മൗനം, മുനി എന്നീ വാക്കുകൾ നമ്മോടൊപ്പം എന്നുമുള്ളവയാണ്. ഭാരതീയ സന്യാസത്തോടും പാരമ്പര്യത്തോടുമൊപ്പം അന്തർലീനമായ ഒരു പദമാണ് മുനി. മൗനത്തിൽ വിലയം പ്രാപിച്ചയാളാണ് മുനി എന്ന് നമുക്കറിയാം. അപ്പോൾ മൗനവും മുനിയും രണ്ടായിട്ടല്ല ഒന്നായിട്ടു കാണാനാണ് മിക്കവരും കൊതിക്കുക. അതാണ് ശരിയായതും. മൗനത്തിലും മുനിയിലും ആഴമാർന്ന ഒരാത്മീയതയും ഉൾചേർന്നിട്ടുണ്ട്. ആത്മീയമായ നന്മകൾ പുറപ്പെടുവിക്കാത്ത മൗനം ആതിനാൽത്തന്നെ നിരർത്ഥകമാണ്.
തന്റെ മൗനത്താൽ അല്ലെങ്കിൽ മുനിയായി തീർന്നുകൊണ്ട് മണ്ണിൽ പലതിനും നിമിത്തമാകാമെന്ന് വെളിപ്പെടുത്തിയ മനുഷ്യനാണ് വിശുദ്ധ യൗസേപ്പിതാവ്. വിശുദ്ധ യൗസേപ്പിന്റെ മൗനത്തെക്കുറിച്ച് പറയുമ്പോഴും അദ്ദേഹം ഒരു വാക്കുപോലും ആരോടും ഉരിയാടിയിട്ടില്ല എന്ന് ചരിത്രപരമായി തെളിയിക്കുവാനോ സ്ഥാപിച്ചെടുക്കുവാനോ അല്ല എന്റെ ലക്ഷ്യം. സുവിശേഷത്തോട് ചേർന്ന് അവന്റെ വിശുദ്ധമായ മൗനത്തെ കാണുക മാത്രമാണിവിടെ. എന്തെന്നാൽ അവൻ സംസാരിച്ചതായി സുവിശേഷം ഒരിടത്തും പ്രതിപാദിക്കുന്നില്ല അത്രമാത്രം.
വിശുദ്ധ യൗസേപ്പിന്റെ മൗനം ഒരു ഒളിച്ചോട്ടമോ, രക്ഷാകവചമോ അല്ലായിരുന്നു, പകരം ആത്മീയമായ തികവുള്ളതായിരുന്നു. അവൻ പറഞ്ഞ കാര്യങ്ങളൊന്നും നാം വചനത്തിൽ വായിക്കുന്നില്ല. ജോസഫിനെക്കുറിച്ച് വചനവും മൗനം പാലിക്കുകയാണ്. ആകെയുള്ളത് അവൻ ചെയ്ത കാര്യങ്ങളാണ്. അത് മതി ജൊസഫെന്ന മനുഷ്യനെ തിരിച്ചറിയാനും സ്നേഹിക്കാനും. ഈ മൗനമാണ് വിശുദ്ധ യൗസേപ്പിനുള്ള ഏറ്റവും മനോഹരമായ സാക്ഷ്യം. ഈ മൗനം തന്നെയാണ് യൗസേപ്പിതാവ്. മൗനം ഇഷ്ടപ്പെടുന്നവരുണ്ട്, അങ്ങിനെ പ്രത്യക്ഷത്തിൽ മുനികളായി തീർന്നവരുമുണ്ട്. എന്ത് കാരണത്താലാണ് അവരീ മൗനത്തെ അത്രമാത്രം ഇഷ്ടപ്പെടുന്നത്? മിക്കപ്പോഴും ഈ മൗനം അവർക്കൊരു രക്ഷാകവചമാണ് എന്നതല്ലാതെ മറ്റ് ലക്ഷ്യങ്ങളോ ഗുണങ്ങളോ അതിലടങ്ങിയിട്ടില്ല. ജീവിതത്തിലെ പല കാര്യങ്ങളിൽ നിന്നും ഒളിച്ചോടാനും രക്ഷപ്പെടാനുമൊക്കെ മൗനത്തെ ഉപയോഗിക്കുന്നവരുണ്ട്. ചിലപ്പോഴെങ്കിലും സത്യത്തേയും നന്മയേയും ചിലർ ഭയപ്പെടുന്നതിനാൽ പ്രത്യക്ഷത്തിൽ മുനികളെപ്പോലെ ജീവിക്കുന്നു. അതുപോലെ `കണ്ടത് പറഞ്ഞാൽ കഞ്ഞി കിട്ടാത്ത കാലം` എന്ന ഒരു സിനിമാ സംഭാഷണം ഓർമ്മിക്കുന്നു, അപ്പോൾ മൗനംതന്നെ സുഖകരം.
