നാഥാ എന്നാത്മാവിനെ കൈക്കൊള്ളണേ!

0
ക്രിസ്തുമസിന് തൊട്ടടുത്ത ദിവസം നമ്മൾ ഓർക്കുന്നത് രക്തസാക്ഷിയായ  വി. സ്തെഫാനോസിനെയാണ്. ക്രിസ്തുവിൻ്റെ മരണശേഷം ആദ്യമായി രക്തസാക്ഷിപട്ടം സ്വീകരിച്ചവനാണ് സ്തെഫാനോസ്. വി. പൗലോസിനോടൊപ്പം ഗമാലിയേലിൻ്റെ ശിക്ഷണത്തിൽ വിദ്യ അഭ്യസിച്ചവ സ്തെഫാനോസിന് ക്രിസ്തുവാണ് വരാനിരിക്കുന്ന രക്ഷകൻ എന്ന് മനസ്സിലാക്കാനുള്ള ജ്ഞാനം ലഭിച്ചിരുന്നു.
വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവനെന്നാണ് സ്തെഫാനോസിനെ തിരുവചനം പരിചയപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ അപ്പസ്തോലന്മാർ തിരഞ്ഞെടുത്ത ആദ്യത്തെ ഏഴ് ഡീക്കന്മാരിൽ പ്രഥമസ്ഥാനീയനായിരുന്നു സ്തെഫാനോസ്. ക്രിസ്തു ദൈവപുത്രനാണെന്നു പ്രസംഗിച്ച അവനെ കല്ലെറിഞ്ഞുകൊല്ലാനായി യഹൂദപ്രമാണിമാർ തീരുമാനിക്കുന്നു. തൻ്റെ ശരീരം മുഴുവൻ ചുറ്റുമുള്ളവർ വലിച്ചെറിഞ്ഞ കൂർത്തകല്ലുകൾ പതിക്കുമ്പോൾ, ചോര ചാലുകളായി ഒഴുകുമ്പോൾ, അധിക്ഷേപിക്കുമ്പോൾ, ശപിക്കുമ്പോൾ സ്തെഫാനോസ് മുകളിലേക്ക് കണ്ണുകളുയർത്തി പ്രാർത്ഥിക്കുന്നു. ‘കർത്താവായ യേശുവേ, എൻ്റെ ആത്മാവിനെ കൈകൊള്ളേണമേ”
 “നാഥാ എന്നാത്മാവിനെ കൈക്കൊള്ളണേ”- ഒരാൾക്ക് അവസാനമായി മിഴിയടക്കുന്നതിനുമുന്പ് ഇതിലും മനോഹരമായ ഒരു പ്രാർത്ഥന ചൊല്ലാനില്ല. താൻ എത്തിച്ചേരാനിരിക്കുന്നത് പിതാവിൻ്റെ മടിത്തട്ടിലേക്കാണെന്നുള്ള ധ്യാനം മനസ്സിനെ എപ്പോഴും ദീപ്തമാക്കിയെങ്കിൽ! നമ്മൾ വെട്ടിപ്പിടിക്കുന്നതും, സ്വന്തമാക്കുന്നതും, കീഴ്‌പ്പെടുത്തുന്നതുമെല്ലാം അവസാനം എന്നെ ഈ പ്രാർത്ഥനയിലേക്ക് നയിക്കുമോ? അതോ ‘നാഥാ’ എന്ന് വിളിക്കുവാൻ പോലും സാധിക്കാത്ത മാനസ്സീകസംഘർഷത്തിലായിരിക്കുമോ എൻ്റ അവസാന നിമിഷങ്ങൾ? ക്രിസ്തുവിനെ പ്രഘോഷിച്ച സ്തെഫാനോസ് അവസാനം വിളിച്ചതും ക്രിസ്തുവിനെത്തന്നെ. അതിൽ അത്ഭുതത്തിന് സ്ഥാനമില്ല. അവസാന മണിക്കൂറിലെ പ്രസാദകരമായ നിമിഷങ്ങൾ ഒരാളുടെ ജീവിതത്തിൻ്റെ അളവുകോലാകുന്നതൊക്കെ ഇങ്ങനെയായിരിക്കും.
ഇതുവരെ സംഭവിച്ചപിഴവുകൾക്കെല്ലാം മാപ്പ് പറഞ്ഞുകൊണ്ട്, ചവിട്ടിത്തള്ളിയ പാഴ്‌വഴികളെയെല്ലാം ഉപേക്ഷിച്ചുകൊണ്ടു, കൈപ്പിടിയിലൊതുക്കിയ സ്വത്തുക്കളെല്ലാം വെറുതെയാണെന്നറിഞ്ഞുകൊണ്ടു നമുക്ക് ഏറ്റുപറയാൻ സാധിക്കട്ടെ  “നാഥാ എന്നാത്മാവിനെ കൈക്കൊള്ളണേ”.
ശുഭരാത്രി..
Fr Sijo Kannampuzha OM