ലക്ഷ്യങ്ങൾ ഉറപ്പുള്ളതാകട്ടെ

0

ആകുലരാകുന്നതുകൊണ്ട്‌ ആയുസ്സിൻ്റെ ദൈര്‍ഘ്യം ഒരു മുഴം കൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും? (ലൂക്കാ 12 : 25)

ഒരു പെൺകുട്ടി ഒരു സായാഹ്നത്തിൽ തൻ്റെ മുത്തച്ഛനുമായി പാർക്കിലെ ബഞ്ചിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു സഞ്ചാരി അതിലെ വന്നു. അദ്ദേഹം മുത്തച്ഛനോട് ചോദിച്ചു: “ഞാൻ അടുത്ത പ്രശ്നബാധിതമായ ഗ്രാമത്തിൽ നിന്നാണ് വരുന്നത്. അവിടെ ഒരു സമാധാനവുമില്ല. എന്നും എപ്പോഴും കുഴപ്പങ്ങളാണ്. നിങ്ങളുടെ ഈ ഗ്രാമം സമാധാനമുള്ളതാണോ? അതോ ഇവിടെയും എൻ്റെ ഗ്രാമം പോലെ കുഴപ്പങ്ങളുണ്ടാകുമോ?”

മുത്തച്ഛൻ മറുപടി പറഞ്ഞു: “ഇവിടെയും കാര്യങ്ങൾ വ്യത്യസ്തമായിരിക്കില്ല”. നിരാശനായ സഞ്ചാരി യാത്ര തുടർന്നു.

അൽപദിവസങ്ങൾക്കു ശേഷം മറ്റൊരു സഞ്ചാരി അതേ സമയം ആ പാർക്കിൽ വന്നു. അദ്ദേഹം ഈ മുത്തച്ഛൻ്റെ അടുത്തെത്തി ചോദിച്ചു. “ഞാൻ വളരെ മനോഹരവും സമാധാനം നിറഞ്ഞതുമായ ഒരു സ്ഥലത്തു നിന്നാണ് വരുന്നത്. ഈ ഗ്രാമവും അങ്ങനെ ആയിരിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാമോ?”

മുത്തച്ഛൻ മറുപടി പറഞ്ഞു “ഇവിടെയും കാര്യങ്ങൾ വ്യത്യസ്തമായിരിക്കില്ല” അയാൾ സന്തോഷത്തോടെ യാത്ര തുടർന്നു.

ഇതെല്ലാം കണ്ട് മുത്തച്ഛൻ്റെ കൂടെയുണ്ടായിരുന്ന കൊച്ചുമകൾ അത്ഭുതത്തോടെ ചോദിച്ചു: “രണ്ടുപേരും ഒരേ ചോദ്യം ചോദിച്ചിട്ടും എന്തുകൊണ്ടാണ് രണ്ടു വ്യത്യസ്തമായ ഉത്തരങ്ങൾ നൽകിയത്?”

മുത്തച്ഛൻ ശാന്തനായി പ്രത്യുത്തരിച്ചു: “ആദ്യത്തെയാൾ അന്ന്വേഷിച്ചത് കുഴപ്പങ്ങളും രണ്ടാമത്തെ ആൾ അന്വേഷിച്ചത് സമാധാനവവും ആണ്. എന്താണോ അന്വേഷിക്കുന്നത് അതാണ് ഒരാൾ കണ്ടെത്തുക”

