സ്തുതിച്ചു പാടുന്ന ജീവിതങ്ങള്‍

0

ജോലി നഷ്ടപ്പെട്ട്  ഗള്‍ഫില്‍ മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ചെറുപ്പക്കാരനായിരുന്നു അയാള്‍. അവിടെ തന്നെയായിരുന്നു അയാള്‍ തുടര്‍ന്നും ജീവിച്ചിരുന്നത്. നല്ലൊരു ജോലിക്കു വേണ്ടിയുള്ള അന്വേഷണവും അതിനിടയില്‍ നടത്തുന്നുണ്ടായിരുന്നു. ഒരു നാള്‍ യൂട്യൂബില്‍  വളരെ യാദൃച്ഛികമായിട്ടായിരുന്നു ഒരു പാട്ട് അയാള്‍ കേട്ടത്. ആ വരികള്‍ ഇങ്ങനെയായിരുന്നു.

സ്തുതിച്ചു പാട്നീ ദൈവനാമത്തില്‍
നിന്റെ ജോലിയില്‍ 
നീയിന്ന് അത്ഭുതം കാണും.

ആ വരികള്‍ അയാളെ വല്ലാതെ സ്പര്‍ശിച്ചു. താന്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ഓര്‍മ്മയിലേക്ക് വന്നപ്പോള്‍ ആ വരികള്‍ ദൈവം തനിക്ക് പ്രത്യേകമായി നല്കിയിരിക്കുകയാണെന്ന് അയാള്‍ക്ക് തോന്നി. അതെ, ദൈവം കൈനീട്ടി തൊട്ട വരികള്‍ തന്നെ. ദൈവികപ്രചോദനത്താല്‍ അയാള്‍ വീണ്ടും വീണ്ടും ആ പാട്ട് ആവര്‍ത്തിച്ചുകേട്ടുകൊണ്ടേയിരുന്നു.

സ്തുതിച്ചു പാട് 
നീ ദൈവനാമത്തില്‍
നിന്റെ ജോലിയില്‍ 
നീയിന്ന് അത്ഭുതം കാണും.പിന്നെ അയാളത് പാടിത്തുടങ്ങി.
 എത്രതവണ ആ പാട്ട് പാടിയെന്ന് അയാള്‍ക്ക് തന്നെ ഓര്‍മ്മയില്ല. അടുത്ത ദിവസം അയാള്‍ക്കൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. ഈ പാട്ടു പാടിയാണ് അയാള്‍ അഭിമുഖത്തിന് പോയത്. അത്ഭുതകരമെന്ന് പറയട്ടെ ആദ്യത്തെ ജോലിയെക്കാള്‍ നല്ലതും കൂടുതല്‍ ശമ്പളം കിട്ടുന്നതുമായ  പുതിയൊരു നല്ല ജോലി അയാള്‍ക്ക്‌ലഭിച്ചു. 

ദൈവനാമത്തെ സ്തുതിച്ചു ഇന്റര്‍വ്യൂവിന്  പോയപ്പോള്‍ കിട്ടിയ ജോലിയുടെ നന്ദി അറിയിക്കാനായി അയാള്‍ പിന്നീട് ഈ ഗാനത്തിന്റെ സ്രഷ്ടാക്കള്‍ക്ക് മെയില്‍ ചെയ്യുകയുണ്ടായി.  കേട്ട വാര്‍ത്ത ആത്മാവില്‍ സന്തോഷം അനുഭവപ്പെട്ടുവെങ്കിലും ഗാനസ്രഷ്ടാക്കള്‍ മറുപടി നല്കിയത് ഇങ്ങനെയാണ്. 

ദൈവം നല്കിയ പാട്ടുകള്‍

ദൈവം നല്കിയ പാട്ടാണിത്. ഞങ്ങളുടേതായി ഇതില്‍ ഒന്നുമില്ല. അതുകൊണ്ട് എല്ലാ മഹത്വവും ദൈവത്തിന്.

