സെബസ്ത്യാനോസിന്റെ കാറ്റക്കൂമ്പില്‍…

0


കേരളീയരായ നമ്മള്‍ ഏറെ ഇഷ്ടപ്പെടുകയും വണങ്ങുകയും ചെയ്യുന്ന വിശുദ്ധ സെബസ്ത്യാനോസ് ഇറ്റലിയിലെ മിലാനില്‍ ഏകദേശം 260 ല്‍ സമ്പന്നമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. പേരിനര്‍ത്ഥം വണക്കത്തിനു യോഗ്യന്‍ എന്നാണ്. റോമിലെ രക്തസാക്ഷികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 283 ല്‍ റോമന്‍ സൈന്യത്തില്‍ ചേര്‍ന്നു. മിടുക്കനായ ഈ പടയാളിയെ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി ഭരണമേറ്റതോടെ ക്യാപ്റ്റന്‍ പദവിയിലേക്കുയര്‍ത്തി. സെബസ്ത്യാനോസ് ക്രിസ്ത്യാനിയാണെന്നറിയാതെയായിരുന്നു ഈ സ്ഥാനക്കയറ്റം. സെബസ്ത്യാനോസ് പക്ഷേ, രഹസ്യമായി ജയിലുകളിലുള്ളവരുള്‍പ്പെടെ അനേകരോട് ക്രിസ്തുവിനെപ്രസംഗിക്കുകയും മാനസാന്തരപ്പെടുത്തുകയും ചെയ്തിരുന്നു. അതില്‍ പ്രത്യേകം എടുത്തുപറയേണ്ട ചിലരുണ്ട്.

റോമിലെ ഒരു സമ്പന്ന കുടുംബത്തിലെ ഇരട്ടസഹോദരന്മാരായിരുന്നു മാര്‍ക്കസും മാര്‍സല്ലിയനും. രണ്ടുപേരും വിവാഹിതരും സഭയിലെ ഡീക്കന്മാരുമായിരുന്നു. റോമന്‍ ദേവന്മാര്‍ക്കു ബലിയര്‍പ്പിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ട അവരെ മാതാപിതാക്കള്‍ ക്രിസ്തുമതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു. ഇതറിഞ്ഞ സെബസ്ത്യാനോസ് മാതാപിതാക്കളോടു സംസാരിച്ച് അവരെ മാനസാന്തരപ്പെടുത്തി. ഒപ്പം അവിടത്തെ ലോക്കല്‍ പ്രീഫെക്ടായ ക്രൊമാതിയൂസിന്റെ മകന്‍ തിബുര്‍തിയൂസും (സെന്റ് തിബുര്‍തിയൂസ്) നിക്കോസ്ട്രാളസ് എന്ന ഒരു ഓഫീസറും ആറുവര്‍ഷത്തോളമായി സംസാരശക്തി നഷ്ടപ്പെട്ടിരുന്ന അയാളുടെ ഭാര്യ സോയെ (Zoe) യും മാനസാന്തരപ്പെട്ടു. സോയെ മാമോദീസാ സ്വീകരിച്ചതോടെ അവരുടെ സംസാരശക്തി വീണ്ടുകിട്ടി. വൈകാതെതന്നെ തിബുര്‍തിയൂസിന്റെ പിതാവ് ക്രൊമാതിയൂസും ക്രിസ്തുമതം ആശ്ലേഷിച്ചു.

മാര്‍ക്കസും മാര്‍സെല്ലിയനും കാസ്തുലസ് എന്ന ക്രിസ്തീയ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഒടുവില്‍ അവരും നിക്കോസ്ത്രുസും ഭാര്യ സോയെയും തിബുര്‍തിയൂസും രക്തസാക്ഷികളായി.

സെബസ്ത്യാനോസിന്റെ രക്തസാക്ഷിത്വം:

സെബസ്ത്യാനോസ് വിവേകപൂര്‍വ്വം തന്റെ വിശ്വാസം ഡയോക്ലീഷ്യനുമുന്‍പില്‍ വെളിപ്പെടുത്താതെ ജീവിച്ചെങ്കിലും ഒരിക്കലതു പുറത്തായി. തന്നെ കബളിപ്പിച്ച സെബസ്ത്യാനോസിനെ ഒരു തൂണില്‍ ബന്ധിച്ച് അമ്പെയ്തു കൊല്ലാനയാള്‍ ആജ്ഞാപിച്ചു. അമ്പുകളേറ്റ് മുള്ളന്‍ പന്നിയുടേതുപോലെയായിത്തീര്‍ന്നു ആ ശരീരമെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കാസ്തുലുസിന്റെ വിധവ ഐറിന്‍ എത്തി. എന്നാല്‍, ആ ശരീരത്തില്‍ ജീവനവശേഷിച്ചിട്ടുണ്ടെന്നു മനസ്സിലായ ഐറിന്‍ അദ്ദേഹത്തെ സ്വന്തം വീട്ടില്‍കൊണ്ടുപോയി പരിചരിച്ച് സുഖപ്പെടുത്തി.

