ക്രിസ്തു സ്നേഹിക്കുന്നവനോ നീ?

0
വിളിച്ചമാത്രയിൽ, വഞ്ചിയും വലയും – സ്വന്തം പിതാവിനെപ്പോലും ഉപേക്ഷിച്ചു, വിളിച്ചവന്റെ കൂടെ ഇറങ്ങിത്തിരിച്ച, സ്നേഹത്തിന്റെ ലഹരിയിൽ വെളിപാടുകൾ നൽകപ്പെട്ട വി. യോഹന്നാൻ ശ്ലീഹായുടെ ഓർമ്മദിവസമാണിന്ന്.
തനിക്കുവേണ്ടി ഉപേക്ഷിച്ചവയെല്ലാം ഇരട്ടിയായി തിരിച്ചുകിട്ടുമെന്ന് വാഗ്ദാനം ചെയ്ത തമ്പുരാന്, യോഹന്നാന് തിരിച്ചുകൊടുക്കാൻ ഉണ്ടായതും സ്നേഹം മാത്രം. മൂന്ന് സമാന്തരസുവിശേഷങ്ങളിലും ഉള്ളതിനേക്കാൾ അധികം പ്രാവശ്യം, (57 പ്രാവശ്യം) യോഹന്നാന്റെ സുവിശേഷത്തിൽ ‘സ്നേഹം’ എന്ന പദം പ്രത്യക്ഷപ്പെടുന്നുണ്ട്. സ്നേഹമെന്ന വാക്ക് 46 പ്രാവശ്യം അദ്ധേഹത്തിന്റെ ആദ്യലേഖനത്തിലും വായിക്കാനാകും.
അന്ത്യഅത്താഴവേളയിൽ ക്രിസ്തുവിന്റെ വക്ഷസ്സിലേക്ക് ചാരിക്കിടന്നുകൊണ്ടു സ്നേഹത്തെ ഉപാസിച്ച, സ്വന്തം അമ്മയെ ഏല്പിച്ചുകൊടുക്കാൻ മാത്രം യേശുവിന് വിശ്വാസമുണ്ടായിരുന്ന, ആ യോഹന്നാനെ ‘ക്രിസ്തു സ്നേഹിച്ച ശിഷ്യൻ’ എന്നാണ് യോഹന്നാൻതന്നെ പേരിടുന്നത്.
ഈ ജീവിതത്തിൽ എത്രയോ അധികം പേർ നമ്മെ സ്നേഹിക്കുന്നു. എത്രയോ അധികം പേരുടെ സ്നേഹത്തിനായി നാം ആഗ്രഹിക്കുന്നു. നൈമിഷികമായ, ലാഭേച്ഛയുള്ള, ഏത്‌ നിമിഷവും തിരിച്ചെടുക്കപ്പെടാവുന്ന, ഈ സ്നേഹത്തിനുപിന്നാലെ ഓടിപ്പാഞ്ഞു അവസാനം നിരാശരാകാനേ നമുക്ക് കഴിയൂ. കാരണം ഈ ലോകത്ത് നാം ആഗ്രഹിക്കുന്നത്പോലെ നമ്മെ സ്നേഹിക്കാൻ ക്രിസ്തുവിനുമാത്രമേ കഴിയൂ. ആ ക്രിസ്തുസ്നേഹം അനുഭവിക്കാനാകട്ടെ നമ്മുടെ ശ്രമം.
ഈ ദിനത്തിന്റെ അവസാന മണിക്കൂറുകളിൽ നമുക്ക് മിഴിയൊന്നടച്ചു, ഏകാഗ്രമായി ധ്യാനിക്കാം- ക്രിസ്തു സ്നേഹിക്കുന്നവൻ എന്ന നാമവിശേഷണം നമുക്ക് എത്രമാത്രം ഹൃദയത്തിലേക്കും, മനസ്സിലേക്കും, ബുദ്ധിയിലേക്കും, സന്നിവേശിപ്പിക്കാൻ സാധിച്ചിട്ടുണ്ട്?  ആരെയെല്ലാം സ്നേഹിച്ചാലും, ആരെല്ലാം സ്നേഹിച്ചാലും ‘ക്രിസ്തു സ്നേഹിച്ചവൻ’ എന്ന ഭേദകം നമുക്ക് സ്വന്തമായില്ലെങ്കിൽ ഈ ‘ഓട്ടപ്പാച്ചിലുകളെല്ലാം’ വ്യർത്ഥം.
ശുഭരാത്രി..
Fr Sijo Kannampuzha OM