നിലക്കാത്ത ചുംബനം

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36)  ധ്യാനം -9

ഹൃദയം ഹൃദയത്തെ തൊടുന്നതാണ് ചുംബനം. ചുംബിക്കാത്തവരും ചുംബനം സ്വീകരിക്കാത്തവരുമില്ല. അമ്മയുടെ, അപ്പച്ചന്റെ, സഹോദരങ്ങളുടെ, കൂട്ടുകാരുടെ,  ബന്ധുക്കളുടെ, പ്രണയിനിയുടെ, പങ്കാളിയുടെ എത്രയോ പേരുടെ ചുംബനങ്ങളാണ് ജീവിതത്തെ സാന്ദ്രമാക്കുക. ചില ചുംബനങ്ങൾ, നൽകുന്നവർ മാത്രമാണറിയുക. ഉറങ്ങിക്കിടന്ന പിഞ്ചുപൈതലും, ജീവനറ്റ ശരീരത്തിൽ, കുഴിയിലേക്ക് ഇറക്കുന്നതിനു തൊട്ടുമുമ്പ് തിരുനെറ്റിയിൽ നൽകുന്ന  അവസാന ചുംബനവും കൊടുക്കുന്നവർ മാത്രമേ അറിയുന്നുള്ളൂ.  നിന്നെ ഞാൻ ഇനിയും സ്നേഹിക്കുന്നു എന്ന് പറയാൻ ചുംബനമല്ലാതെ ഒരു എളുപ്പവഴിയില്ല.

എന്റെ പാദങ്ങൾ ചുംബിക്കുന്നതിൽ നിന്ന് അവൾ വിരമിച്ചിട്ടില്ല’- എന്നാണ് ഈശോ പാപിനിയായ സ്ത്രീയുടെ ചുംബനത്തെപ്പറ്റി പറയുക

. അവൾ നൽകിയ ചുംബനത്തിൽ പശ്ചാതാപത്തിന്റെ, വേപ്പഥുകളുടെ ഉപ്പുരസം കലർന്നിരുന്നു. എനിക്കിനിയും നീയില്ലാതെ വയ്യെന്നൊരു വിലാപത്തിന്റെ മാറ്റൊലിയും ആ ചുംബത്തിൽ അവൾ ഒളിപ്പിച്ചിരിക്കുന്നു. ഇനിയുള്ള എന്റെ പദവിന്ന്യാസങ്ങൾ നിന്റെ ഹൃദയതുടിപ്പുകൾക്കനുസരിച്ചാണെന്നു ആ പാദങ്ങളിൽ ചുംബിച്ചുറപ്പിക്കുകയാണവൾ.

ചുംബനങ്ങൾ ഓർമ്മപ്പെടുത്തലുകളാണ്. ഹൃദയം നല്കുന്നവരോട് ചേർന്നുനിൽക്കണമെന്ന വെളിപ്പെടുത്തലുകളാണവ. അവ ഇനിയുള്ള യാത്രയിൽ ഊർജ്ജം പകരുന്ന ഓർമ്മച്ചെപ്പുകളാണ്.

ഞാൻ പ്രഭാതത്തിൽ ചുംബനമർപ്പിച്ച അൾത്താരയും, നീ ചുംബനമേകിയ പൈതങ്ങളും, അവർ പങ്കാളികൾക്ക് സമ്മാനിച്ച ചുംബനവുമെല്ലാം ഇനിയും എന്റെ ബലിവഴികളിലെ പാഥേയങ്ങൾ.

ചുംബനങ്ങൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ.
ശുഭരാത്രി.

🖋

️Fr Sijo Kannampuzha OM