സ്റ്റോപ്പ്, ലുക്ക്, പ്രൊസീഡ്

0
Stop, look and proceed
ആളില്ലാത്ത റെയിൽവേ ഗേറ്റുകളിൽ എഴുതിവച്ചിരിക്കുന്ന ഒരു അറിയിപ്പാണിത്. വാഹനങ്ങളിൽ നിന്ന് ഇറങ്ങിവന്ന് ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പു വരുത്തിയത്തിനു ശേഷം മാത്രം യാത്ര തുടരുക എന്നാണർത്ഥം. 2018 ന്റെ അവസാന മണിക്കൂറുകളിൽ 2019 നെ വരവേൽക്കാനായി നമ്മൾ ഒരുങ്ങുമ്പോൾ ഈ മൂന്ന് വാക്കുകൾ ഏറ്റവും പ്രസക്തമാണെന്നു തോന്നുന്നു.
Stop: തൽക്കാലത്തേക്ക് നമുക്ക് ഒന്ന് നിൽക്കാം. ഓട്ടവും പാച്ചിലും അല്പസമയത്തേക്കെങ്കിലും അവസാനിപ്പിക്കാം. ഒരിക്കലും നിലക്കാത്ത യന്ത്രങ്ങൾ പോലെ എത്രയോ നാളുകളായി നമ്മൾ ഓടുന്നു. ചുറ്റുവട്ടങ്ങളിൽ സംഭവിക്കുന്നതൊന്നും ശ്രദ്ധിക്കാൻപോലുമാകാതെ എന്തിലൊക്കെയോ ദൃഷ്ടിയുടക്കിപ്പോയ നമുക്ക് അല്പം ശാന്തമാകാം.
Look: ഒരു നോട്ടം, അതിലുപരി ഒരു തിരിഞ്ഞുനോട്ടം നമുക്കാവശ്യമില്ലേ? ഇതുവരെയുള്ള നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്കും ദൈവത്തിനും നമുക്ക് തന്നെയും സ്വീകാര്യമല്ലാത്ത പലതും നമുക്ക് ഇനിയെങ്കിലും വേണ്ട എന്ന് വച്ചുകൂടെ? അല്പംകൂടിയൊക്കെ ശ്രദ്ധയും സ്നേഹവും നമ്മോടും ചുറ്റുമുള്ളവരോടും പുലർത്തിക്കൂടെ? ആത്മീയ കാര്യങ്ങളിലെ പഴയ നല്ലതീരുമാനങ്ങൾ വീണ്ടെടുത്തുകൂടെ? ഒരുമിച്ചുള്ള കുടുംബപ്രാർത്ഥന, വ്യക്തിപരമായ ജപമാല, ബൈബിൾ വായന, ഉപവാസം, ത്യാഗങ്ങൾ, കുമ്പസാരം, ആത്മീയ വായനകൾ, ദാനധർമ്മം ഇതിലൊക്കെ അല്പംകൂടി മനസ്സുവച്ചുകൂടെ?
Proceed: നല്ലൊരു പ്രോഗ്രസ്സ് കാർഡ് ഒരുപക്ഷേ നമുക്ക് 2018നെ കുറിച്ച് ഇല്ലായിരിക്കാം. സാരമില്ലെന്നേ. ഇത്രയൊക്കെ ചെയ്യുവാൻ നമുക്ക് കഴിഞ്ഞില്ലേ? അതുമതി. അല്പം കൂടി ശ്രദ്ധിച്ചാൽ നമുക്കിനിയും കൂടുതൽ നന്മകൾ ചെയ്യാൻ സാധിക്കും. വീഴ്ചയും താഴ്ചയും ഒക്കെ മുന്നേറുന്നതിന്റെ ഭാഗമാണ്. നിശ്ചലമായി നിൽക്കുന്നവർ വീഴുകയോ, മുങ്ങുകയോ ഇല്ല. നമ്മൾ വീണതും മുങ്ങിയതും മുന്നേറാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ലക്ഷ്യത്തിലേക്ക് മാത്രം കണ്ണുകൾ ഉറപ്പിച്ച് നമുക്ക് മുന്നേറാം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ…
ശുഭരാത്രി.
Fr. Sijo Kannampuzha OM