സ്വപ്നത്തിൽ ജോസഫിനോട് ദൂതൻ പറഞ്ഞ കാര്യങ്ങൾ മുഴുവനും അവൻ മനസിലാക്കിയിട്ടുണ്ടാകില്ല, ഏതൊരു സാധാരണ മനുഷ്യനെപ്പോലെയും സംശയങ്ങളും അസ്വസ്ഥതകളും അവന്റെ ഉള്ളിലും കടന്നുകൂടിയിട്ടുണ്ടാകും എന്നതുറപ്പാണ്. സുഹൃത്തുക്കളോടും ബന്ധുജനങ്ങളോടും ചോദിച്ച് വ്യക്തതവരുത്തി തീരുമാനമെടുക്കാനാവാത്ത വലിയ പ്രതിസന്ധി. ഇവിടെ ആത്മീയമായ മൗനംതന്നെയാണ് ഏക പോംവഴി. ഉള്ളിലുള്ള സംശയങ്ങളും അതിനോടനുബന്ധിച്ച് കടന്നുവരാവുന്ന എല്ലാ കാര്യങ്ങളും മൗനധ്യാനത്തിലൂടെ ജീവിതഭാഗമാക്കാൻ ജോസഫിന് കഴിഞ്ഞിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു. ആ ജീവിതം അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ ജീവിതത്തിന് കൃത്യമായ ഒരു ലക്ഷ്യമുണ്ടെങ്കിൽ ബാക്കിയുള്ള കാര്യങ്ങളെല്ലാം ഈ ലക്ഷ്യത്തെ മുൻനിർത്തിയായിരിക്കും ക്രമീകരിക്കപ്പെടുക എന്നതാണ് പൊതുവായ കാഴ്ചപ്പാട്. ഇവിടെ ജോസഫിന്റെ ജീവിതം പൂർണമായും ചലിക്കുന്നത് ഈ ലക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ്.
ജോസഫിന്റെ മൗനം അന്നും, കാലങ്ങൾ ഏറെക്കഴിഞ്ഞ് ഇന്നും ആത്മീയധ്യാന വിഷയമാണെങ്കിൽ, അതിനർത്ഥം ആ മൗനം എത്രയോ വിശുദ്ധമായിരുന്നു എന്നതല്ലേ? എന്നാൽ ഇതിന് വിപരീതമായി ആരൊക്കയോ എവിടെയൊക്കയോ അമിതമായി വാചാലരാകുന്നു എന്നത് ഇന്നത്തെ കാലത്ത് നമ്മുടെയൊക്കെ ആത്മീയ പരിസരത്തെ ഒരു വലിയ അപചയമായി ഉയർന്നുനിൽക്കുന്നുണ്ട്. മൗനത്തിലൂടെ സംസാരിക്കുന്നവരും, മൗനം കഴിഞ്ഞ് സംസാരിക്കുന്നവരും, മൗനമില്ലാതെ സംസാരിക്കുന്നവരും എല്ലായിടത്തും, എല്ലാ ജിവിതമേഘലകളിലും ധാരാളമുണ്ട്. ഇക്കൂട്ടരിൽ മൗനത്തിലൂടെ വാചാലനായ വിശുദ്ധനാണ് യൗസേപ്പിതാവ് എന്ന് തിരുവചനം വെളിപ്പെടുത്തിത്തരുന്നു. ഈശോ നാൽപത് ദിനരാത്രങ്ങൾ നീണ്ടുനിന്ന മൗനം കഴിഞ്ഞാണ് പരസ്യമായി സംസാരം തുടങ്ങുന്നത്. ഈ രണ്ട് മാതൃകകളും വിശുദ്ധമായതായിരുന്നു. യൗസേപ്പെന്ന അപ്പൻ മൗനത്താൽ ലക്ഷ്യത്തിലേക്ക് ചുവടുവച്ചെങ്കിൽ, ഈശോയെന്ന മകൻ മൗനവും മൗനത്തിനുശേഷമുള്ള വാക്കുകളും സമന്വയിപ്പിച്ച ഒരു രീതിയാണ് അവലംബിച്ചത്.
