പത്താംക്ലാസ്സുകാരന് അരുണിന്റെ ചോദ്യമാണിത്: പരീക്ഷയില്‍ ജയിക്കാന്‍ പഠിക്കണോ പ്രാര്‍ത്ഥിക്കണോ?
നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അരുണിന്റെ അമ്മ പറഞ്ഞു: രണ്ടും വേണം. അതിനുള്ള കാരണവും വിശദീകരിച്ചു.
പഠിക്കാതെ പരീക്ഷയില്‍ ജയിക്കാമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. പഠിക്കാതെ ശരിയായ ഉത്തരം എഴുതാനും മാര്ക്കുവാങ്ങാനും ആവില്ലല്ലോ. അങ്ങനെയെങ്കില്‍ പ്രാര്‍ത്ഥിക്കുന്നതോ?
എത്ര നന്നായി പഠിച്ചൊരുങ്ങിയാലും ശരിയായി പരീക്ഷയെഴുതാന്‍ ദൈവാനുഗ്രഹം കൂടിയേ തീരൂ. അതിനായിട്ടാണ് പ്രാര്‍ത്ഥിക്കേണ്ടത്. പലതരം തടസങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാം. അതു പരീക്ഷയെ ബാധിച്ചേക്കാം. പെട്ടെന്ന് പനിയോ മറ്റ് അസുഖമോ ബാധിച്ചാല്‍ പരീക്ഷയ്ക്ക് പോകാന്‍ കഴിയാതെ വന്നേക്കാം. പോയാല്‍ത്തന്നെ വാഹനക്കുരുക്കിലോ മറ്റോ പെട്ടാല്‍ സമയത്ത് പരീക്ഷാഹാളില്‍ കയറാന്‍ കഴിയാതെ വരാം. അഥവാ കയറിയാലും ഉത്തരമെഴുതാന്‍ സമയം തികയാതെയും വരാം. പരീക്ഷാസമയത്ത് തലവേദനയോ മറ്റോ തോന്നിയാല്‍ തൃപ്തികരമായി പരീക്ഷയെഴുതാന്‍ കഴിയാതെ പോയേക്കാം.
അരുണിന്റെ അമ്മ പറഞ്ഞത് വാസ്തവമല്ലേ? പഠിച്ചത്, കൃത്യമായി ഓര്‍മ്മിക്കാനും ശരിയായി ഉത്തരക്കടലാസില്‍ എഴുതിവയ്ക്കാനും സാധിക്കുന്നത് നിങ്ങളുടെ പരിശ്രമം കൊണ്ടു മാത്രമല്ല, ദൈവകൃപകൊണ്ടു കൂടിയാണ്. അതിനാല്‍ സാഹചര്യങ്ങള്‍ അനുകൂലമായി വരാന്‍ വേണ്ടി ആഗ്രഹിക്കണം, പ്രാര്‍ത്ഥിക്കണം.
ഉത്തരക്കടലാസ് പരിശോധിക്കുന്നവര്ക്കുവേണ്ടിയും അതു കൈകാര്യം ചെയ്യുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. കാരണം, പരീക്ഷാപ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും ദൈവാനുഗ്രഹം നിറയുമ്പോഴാണ് വിജയംനിങ്ങളിലേക്ക് ഒഴുകിയെത്തുന്നത് എന്നു മറക്കാതിരിക്കാം.
ഷാജി മാലിപ്പാറ