  ഇത് എസ് തോമസ്- ലിസി സന്തോഷ് ദമ്പതികള്‍.  ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ സംഗീതസംവിധായകരും പാട്ടെഴുത്തുകാരും ആകുന്നത് അത്രമേല്‍ സാധാരണ സംഭവമൊന്നുമല്ല. അത്തരത്തിലുള്ള അപൂര്‍വ്വത അവകാശപ്പെടുന്ന ദമ്പതികളാണ് തോമസും ലിസിയും.


ക്രൈസ്തവഭക്തിഗാന മേഖലയില്‍ വ്യത്യസ്തമായ പാത തുറന്നിരിക്കുകയാണ് ഇവര്‍. ദേശത്തിന്റെ അതിരുകളെ ഭേദിച്ചുകൊണ്ട് ക്രൈസ്തവരായ മലയാളികള്‍ ഉള്ള എല്ലായിടങ്ങളിലും തോമസിന്റെയും ലിസിയുടെയും നിരവധി പാട്ടുകള്‍ എത്തിയിട്ടുണ്ട്.  അതില്‍ ഏറ്റവും പോപ്പുലറായ ഗാനമാണ് സ്തുതിച്ചുപാട്. ശാലോം ടിവി  വഴിയാണ് ഈ ഗാനം അനേകരിലേക്കെത്തിയത്.


 ദൈവം നല്കിയ പാട്ടാണ് ഇത്. അതിലെ വരികളും ട്യൂണും എല്ലാം ദൈവം തന്നതാണ്. ഞങ്ങള്‍ക്ക് അതിന്റെ പേരില്‍ അഹങ്കരിക്കാനൊന്നുമില്ല. കാരണം ഞങ്ങളുടെ ബുദ്ധിയില്‍ നിന്നല്ല ഇതൊന്നും എഴുതിയത്. ലിസിയും സന്തോഷും ആവര്‍ത്തിക്കുന്നു.
ഈ ദമ്പതികള്‍ എഴുതിയ ഗാനങ്ങളെല്ലാം അനേകരുടെ ജീവിതങ്ങളില്‍ മാറ്റം വരുത്താന്‍ ഇടയാക്കിയവ തന്നെയായിരുന്നു.

ഈശോയ്ക്കുവേണ്ടി മാത്രം

ചെറുപ്പം മുതല്‍ക്കേ പാട്ടിനോടും സംഗീതത്തോടും പൊന്‍കുന്നംകാരനായ സന്തോഷ് തോമസിനും കിടങ്ങുര്‍ പുന്നത്തുറകാരിയായ ലിസിക്കും ആഭിമുഖ്യമുണ്ടായിരുന്നു. അക്കാലത്ത് റേഡിയോയിലെ സിനിമാഗാനങ്ങള്‍ക്ക് ലിസി നല്ലൊരു ശ്രോതാവുമായിരുന്നു. പക്ഷേ നവീകരണരംഗത്തേക്ക് കടന്നുവന്നതോടെ സിനിമാ പാട്ടുകളോടുള്ള ഇഷ്ടം കുറഞ്ഞു. ഭക്തിഗാനങ്ങളോടുള്ള ഇഷ്ടം കൂടുകയും ചെയ്തു. 

ഈശോയ്ക്കുവേണ്ടി ഓരോരുത്തരും ഓരോ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ ഈശോയ്ക്കു വേണ്ടി ചെയ്യുന്നത് നല്ല പാട്ടുകള്‍ പുറത്തിറക്കുക എന്നാണ്. ഈശോ മഹത്വപ്പെടണം. അതു മാത്രമേ ഞങ്ങളുടെ ആഗ്രഹമുള്ളൂ.  

ലണ്ടനില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി താമസിക്കുന്ന ഈ ദമ്പതികള്‍ വ്യക്തമാക്കുന്നു.

