നിദ്ര

0

നിങ്ങള്‍ ഉറങ്ങുന്നതെന്ത്‌? ലൂക്കാ 22 : 46

ഒരു കുഞ്ഞ് സ്കൂളിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്തുകയാണ്. അവൻ കയ്യിൽ കുറച്ചുപൂക്കൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അകലെ നിന്ന് തന്നെ ‘അമ്മേ’ എന്ന് ആവർത്തിച്ചുവിളിച്ചുകൊണ്ടാണ് അവൻ ഓടി വരുന്നത്. സാധാരണ വാതിൽക്കൽ തന്നെകാത്ത് നിൽക്കുന്ന അമ്മ ഇന്ന് അല്പം ജോലിത്തിരക്കിലാണ്. വീട്ടിലേക്ക് കയ്യിൽ പൂക്കളുമായി ഓടിക്കയറി വന്ന മകനോട് ‘അമ്മ പറഞ്ഞു

“ഞാൻ തിരക്കിലാണ്, എന്നെ ശല്യപ്പെടുത്തരുത്. ചായ കുടിച്ച് വേഗം ട്യൂഷന് പൊയ്ക്കോ”

ആ കുഞ്ഞ് കൈയിലിരുന്ന പൂക്കൾ മുറ്റത്തേക്ക് വലിച്ചെറിയുകയാണ്. പഠിക്കാൻ വലിയ കഴിവൊന്നും ഇല്ലാതിരുന്ന അവൻ ആദ്യമായി ഒരു പദ്യം കാണാതെ പഠിച്ചു പാടിയതിന് ടീച്ചർ നൽകിയ സമ്മാനമായിരുന്നു ആ പൂക്കൾ. അവൻ്റെ ജീവിതത്തിലെ ആദ്യത്തെ സമ്മാനം! അമ്മയുടെ കണ്ണുകളിൽ സ്ഥാനം പിടിക്കാതെ പോയ ആ സമ്മാനം അവൻ ആ മണ്ണിൽ ഉപേക്ഷിക്കുകയാണ്.

ഒരു മനുഷ്യനെ ഏറ്റവും അതികം തളർത്തുന്നത് തൻ്റെ വേദനകളിലും സന്തോഷങ്ങളിലും കൂടപ്പിറപ്പുകളും ഉറ്റസുഹൃത്തുക്കളും പുലർത്തുന്ന നിസ്സംഗതയായിരിക്കും. വേദനിക്കാനും സന്തോഷിക്കാനും നമുക്ക് സാധിക്കും, അത് മനസ്സിലാക്കാനും ചേർത്തുപിടിക്കാനും ഒരു കരവും ഹൃദയവുമുണ്ടെങ്കിൽ.

താൻ ഇനി കടന്നുപോകാനുള്ളത് തീവ്രമായ മാനസ്സീകദുഃഖത്തിന്റെയും ശാരീരിക ക്ലേശങ്ങളുടെയും സമയമാണെന്നറിഞ്ഞ ഗുരു ഗത്സെമേനിൽ ശിഷ്യന്മാരുമൊത്ത് പ്രാർത്ഥിക്കാനായി പോകുന്നു. പ്രാർത്ഥനക്കിടയിൽ ഗുരു കാണുന്നത് തൻ്റെ ശിഷ്യന്മാർ സുഖമായി ഉറങ്ങുന്നതാണ്. “അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഉറങ്ങുന്നതെന്ത്‌? പരീക്‌ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍”. ഇത്രയും കാലം ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്ന, ഒരുമിച്ച് സ്വപ്‌നങ്ങൾ പങ്കിട്ട, ഒരേ അപ്പം മുറിച്ചു ഭക്ഷിച്ച, ഒരേ പാനപാത്രത്തിൽ നിന്ന് കുടിച്ച, ശിഷ്യന്മാർ യേശു കടന്നുപോകുന്ന മനോവ്യഥയുടെ ആഴം മനസ്സിലാക്കാതെ ഉറങ്ങുകയാണ്.

ചിലരുടെ ഉറക്കങ്ങൾ നമ്മെ തകർത്തുകളയും. നാം അനുഭവിക്കുന്ന വേദനയുടെ പാരമ്മ്യവും, ഒറ്റപ്പെടലിൻ്റെ കയ്പ്പും, പ്രതീക്ഷിക്കാനൊന്നുമില്ലാത്ത അവസ്ഥയും ആരെക്കാളും കൂടുതൽ അറിയുന്നവർ, ഒരുപക്ഷേ നമുക്കുചുറ്റും സുഖമായി ഉറങ്ങുകയായിരിക്കും. ഒന്നും ചെയ്യാനായില്ലെങ്കിലും ഈ നിദ്രാവിഹീനമായ രാവിൽ അവരൊന്ന് കൂടെ ഉണർന്നിരുന്നെങ്കിൽ എന്ന് നാം ആശിച്ചുപോകുന്നു.

ഉറക്കം, അതൊരു രക്ഷപ്പെടലാണ്. ഓടിയോളിക്കലാണ്. ഉത്തരവാദിത്വങ്ങളിൽ നിന്ന്, കടമകളിൽ നിന്ന്, ആയിത്തതീരേണ്ട പലതിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമാണ്. വേദനയുടെ നീർക്കയത്തിൽ, ചുറ്റുമുള്ളവരുടെ ഒരു സ്നേഹസ്പർശനത്തിനായി തിരിഞ്ഞു നോക്കിയപ്പോൾ അവരെല്ലാം ഉറങ്ങുകയായിരുന്നു. സാരമില്ല. കൂടെയുള്ളവർ ഉറങ്ങി ആശ്വസിച്ചതിൻ്റെ വേദന മനസ്സിലാക്കിയ ഗുരു നമുക്ക് കൂട്ടിരിക്കുന്നുണ്ട്. അല്ലെങ്കിൽ ഇവിടെവരെയൊന്നും നാം എത്തുകയില്ലായിരുന്നു.

ഞാൻ ഉറങ്ങുന്നതുകൊണ്ട് ആരും ഒറ്റയ്ക്കായിപോകുന്നില്ലെന്ന് നമുക്ക് ഉറപ്പു വരുത്താം. ആരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്താനൊന്നും ഒരു പക്ഷെ നമുക്കാവില്ലായിരിക്കാം. എങ്കിലും ഉറങ്ങാൻ കഴിയാതെ ഉണർന്നിരിക്കുന്നവന് കൂട്ടിരിക്കാനുള്ള ഒരു മാനസ്സീക ബലത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു…

മധുസൂദനൻ നായരുടെ മനോഹരമായ വരികൾ ആർക്ക് മറക്കാനാകും? രണ്ട് ഉറക്കങ്ങൾക്കിടയിലേതാണീ ജീവിതം. ജനിക്കുന്നതിനു മുൻപും മരിക്കുന്നതിന് ശേഷവും. ഈ ചെറിയ ജീവിതം ഉറങ്ങിക്കളയരുത്. ചുറ്റുമുള്ളവർ നമ്മെ നിദ്രാലാസ്യത്തിൽ കാണരുത്. ജീവനുള്ളവരായി കാണട്ടെ. ഇതൊരു നിയോഗമാണ്, ഉറങ്ങാൻ സാധിക്കാത്തവന് ഉറങ്ങാതെ കൂട്ടിരിക്കാനുള്ള വിളി.

ശുഭരാത്രി

Fr Sijo Kannampuzha OM