ദൈവത്തിന്റെ ദുരൂഹരഹസ്യങ്ങള്‍ ഗ്രഹിക്കാന്‍ നിനക്ക് കഴിയുമോ? സര്‍വ്വശക്തന്റെ സീമ നിര്‍ണ്ണയിക്കാന്‍ നിനക്ക് സാധിക്കുമോ?( ജോബ് 11;7)
ദൈവനീതിക്ക് കീഴടങ്ങുക എന്നത് തന്നെ ഒരു ബലിയര്‍പ്പണമാണ്. എന്തുകൊണ്ട് എന്നോ എങ്ങനെ എന്നോ സംശയിക്കാതെ ദൈവമേ ഇതാ ഞാന്‍ എന്ന മട്ടില്‍ സ്വയം ദൈവഹിതത്തിന് കീഴടങ്ങുക.
മറിയം എന്ന സാധാരണക്കാരിയെങ്ങനെയാണ് ദൈവത്തെ അതിശയിപ്പിച്ചവളും എല്ലാ ലോകത്തിന്റെയും മാതൃകയുമായി മാറിയത് എന്ന് വെറുതെയൊന്നാലോചിക്കുക. അവള് എല്ലാം ദൈവത്തിന് സമര്‍പ്പിച്ചു, ദൈവഹിതത്തിന് കീഴടങ്ങി. നാളെ എന്തു സംഭവിക്കുമെന്ന് അവള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. അപമാനങ്ങളെയും തിരസ്ക്കരണങ്ങളെയും അവഗണനകളെയും വേദനകളെയും ഓര്‍ത്ത് അവള് തെല്ലും വ്യാകുലയായതുമില്ല. പക്ഷേ ഒന്നുമാത്രം മറിയം പറഞ്ഞു, ഇതാ ദൈവത്തിന്റെ ദാസി, നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ.
ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളായിരിക്കണമെന്നില്ല, നാം ആഗ്രഹിക്കുന്നതുപോലെയുമല്ല കാര്യങ്ങള്‍. പക്ഷേ അവയോട് നാം എങ്ങനെ പ്രതികരിക്കുന്നു, എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. കാരണം നമുക്കറിയില്ല ദൈവത്തിന് എന്താണ് പദ്ധതിയെന്ന്. ദൈവവത്തിന്റെ ദുരൂഹരഹസ്യങ്ങള്‍ ഗ്രഹിക്കാന്‍ മാത്രം സിദ്ധിലഭിച്ചവരുമല്ല നമ്മള്. സര്‍വ്വശക്തന്റെ സീമ നിര്‍ണ്ണയിക്കാന്‍ നിസ്സാരരായ നമുക്ക് കഴിയുകയുമില്ല.
ദൈവമേ ഇന്നേ ദിവസം എന്റെ ജീവിതത്തില്‍ എനിക്ക് സംഭവിക്കുന്നതെല്ലാം നിന്റെ ഹിതമാണെന്ന് തിരിച്ചറിയാനും എനിക്കിഷ്ടമില്ലാത്തതുകൂടിയാണ് അവയെങ്കിലും ചോദ്യം ചെയ്യാതിരിക്കാനുമുള്ള കഴിവ് എനിക്ക് നല്കിയാലും.
ദൈവഹിതത്തിന് പൂര്‍ണ്ണമായും ഈ ദിവസത്തെ സമര്‍പ്പിച്ചുകൊണ്ട്
സ്നേഹാദരങ്ങളോടെ
വിഎന്‍