മറിയമെന്ന അമ്മയിൽനിന്ന് ഈശോയെന്ന മകൻ സ്വാംശീകരിച്ച കാര്യങ്ങളെക്കുറിച്ച് ധാരാളം പേർ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാൽ ജോസഫ് എന്ന വളർത്തുപിതാവിൽനിന്നും എന്താണ് ഈ മകൻ സ്വന്തമാക്കിയത്? പലതും നമുക്ക് ഓർത്ത് പറയാൻ കഴിയുമെങ്കിലും എന്നെ ഏറെ സ്വാധീനിച്ച ഒരു കാര്യം മാത്രം ഞാൻ സൂചിപ്പിക്കാം. ത്യാഗത്തോടെ, തന്റെ വ്യക്തിപരമായ സുഖങ്ങളും സന്തോഷങ്ങളും ഇഷ്ടങ്ങളും എല്ലാം വേണ്ടായെന്ന് വച്ച് അല്ലെങ്കിൽ താൻ ചെയ്യേണ്ടതും ദൈവം തന്നിൽ നിക്ഷിപ്തമാക്കിയതുമായ ഉത്തരവാദിത്വത്തിനായി പൂർണമായി സമർപ്പിച്ച് ജീവിച്ച ഒരാളായിരുന്നു നസ്രത്തിലെ ജോസഫ് എന്ന മനുഷ്യൻ. തന്നിലൂടെ മറിയത്തിനും ഈശോയ്ക്കും ലഭ്യമായ നന്മകളുടേയും ഉപകാരങ്ങളൂടേയും കണക്കുകൾ പറയാതെ, മൗനത്തിൽ എല്ലാം ഒളിപ്പിച്ച് കടന്നുപോയവനാണവൻ. ജോസഫിൽ പ്രകടമായി കാണപ്പെട്ട ഈ നന്മകൾ ഈശോയിലും നമ്മൾ കാണുന്നുണ്ട്. യൗസേപ്പെന്ന വളർത്തുപിതാവ് കാണിച്ചു കൊടുത്തതുപോലെ ഈശോയും തന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും മാറ്റിവച്ച് സ്വർഗീയ പിതാവിന്റെ ഇഷ്ടത്തിനായി സ്വയം വിട്ടുകൊടുത്തു എന്നതിന് തിരുവചനം സാക്ഷിയാണ്. വളർത്തുപിതാവിന്റെ വാചാലമായ മൗനവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും എല്ലാം ഈശോയിലും നാം വ്യക്തമായി തിരിച്ചറിയുന്നുണ്ട്.
മക്കളെ നന്നായി വളർത്താൻ പാടുപെടുന്ന അപ്പന്മാരാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണിത്. പുതിയ തലമുറയുടെ ശീലുകൾ ഉയർന്നുനിൽക്കുമ്പോഴും ഇക്കാര്യത്തിൽ പലരും വെറും പഴഞ്ചന്മാരാണ് എന്നത് യാഥാർത്ഥ്യം. ഇവിടേയും കണ്ടുപഠിക്കാവുന്നതും സായത്തമാക്കാവുന്നതുമായ ശുദ്ധമായ മാതൃക യൗസേപ്പിന്റേതുതന്നെയാണ്. മറിയത്തെ തന്റെ ഭാര്യയായി സ്വീകരിക്കുന്നതിനു മുൻപും ശേഷവുമുള്ള അവന്റെ ജീവിതത്തെ നിത്യേനയെന്നോണം ധ്യാനിച്ചാൽ മതി പ്രകടമായ മാറ്റങ്ങൾ രൂപപ്പെടും എന്നതുറപ്പാണ്.
മൗനമില്ലാതുള്ള വാചാലതമാത്രമാണ് അപക്വമായിട്ടുള്ളത്. പലരും ഇഷ്ടപ്പെടുന്നതും ഇത് തന്നെയാണ്. ആത്മീയതയിലും ഭൗതീകതയിലും ചേർന്നുകിടക്കുന്ന കാലികമായ ഏതൊരു കാര്യത്തിലും ഇത് നമുക്കിന്ന് വ്യക്തമായി കാണാനാകും. ചില വായാടിത്തങ്ങൾ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല. പ്രവൃത്തികൂടാതെയുള്ള വിശ്വാസം അതിൽത്തന്നെ നിർജീവമാണ് എന്ന് വിശുദ്ധ യാക്കോബ് പറയുന്നതുപോലെതന്നെ.
മൗനം നിറഞ്ഞ വാക്കുകളും, മൗനം കഴിഞ്ഞുള്ള വാക്കുകളുമായിരിക്കട്ടെ നമ്മളും ലക്ഷ്യം വയ്ക്കുന്നത്. ഈ ലക്ഷ്യം സഫലമാകട്ടെ. അതിനായി, മൗനത്തിന്റെ ആത്മീയതും വിശുദ്ധിയും എത്ര ആഴമേറിയതും മനോഹരവുമാണെന്നും ജീവിച്ചുകാണിച്ച യൗസേപ്പിതാവിന്റെ മാധ്യസ്ഥം, ഏറെ ബഹളമയമായ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് കൂടുതൽ ആത്മീയ കരുത്ത് പ്രധാനം ചെയ്യട്ടെ.
പോൾ കൊട്ടാരം കപ്പൂച്ചിൻ