്റുവട്ടങ്ങൾ നോക്കിക്കാണുക. നിനക്കാകുന്നത് ചെയ്യുക.

യേശു നിന്നെ സുഖപ്പെടുത്തുകയാണ് – നീ എന്തെങ്കിലും കാണുന്നുണ്ടോ ??

ശുഭരാത്രി

Fr Sijo Kannampuzha OM