പ്രാര്‍ത്ഥനയാകുന്ന പാട്ടുകള്‍

ഏകാന്തതയുണ്ടെന്ന് പറയുന്നവരോടും ഏകാന്തതയെ ഭയക്കുന്നവരോടും ഇവര്‍ സ്‌നേഹപൂര്‍വ്വം വിയോജിക്കുന്നു. അതിന്റെ കാരണമായി ഇവര്‍ പറയുന്നത് പ്രാര്‍ത്ഥിക്കുന്ന ഒരു മനുഷ്യന് ഒരിക്കലും ഏകാന്തത അനുഭവപ്പെടുകയില്ല എന്നാണ്. ആത്മീയ മനുഷ്യന്‍ അവന്റെ ജീവിതത്തിലെ നല്ലൊരു പങ്കും പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കുന്നവനാണ്. അപ്രകാരം പ്രാര്‍ത്ഥിക്കുന്ന ഒരു മനുഷ്യന് ഏകാന്തത അനുഭവപ്പെടുകയില്ല. കാരണം അവന്റെ ഏറ്റവും അരികിലായി ഈശോയുണ്ട്, 

ലൗകികമായ സുഖഭോഗങ്ങളിലും മാനുഷികമായ ബന്ധങ്ങളിലും കുടുങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ഏകാന്തത ഭയക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് ഏകാന്തതയില്ല.  ജോലി കഴിഞ്ഞുള്ള സമയം മുഴുവന്‍ പ്രാര്‍ത്ഥിക്കാനായാണ് ഞങ്ങള്‍ നീക്കിവച്ചിരിക്കുന്നത്. ആ പ്രാര്‍ത്ഥനയില്‍ നിന്ന് കിട്ടുന്നവയാണ് ഞങ്ങളുടെ എല്ലാ പാട്ടുകളും. അതുകൊണ്ട്  തന്നെ ഈ പാട്ടുകളോരോന്നും പ്രാര്‍ത്ഥനകളാണ്. എസ്. തോമസ് പറയുന്നു.

മെഡിസിന്‍ ട്രോളിയില്‍ എഴുതിയ പാട്ട്

തങ്ങളുടെ ബുദ്ധിയില്‍ നിന്നല്ല പാട്ടുകളൊന്നും എഴുതിയിരിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ ലിസി സ്തുതിച്ചുപാട് എന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ച് വിശദീകരിച്ചത് ഇപ്രകാരമാണ്.

ഹോസ്പിറ്റലില്‍ ജോലിക്കിടയിലാണ് ഈ പാട്ടിന്റെ ആദ്യവരികള്‍ കിട്ടിയത്. ആദ്യം ഞാന്‍ അതിനെ അവഗണിച്ചു. അതൊരു പാട്ടാണ് എന്നു പോലും എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ ഉള്ളില്‍ ശക്തമായ തോതില്‍  പ്രചോദനം ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ വച്ചുതന്നെ ആദ്യ നാലുവരികള്‍ കുറിച്ചുവച്ചു. അതും മെഡിസിന്‍ ട്രോളിയില്‍. പിന്നീട് പലപ്പോഴായി ബാക്കിവരികളും  കൂടി കടന്നുവരികയായിരുന്നു. എല്ലാം കൂടി എഴുതിപൂര്‍ത്തിയാക്കിയപ്പോഴാണ് അതൊരു പാട്ടാണല്ലോയെന്ന് തിരിച്ചറിഞ്ഞത്. 

ആ ഹാ, മകളുടെ സംഭാവന

പലപ്പോഴായി കിട്ടിയ വരികള്‍ പിന്നീട് വീട്ടിലിരുന്ന് ഒരു അവധി ദിവസം ഉറക്കെപാടിക്കൊണ്ട് പകര്‍ത്തിയെഴുതുകയായിരുന്നു ലിസി. തൊട്ടടുത്ത് മകള്‍ സോണിയ  ഇരിക്കുന്നുണ്ടായിരുന്നു. മകള്‍ അവളുടെ പഠനത്തിന്റെ ഭാഗമായി എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അമ്മ ഉറക്കെ പാടുന്ന വരികള്‍ക്ക് മേമ്പൊടിയായി മകള്‍ അപ്പോള്‍ ഇങ്ങനെ കൂട്ടിചേര്‍ത്തു.  ആ ഹാ എന്റെ ദൈവമേ ..അങ്ങനെ അപ്പനും അമ്മയും മകളും കൂടിയുള്ള അസാധാരണമായ പാട്ടായി സ്തുതിച്ചുപാട് മാറുകയായിരുന്നു.