“ആകുലരാകുന്നതുകൊണ്ട്‌ ആയുസ്സിൻ്റെ ദൈര്‍ഘ്യം ഒരു മുഴം കൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും?” ദൈവപരിപാലനയിൽ ആശ്രയിക്കുവാനും   ആകുലത ഉപേക്ഷിക്കാനും ആവശ്യപ്പെടുന്ന ഈശോയുടെ ഈ ചോദ്യത്തിന് രണ്ടായിരം വർഷത്തെ പഴക്കമുണ്ട്. പക്ഷേ ഇന്നും, ഏറ്റവും കൂടുതൽ ആളുകൾ മരുന്നന്ന്വേഷിക്കുന്നത് ആകുലത മൂലമുള്ള രോഗങ്ങൾക്കാണ്. സമ്പത്തും വിദ്യാഭ്യാസവും ആരോഗ്യവും വർദ്ധിച്ചതനുസരിച്ച് ആകുലത കുറയേണ്ടതിനുപകരം ആകുലതയും ഏറ്റവും കൂടുതൽ വളർച്ചാനിരക്കിലാണുള്ളത്. ബാലികാബാലന്മാർ മുതൽ ജീവിതത്തിൻ്റെ സായാഹ്നത്തിലായവർ വരെ ഇന്ന് ആകുലതയാൽ വീർപ്പുമുട്ടുന്നവരാണ്. പരീക്ഷക്കുമുന്പായി പ്രാർത്ഥിക്കാൻ വന്ന അഞ്ചുവയസ്സുകാരി ആവശ്യപ്പെട്ടത് ‘ടെൻഷൻ മാറാൻ’ പ്രാർത്ഥിക്കണമെന്നാണ്. ചിറകില്ലാത്ത ആ മാലാഖയ്ക്കുപോലും ടെൻഷൻ!

ലക്‌ഷ്യം എന്താണെന്ന് ബോധ്യമുണ്ടായിരുന്നാലേ സഞ്ചാരിക്ക് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലക്ഷ്യത്തിലെത്താൻ .സാധിക്കൂ. ലക്‌ഷ്യം മറന്നവൻ ആദ്യത്തെ പ്രതിസന്ധിയിൽ തട്ടിവീഴും. ഉദയസൂര്യൻ്റെ ചെങ്കതിരുകൾ കാണണമെങ്കിൽ നീ മല മറികടന്നേ മതിയാകൂ. മലകയറ്റം ദുഷ്കരമാണെന്ന് ചിന്തിക്കുന്നവന് ഉദയസൂര്യനെ കാണാനാകില്ല. ഉസൈൻ ബോൾട്ടിന് തൻ്റെ ലക്ഷ്യത്തെക്കുറിച്ചറിയാം. കൊഹ്‌ലിക്കും മെസ്സിക്കും അവരുടെ ലക്‌ഷ്യം ഉറപ്പുണ്ട്. പ്രതിബന്ധങ്ങൾ അവരെ നിരാശപ്പെടുത്തുകയല്ല കൂടുതൽ ഗൗരവത്തോടെ ലക്ഷ്യത്തിലെത്താൻ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്.

ലക്ഷ്യം ഉണ്ടാവുകയെന്നതാണ് പ്രധാനം. ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് സ്വപ്നം കാണാനായാൽ, അത് മാത്രം മനസ്സിൽ നിറയ്ക്കാൻ കഴിഞ്ഞാൽ, അതിനുവേണ്ടി ജീവൻ ബലികഴിക്കാൻ തയ്യാറായാൽ നിങ്ങൾ ആ ലക്ഷ്യത്തിൽ എത്തിയിരിക്കും തീർച്ച. കാരണം കർത്താവാഗ്രഹിക്കുന്നതും നിൻ്റെ വിജയം തന്നെയാണ്. നീ വിജയിക്കണമെന്ന് നിന്നെക്കാൾ കൂടുതൽ ആഗ്രഹിക്കുന്നവനാണ് നിൻ്റെ ദൈവം. ആകുലപ്പെടുന്നവൻ കർത്താവിൻ്റെ പദ്ധതികളിലോ പരിപാലനയിലോ വിശ്വാസമില്ലാത്തവനാണ്. എൻ്റെ ദൈവം എൻ്റെ നന്മക്കായതെല്ലാം ചെയ്യുമെന്ന് ഉറപ്പുള്ളവന് ആകുലപ്പെടേണ്ടതില്ലല്ലോ? ഭാവുകങ്ങൾ.

ശുഭരാത്രി

Fr Sijo Kannampuzha OM