ക്രിസ്തുവിന്റെ ധീരനായ ആ പടയാളി പക്ഷേ, അടങ്ങിയിരുന്നില്ല. ഡയോക്ലീഷ്യന്റെ കൊട്ടാരത്തില്‍ വീണ്ടും ചെന്ന് ക്രിസ്ത്യാനികള്‍ക്കെതിരായ അയാളുടെ ക്രൂരതകളെ ശാസിച്ചു. കൊല്ലപ്പെട്ടു എന്നു കരുതിയ മനുഷ്യന്‍ തന്റെ നേരെ നോക്കി ഇത്ര നിര്‍ഭയനായി സംസാരിക്കുന്നതുകേട്ട് ചക്രവര്‍ത്തി അമ്പരന്നെങ്കിലും, ആ അമ്പരപ്പ് മാറിയതോടെ സെബസ്ത്യാനോസിനെ അടിച്ചുകൊല്ലാനാജ്ഞാപിച്ചു. അങ്ങനെ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ ശരീരം ടൈബര്‍ നദിയോടു ചേര്‍ന്നുള്ള ഒരു അഴുക്കുചാലിലേക്കു അവര്‍ വലിച്ചെറിഞ്ഞു. ലൂചിന എന്ന ഒരു ഭക്തസ്ത്രീക്ക് ഒരു ദര്‍ശനത്തില്‍ തന്റെ ശരീരം എവിടെയാണെന്ന് വിശുദ്ധന്‍തന്നെ വെളിപ്പെടുത്തിക്കൊടുത്തു.

അവര്‍ രഹസ്യത്തില്‍ വന്ന് ആ ശരീരമെടുത്ത് സെന്റ് കലിസ്റ്റസ് കാറ്റക്കൂമ്പിന്റെ പ്രവേശനകവാടത്തിനരികെയുള്ള സിമിത്തേരിയില്‍ അടക്കി. വിശുദ്ധ പത്രോസിനെയും പൗലോസിനെയും ആദ്യം അടക്കിയിരുന്നത് ഇവിടെയായിരുന്നു. അന്നത് അപ്പസ്‌തോലന്മാരുടെ ബസിലിക്ക എന്നാണറിയപ്പെട്ടിരുന്നത്. സെബസ്ത്യാനോസിനെ അടക്കിയതിനുശേഷം അത് വിശുദ്ധ സെബസ്ത്യാനോസിന്റെ ബസിലിക്ക എന്നറിയപ്പെടുന്നു. അതിനോട് ചേര്‍ന്നാണ് സെന്റ് സെബസ്ത്യാനോസ് കാറ്റക്കൂമ്പ്.
വെടിക്കെട്ടും ചെണ്ടയും ബാന്റുമേളവുമൊക്കെയായി ഈ വിശുദ്ധന്റെ തിരുനാള്‍ നമ്മള്‍ തകര്‍ത്താഘോഷിക്കുമ്പോള്‍, ഈ വിശ്വാസവും തീക്ഷ്ണതയും ധൈര്യവുമൊന്നും മറക്കരുത്.

നേരത്തെ സൂചിപ്പിച്ചതുപോലെ റോമിലും പരിസരത്തുമായി 60 ഓളം കാറ്റക്കുമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. സെന്റ് കലിസ്റ്റസ് കാറ്റക്കുമ്പുതന്നെ ഇതിലേറ്റവും പ്രധാനം. 56 രക്തസാക്ഷികളെയും (അതില്‍ അഞ്ചുപേര്‍ മാര്‍പാപ്പമാരാണ്) 16 വിശുദ്ധരും (അതില്‍ 11 മാര്‍പാപ്പമാരും ബിഷപ്പുമാരും) ഈ കാറ്റക്കുമ്പിനകത്തും പുറത്തുമായി അടക്കിയിട്ടുണ്ട്. കാറ്റക്കുമ്പുകളുടെ സംരക്ഷണം സലേഷ്യന്‍, ഫ്രാന്‍സിസ്‌കന്‍, എസ്. വി. ഡി., എസ്. ഡി. ബി., സിസിലിയന്‍ സിസ്റ്റേഴ്‌സ് തുടങ്ങി വിവിധ സന്ന്യാസസഭകളെയാണ് റോം നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ മൂക്കന്നൂര്‍ സി. എസ്. റ്റി ബ്രദേഴ്‌സിന്റെ സന്ന്യാസസമുഹത്തിലെ ബ്രദര്‍ വിന്‍സെന്റ് പെരുമ്പനാനി അവിടെ ശുശ്രൂഷ ചെയ്യുന്നു. കാറ്റക്കുമ്പുകളെക്കുറിച്ചുള്ള ഈ കുറിപ്പിലെ പല വിവരങ്ങളും അദ്ദേഹം നല്കിയതാണ്. ബ്രദര്‍ ബിനോയും അദ്ദേഹത്തോടൊപ്പം ഇപ്പോള്‍ അവിടെ ശുശ്രൂഷ ചെയ്യുന്നു. എഴുതാന്‍ താത്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ കാറ്റക്കുമ്പുകളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളടങ്ങിയ വിലപിടിപ്പുള്ള ഒരു പുസ്തകം സമ്മാനമായി നല്കിയ ഫാ. ക്യാരെല്ലോ എസ്. ഡി. ബി. ക്ക് ഹൃദയപൂര്‍വം നന്ദി. ഒരു ഫോട്ടോയെടുക്കാനുള്ള താത്പര്യത്തെ പക്ഷേ, അദ്ദേഹം തടഞ്ഞു.
( തുടരും)

സിസ്റ്റര്‍ ശോഭ സിഎസ് എന്‍