അതുപോലൊരു പാട്ട് ഇനിയില്ല

പലരുടെയും ഹൃദയങ്ങളെ കീഴടക്കിയ ഗാനമാണ് സ്തുതിച്ചുപാട്. പരിചയപ്പെടാനെത്തുമ്പോള്‍ പലരും ലിസിയോട് അഭ്യര്‍ത്ഥിക്കുന്നത് അതുപോലൊരു പാട്ട് ഇനിയും എഴുതണമെന്നാണ്. അത്തരക്കാരോട് ലിസി പറയുന്നത് ഇതാണ്, ഇനിയങ്ങനെയൊരു പാട്ട് ഉണ്ടാവില്ല. കാരണം അങ്ങനെ ഒരു പാട്ടേയുള്ളൂ. ആ പാട്ട് കഴിഞ്ഞു. ഇനി മറ്റൊരു പാട്ട്. അതും ദൈവം തന്നാല്‍ മാത്രം.

വഴിത്തിരിവായ ധ്യാനം
 തപസ് ധ്യാനത്തില്‍ പങ്കെടുത്തതിന് ശേഷമാണ് പാട്ടും ഈണവും കൂടി തങ്ങള്‍ക്ക് കിട്ടിയതെന്ന് എസ്  തോമസ് സാക്ഷ്യപ്പെടുത്തുന്നു. അതിന് മുമ്പുവരെ വരികള്‍ മാത്രമായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. പക്ഷേ പാമ്പാടി ഗുഡ് ന്യൂസില്‍ പങ്കെടുത്ത തപസ് ധ്യാനം വഴിത്തിരിവായി. അതിന് ശേഷം ഈണവും വരികളും ഒരുമിച്ചു കിട്ടിത്തുടങ്ങി. ലിസിക്കാണ് ആദ്യം  വരിയും ഈണവും കിട്ടിത്തുടങ്ങിയത്. പിന്നീടാണ് തോമസിന് അത് ലഭിച്ചുതുടങ്ങിയത്. 

പനക്കലച്ചന്റെ സന്ദേശം

ആദ്യമൊക്കെ തങ്ങള്‍ എഴുതുന്നത് പാട്ടാണോയെന്ന കാര്യത്തില്‍ ഇരുവര്‍ക്കും സംശയമുണ്ടായിരുന്നു. അക്കാര്യത്തില്‍ വ്യക്തത നല്കിയത് പനയ്ക്കലച്ചനാണ്. അച്ചന്‍ പ്രാര്‍ത്ഥിച്ച് സന്ദേശമെടുത്ത് ഈ ദമ്പതികളോട് പറഞ്ഞ തിരുവചനം ഇതായിരുന്നു. ഭാവിതലമുറയ്ക്കു വേണ്ടി ഇനിയും ജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെ സ്തുതിക്കാന്‍ വേണ്ടി ഇത് ആലേഖനം ചെയ്യപ്പെടട്ടെ. ( സങ്കീ 102:18).  2008 ഓഗസ്റ്റ് 21 #ാ#ം തീയതിയാണ് അച്ചന്‍ ആ സന്ദേശം പറഞ്ഞതെന്ന് ഇവര്‍ ഹൃദയത്തിന്റെ കോണില്‍ തങ്കലിപികളിലാണ് എഴുതിസൂക്ഷിച്ചിരിക്കുന്നത്.


പനയ്ക്കലച്ചന്‍ പറഞ്ഞ ഈ തിരുവചനം വലിയൊരു ആവേശമായി. ദൈവം തങ്ങളെ പ്രത്യേകമായി വിളിച്ചിരിക്കുന്നതാണെന്ന ബോധ്യം ശക്തമായി അനുഭവപ്പെട്ടു. ഇതിനകം അഞ്ഞൂറോളം ഭക്തിഗാനങ്ങള്‍ ഇരുവരും ചേര്‍ന്ന് രചിച്ചിട്ടുണ്ട്. ശുശ്രൂഷാഗാനങ്ങള്‍ എന്നാണ് ഇവരുടെ ഗാനങ്ങള്‍ അറിയപ്പെടുന്നത്. നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും സിഡി രൂപത്തില്‍ ഗാനങ്ങള്‍ പുറത്തിറക്കിയത് 2007 മുതല്ക്കായിരുന്നു. ഡിവൈന്‍ മേഴ്‌സി എന്നായിരുന്നു ആദ്യ സിഡിയുടെ പേര്. 

