നമ്മുടെ മൗനവും ക്രിസ്തുവിന്റെ മൗനവും

0

പെട്ടെന്ന് ഉണ്ടാകുന്ന കോപവും വികാരങ്ങളും നിങ്ങളെ മഥിക്കുമ്പോള്‍ നിശ്ശബ്ദനായിരിക്കുക. കാരണം വലിയ അപമാനങ്ങളുടെയും വേദനകളുടെയും പീഡകളുടെയും സമയത്ത് ഈശോ നിശ്ശബ്ദനായിരുന്നു.

കുരിശിന്റെ വിശുദ്ധ പോള്‍

യേശുവിന്റെ പീഡാനുഭവങ്ങളെ ഓര്‍ക്കുന്ന ഈ ദിവസങ്ങളില്‍ ചില വഴികളില്‍ നിന്ന് നാം മാറിനടക്കുന്നു ചിലത് വേണ്ടെന്ന് വയ്ക്കുന്നു. അതിലും കൂടുതലും നമ്മള്‍ പ്രാര്‍ത്ഥിക്കുന്നു. ഇനിയും ചര്‍ച്ച ചെയ്യപ്പെടാതെയും പ്രസംഗിക്കാതെയും ധ്യാനിക്കാതെയുമൊക്കെ പോകുന്ന യേശുവിന്റെ ഒരു ചിത്രമാണ് തന്റെ കഠിനമായ വേദനകളുടെ നടുവിലും നിശ്ശബ്ദനായി നില്ക്കുന്നതും നടന്നുനീങ്ങുന്നതും.
ദൈവത്തെ വളരെ അടുത്ത് അനുഭവിക്കാന്‍ ഏകാന്തതയും മൗനവും സഹായിക്കുമെന്ന് തിരിച്ചറിവിന്‍ എന്ന് ഒരു ട്രാപിസ്റ്റ് സന്യാസിയായി മാറിയ തോമസ് മെര്‍ട്ടണ്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.

ചെറുതും വലുതുമായ എത്രയോ കാര്യങ്ങളെക്കുറിച്ചാണ് നമ്മള്‍ അനുദിനം സംസാരിക്കുന്നത്. എന്നിട്ടും എങ്ങും എത്തുന്നുമില്ല, പരിഹാരം പൂര്‍ണ്ണമാകുന്നുമില്ല. എന്തുകൊണ്ട് കുറച്ചുകൂടി മൗനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൂടാ എന്ന് ചിന്തിച്ചുതുടങ്ങിയത് ആ പുസ്തക വായനയ്ക്ക് ശേഷമാണ്. മൗനത്തിന്റെ സൗന്ദര്യം വല്ലാതെ എന്നെ ആകര്‍ഷിച്ചു. മൗനത്തിന്റെ സാധ്യതകളെ കണ്ടെത്താത്തിടത്തോളം കാലം കലുഷിതമായ മനസ്സുമായി നാം അലയേണ്ടിവരും. ആരെയും ആകര്‍ഷിക്കുന്ന അഴകും സുഗന്ധവും യേശുവിനുണ്ടായത് പ്രഭാതത്തിലും പ്രദോഷത്തിലും അവന്‍ മൗനത്തിലേക്ക് പിന്‍വാങ്ങിയതുകൊണ്ടാണ്.

പ്രാര്‍ത്ഥന അധരം കൊണ്ട് മാത്രം ഒതുങ്ങുന്ന ഒന്നല്ല. പ്രാര്‍ത്ഥനയ്ക്കമൗനം എന്നുകൂടി അര്‍ത്ഥവ്യാപ്തിയുണ്ട്. സുവിശേഷത്തിന്റെ അവസാനഭാഗത്ത് എത്തുമ്പോഴേയ്ക്കും ക്രിസ്തു നിശ്ശബ്ദനാകുന്ന കാഴ്ചയാണ് നാം കാണുന്നത്. കൊടിയ അപമാനങ്ങളുടെയും വേദനകളുടെയും കുരിശിന്റെ വഴികളില്‍ അവന്‍ മൗനം പാലിച്ചു. ആ മൗനം അവരെ അത്ഭുതപ്പെടുത്തി. എന്നിട്ടും എന്തുകൊണ്ടാണ് ആ മൗനം നമ്മെ അത്ഭുതപ്പെടുത്താതത്? എത്രയോ കുരിശിന്റെ വഴികള്‍ നാം ചൊല്ലിയിരിക്കുന്നു. എന്നിട്ടും എന്തേ മൗനത്തിന്റെ അര്‍ത്ഥം നമുക്ക് മനസ്സിലാകാതെ പോയി? മൗനത്തില്‍ പ്രാര്‍ത്ഥനയ്ക്ക് പുതിയ മാനങ്ങള്‍ സമ്മാനിച്ച ക്രിസ്തുവിലേക്ക് എന്നാണ് നാം എത്തുക? മൗനത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് യാത്ര തുടങ്ങാന്‍ സമയമായിരിക്കുന്നു.

അപാരമായ വേദനകളിലും നിശ്ശബ്ദനായി നില്ക്കുന്ന യേശുവിനെ ചൂണ്ടി പീലാത്തോസ് പറഞ്ഞു ഇതാ മനുഷ്യന്‍. ഉലക്കുന്ന, ഉലയുന്ന ജീവിതാനുഭവങ്ങളില്‍ ഒരുവന്‍ മൗനം പാലിക്കുന്നുണ്ടോ എന്നതാണ് പൂര്‍ണ്ണമനുഷ്യനെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം. യേശുവിന്റെ ശ്രേഷ്ഠതയുടെ അളവുകോല്‍ പോലും ജീവിതത്തിന്റെ ചില ദുരനുഭവങ്ങളില്‍ മൗനം പുലര്‍ത്തുന്നുണ്ടോ എന്നതാണ്.

ഈ ദിവസങ്ങളില്‍ മൗനത്തിന്റെ മനോഹാരിതയെ വീണ്ടെടുക്കാനുള്ള, അനുഭവിക്കാനുള്ള ചില പരിശ്രമങ്ങളില്‍ ഏര്‍പ്പെടാം. അത് നമ്മെ കുറെക്കൂടി ക്രിസ്തുവിന്റെ ഗന്ധമുള്ള മനുഷ്യരാക്കി മാറ്റും.
ഫാ. സ്റ്റീഫന്‍ ഓണിശ്ശേരില്‍