അവൾ കരഞ്ഞുകൊണ്ട് നിന്നു

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36)  ധ്യാനം -6

ഒളിമ്പിക്സ് മത്സരവിജയികൾ മത്സരശേഷം കരയുന്നത് കണ്ടിട്ടില്ലേ? തങ്ങൾക്കു ലഭിച്ച വിജയത്തിൽ പൂർണ്ണമായും മനസ്സുനിറഞ്ഞു വികാരങ്ങൾ വെളിപ്പെടുത്താനാവാതെ അവർ കരയുന്നു. അപ്രതീക്ഷിതമായ വിജയങ്ങളും, ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ചിലരുടെ സമാഗമവും ചിലപ്പോഴെങ്കിലും നമ്മുടെ കണ്ണുകളെ ഈറനണിയിക്കാറുണ്ട്.

ഇന്ന് ഈശോയുടെ അരികിലെത്തുന്ന പാപിനിയായ സ്ത്രീ അവന്റെ പിന്നിൽ, പാദത്തിനരികിൽ കരഞ്ഞുകൊണ്ട് നിൽക്കുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ്  അവൾക്ക് യേശുവിനെക്കുറിച്ചു വിവരം ലഭിക്കുന്നത്. കേട്ടപാതി അവൾ വെൺകൽഭരണിയുമായി അവനെത്തേടി ഓടുകയാണ്. അവനെ കണ്ടതോടെ, നിറഞ്ഞ മനസ്സോടെ, തുടിക്കുന്ന ഹൃദയത്തോടെ അവൾ അവനെ സമീപിക്കുന്നു.

ഹൃദയവികാരങ്ങൾ നിയന്ത്രിക്കാനാകാതെ അവൾ പൊട്ടിക്കരയുന്നു. അതിനുമാത്രമേ അവൾക്ക് സാധിക്കുന്നുള്ളൂ. താൻ നിൽക്കുന്നത് താൻ അതുവരെ കണ്ടെത്താൻ ആഗ്രഹിച്ചവന്റെ മുന്പിലാണെന്ന തിരിച്ചറിവ് അവളെ ആശ്വസിപ്പിക്കുന്നുമുണ്ട്. ഒരു സ്വപ്നം സാക്ഷാത്കരിച്ച സംതൃപ്തിയിൽ അവൾ കരയുന്നു.

എന്റെ മുൻപിൽ വന്നണയുന്ന യേശുവിന്റെ മഹത്വം ഞാൻ തിരിച്ചറിയുന്നുണ്ടോ? അതിനനുസരിച്ചു അവനോട് താദാത്മ്യം പുലർത്താൻ എനിക്ക് സാധിക്കുന്നുണ്ടോ?  യേശുവിനെ കണ്ടെത്തിയ ആ പാവം സ്ത്രീ കരഞ്ഞതുപോലെ, ക്രിസ്തുവിനെ കണ്ട സന്തോഷത്തിൽ എനിക്ക് കരയുവാൻ സാധിച്ചിട്ടുണ്ടോ? പാപിനിയായ സ്ത്രീയും യേശുവും തമ്മിലുള്ള കണ്ടുമുട്ടലിന്റെ ഒരു തീവ്രത എനിക്കെപ്പോഴെങ്കിലും അനുഭവിക്കാൻ ആയിട്ടുണ്ടോ?
ശുഭരാത്രി

🖋

️Fr Sijo Kannampuzha OM