അന്ന് ഞങ്ങള്‍ക്ക്  ട്യൂണ്‍,റിക്കോര്‍ഡിംങ്, സിഡി പ്രൊഡക്ഷന്‍ തുടങ്ങിയവയെക്കുറിച്ചൊന്നും അറിയില്ല. ട്യൂണിന് അനുസരിച്ച് വരികള്‍ക്ക് മാറ്റം വരുത്തണമെന്ന് സംഗീതസംവിധായകന്‍ സുമേഷ് കൂട്ടിക്കല്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത് സമ്മതിച്ചില്ല. ലിസി പഴയ ഓര്‍മ്മകളിലേക്ക് പോയി.
കാരണം ദൈവം തന്ന വരികളാണതെന്ന് ഞങ്ങള്‍ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് അതില്‍ നിന്ന് കുറയ്ക്കാനോ കൂട്ടാനോ ഞങ്ങള്‍ തയ്യാറായില്ല. ഞങ്ങളുടെ ഈ കടുംപിടുത്തം മ്യൂസിക് ഡയറക്ടര്‍ക്ക് ആദ്യമൊന്നും മനസ്സിലായില്ല. ദൈവനിവേശിതമായിട്ടാണ് ഞങ്ങള്‍ ഇതെഴുതിയിരിക്കുന്നത് എന്ന് പിന്നീട് അയാള്‍ക്കും ബോധ്യം വന്നു. അതോടെ റിക്കാര്‍ഡിംങ് സുഗമമമായി മുന്നോട്ടുപോയി.

വ്യത്യസ്തമായ ഗാനോപഹാരങ്ങള്‍

  കെസിബിസി പ്രോലൈഫ്‌സമിതിയുടെ ആഭിമുഖത്തില്‍ പുറത്തിറങ്ങിയ പ്രോലൈഫ് സിഡി ഈ ദമ്പതികളുടെ സംഭാവനകളില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രോലൈഫ് സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് ഗാനരൂപത്തില്‍ ഇതുപോലൊരു സിഡി മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. ആദ്യം നാലു ഗാനങ്ങളാണ് ഈ ആശയം ഉള്‍ക്കൊണ്ട് രചിച്ചത്. എന്നാല്‍ ഒരു സിഡിയില്‍ തികയ്ക്കാന്‍ മാത്രം അവ എണ്ണമുണ്ടായിരുന്നില്ല. 

പിന്നീടാണ് ദൈവാത്മ പ്രചോദനത്താല്‍ മറ്റൊരു ആശയം ഉള്ളില്‍ രൂപം കൊണ്ടത്. ദമ്പതികള്‍ വിവാഹം കഴിക്കുന്നതു മുതല്‍ അവര്‍ക്കൊരു കുഞ്ഞ് ഗര്‍ഭത്തില്‍ രൂപമെടുക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന, ഒരു നീണ്ടയാത്രയുടെ മട്ടിലുള്ള ഗാനങ്ങള്‍ എഴുതുക. പ്രോലൈഫ് സന്ദേശം രേഖപ്പെടുത്തുന്ന ഒരു നീണ്ട പ്രഭാഷണത്തെക്കാള്‍ ഈ സിഡിയും അതിലെ ഗാനങ്ങളും  ഏറെ പ്രയോജനം ചെയ്തുവെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്. അബോര്‍ഷന്‍ നടത്തിയതിന്റെ കുറ്റബോധവുമായി ജീവിച്ചവര്‍ക്കെല്ലാം ഈ ഗാനങ്ങള്‍ വലിയ ആശ്വാസവും സമാധാനവും നല്കിയിട്ടുണ്ടത്രെ.

 യേശുവിന്റെ തിരുരക്തത്തെക്കുറിച്ചുള്ള സിഡിയാണ് മറ്റൊന്ന്. ഈ സിഡിയുടെ ഗാനരചനയില്‍ നിരവധിയായ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കുണ്ടായതായും ഇവര്‍ പറയുന്നു. രോഗത്തിന്റെ വിവിധ അവസ്ഥകളിലൂടെ കടന്നുപോയി.  മൂന്നുവര്‍ഷം കൊണ്ടാണ് അതിന്റെ രചന പൂര്‍ത്തിയാക്കിയത്.


 മദര്‍ തെരേസയുടെ വിശുദ്ധ പദപ്രഖ്യാപനത്തോട് അനുബന്ധിച്ച് മദര്‍ തെരേസയെക്കുറിച്ചുള്ള ഗാനം രചിക്കാനും തോമസിന് അവസരം ലഭിച്ചു. 
കേരളത്തില്‍ എത്രയോ ഗാനരചയിതാക്കളുണ്ട്. എന്നിട്ടും ആ ഗാനം രചിക്കാന്‍ ദൈവം എന്നെയാണ് തിരഞ്ഞെടുത്തത്. തോമസ് നന്ദിയോടെ സ്മരിക്കുന്നു. മാര്‍പാപ്പയുടെ കയ്യില്‍ നേരിട്ട് എത്തിയ ആദ്യത്തെ മലയാളം സിഡി എന്ന ഖ്യാതി കൂടിയുണ്ട് ഈ സിഡിക്ക്. കേരള സഭ വിശ്വാസവര്‍ഷം, കരുണയുടെ വര്‍ഷം, സമര്‍പ്പിത വര്‍ഷം തുടങ്ങിയവ ആഘോഷിച്ചപ്പോള്‍ തീം സോംങ് ചെയ്യാന്‍ ദൈവം തിരഞ്ഞെടുത്തതും ഇവരെയായിരുന്നു.


 ഓരോ വര്‍ഷവും ഇവര്‍ ഓരോ സിഡി പുറത്തിറക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞവര്‍ഷം അങ്ങനെയൊരു സംരംഭം നടന്നില്ല. കാരണം സിഡിക്കുവേണ്ടി കരുതിവച്ച പണം കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസമായി ഭവനരഹിതര്‍ക്ക് വീടു നിര്‍മ്മിച്ച് നല്കുന്നതിനായി നീക്കിവയ്ക്കുകയാണ് ചെയ്തത്. 

സിഡി നിര്‍മ്മാണം ഒരിക്കലും ഇവര്‍ക്ക്  പ്രശസ്തിക്കോ പണത്തിനോ വേണ്ടിയുള്ള മാര്‍ഗ്ഗമല്ല. സിഡി നിര്‍മ്മിച്ച് പ്രമുഖരായ മാധ്യമങ്ങളെ വില്പനയ്ക്കായി ഏല്പിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അങ്ങനെ വിറ്റുകിട്ടുന്ന തുക ഇവര്‍ കൈപ്പറ്റാറുമില്ല. സുവിശേഷവേലയ്ക്കായി  വിതരണക്കാര്‍ക്ക് തന്നെ നല്കുകയാണ് ചെയ്യുന്നത്.
ദാമ്പത്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ദൈവകൃപയുള്ള കൗണ്‍സിലേഴ്‌സു കൂടിയാണ് ഈ ദമ്പതികള്‍. തങ്ങള്‍ക്ക് ദൈവം നല്കിയ സവിശേഷമായ താലന്തു ഉപയോഗിച്ച് പല ദമ്പതികളുടെയും കുടുംബജീവിതത്തിന് പ്രകാശമേകാനും ദാന്പത്യപ്രശ്നങ്ങള്‍ പരിഹരിക്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
 

ദൈവം നല്കുന്ന ഇവരുടെ അടുത്തപാട്ടുകള്‍ക്കായി നമുക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കാം. ആ വരികള്‍ നമ്മെ സ്‌നാനപ്പെടുത്തുകയും കൂടുതല്‍ ശുദ്ധീകരിക്കുകയും ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. ഇവരിലൂടെ ദൈവം നല്കിയ എല്ലാ നന്മകളെയുമോര്‍ത്ത് നമുക്ക് ദൈവത്തെ സ്തുതിക്കുകയും ചെയ്യാം.

വിനായക് നിര്‍മ്മല്‍

http://godsmusicforyou.com/